ambergris

ബാങ്കോക്ക്: ഭാഗ്യം ചിലപ്പോൾ ഛർദ്ദിയുടെ രൂപത്തിലും തേടിവരാം. തായ്‌‍ലൻഡ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ചാലേംചായ് മഹാപൻ എന്ന 20കാരൻ യുവാവിന് ഭാഗ്യം ലഭിച്ചത് തിമിംഗല ഛർദ്ദിയുടെ രൂപത്തിലാണ്. മത്സ്യബന്ധനം നടത്തുകയായിരുന്നു മഹാപൻ കാലാവസ്ഥ മോശമായതിനെ തുടർന്ന് ജോലി മതിയാക്കി മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് ഒരു വിചിത്ര വസ്തു വലയിൽ കുടുങ്ങിയത്. 7 കിലോഗ്രാമോളം ഭാരം വരുന്ന വസ്തു പാറക്കഷണമാണെന്നാണ് മഹാപൻ ആദ്യം കരുതിയത്. എന്നാൽ കയ്യിലെടുത്തപ്പോൾ പ്രത്യേകത തോന്നിയതിനാൽ ബോട്ടിൽ‍ സൂക്ഷിച്ചു. തിംമിഗലത്തിന്റെ ഛർദ്ദിയായ ആമ്പർഗ്രിസിനെക്കുറിച്ച് മഹാപന് അറിയില്ലായിരുന്നു. മുതിർന്നവർ പറഞ്ഞു തന്നപ്പോഴാണ് ഇതിന്റെ മൂല്യം മഹാപന് മനസിലായത്.

തുടർന്ന്, ലബോറട്ടറിയിൽ ഇതിന്റെ സാമ്പിൾ പരിശോധനയ്ക്ക് നൽകി കിട്ടിയത് ആമ്പർഗ്രിസ് തന്നെയെന്ന് ഉറപ്പിച്ചു. 1.7 കോടി രൂപയാണ് മഹാപന് കിട്ടിയ ആമ്പർഗ്രിസിന് വിപണിയിൽ ലഭിക്കുക. എന്നാൽ ഇത് ഇടനിലക്കാർ മുഖേന രാജ്യാന്തര വിപണിയിൽ വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നെതന്ന് മഹാപൻ പറഞ്ഞു.

കഴിഞ്ഞ മാസം തായ്‌ലൻഡിലെ മറ്റൊരു മത്സ്യത്തൊഴിലാളിക്കും ആമ്പർഗ്രിസ് ലഭിച്ചിരുന്നു. നർഗിസ് സുവന്നാസാംഗ് എന്ന 60 കാരനായ മത്സ്യതൊഴിലാളിക്ക് ഏകദേശം 23 കോടി 52 ലക്ഷത്തിലധികം രൂപ വിലവരുന്ന ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആമ്പർഗ്രിസാണ് ലഭിച്ചത്.

 ഒഴുകുന്ന സ്വർണം അഥവാ കടലിലെ നിധി

തിമിംഗല ഛർദ്ദിയായ ആമ്പർഗ്രിസിനെ കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന ഖരരൂപത്തിലുള്ള മെഴുകുപോലുള്ള വസ്തുവാണിത്. . തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. സ്വർണത്തോളം വിലമതിക്കുന്ന ഈ വസ്തു പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുമ്പോൾ ദീർഘനേരം സുഗന്ധം നിലനിൽക്കാൻ ഈ വസ്തു സഹായിക്കും.