ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ 32 മരണം. 73 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. മൂന്ന് വർഷത്തിനിടെ ബാഗ്ദാദിലുണ്ടായ ഏറ്റവും ഭയാനകമായ ആക്രമണമാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇറാക്കിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവരികയായിരുന്നു.
ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.
ഒരു വർഷത്തോളം നീണ്ട കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം മാർക്കറ്റ് പൂർണമായും പ്രവർത്തനം ആരംഭിച്ചത് സമീപകാലത്താണ്.
മാർക്കറ്റിലെത്തിയ ചാവേർ തനിയ്ക്ക് സുഖമില്ലെന്ന് ജനങ്ങളോട് പറഞ്ഞു. ജനങ്ങൾ സമീപം എത്തിയപ്പോൾ ഇയാൾ സ്വയം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് ശേഷം അപകടത്തിൽപ്പെട്ടവരുടെ ചുറ്റും കൂടിയവരുടെ സമീപത്തായി വീണ്ടും ചാവേർ ആക്രമണം നടന്നു. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോൾ രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.