തിരുവനന്തപുരം : താത്കാലിക ജീവനക്കാരൻ ഓഫീസിൽവച്ച് തെറിവിളിച്ചതിനെതിരെ പരാതി നൽകിയ ജീവനക്കാരിയെ സ്ഥലം മാറ്റി ശിക്ഷിക്കാനുള്ള ഉന്നതല നീക്കം സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വിവാദമായി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ജീവനക്കാരിയെ സ്ഥലം മാറ്റണമെന്ന് പ്രസിഡന്റ് ആവശ്യമുയർത്തിയെങ്കിലും പരാതിക്കാരിക്കെതിരെ നടപടിയെടുക്കുന്നത് കൗൺസിലിനെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി എതിർത്തു. പരാതിക്കാരിയെ മാനസികമായി തളർത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കിൽ പ്രത്യക്ഷസമരരംഗത്തേക്ക് വരുമെന്ന മുന്നറിയിപ്പുമായി ജീവനക്കാരുടെ സംഘടനയും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം തനിക്ക് അപമാനം നേരിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് ജീവനക്കാരി മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ തുടർന്നും ജോലി ചെയ്യണമെങ്കിൽ പരാതിയിൽനിന്ന് പിന്മാറണമെന്ന് കൗൺസിൽ പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടതായും തന്റെ പരാതി പൊലീസിലേക്ക് കൈമാറാതെ ആരോപണവിധേയന് മെമ്മോ നൽകി ഒതുക്കാനുള്ള ഗൂഡാലോചന നടക്കുന്നതായും ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.ഒരു സ്ത്രീയോട് മോശം പെരുമാറ്റമുണ്ടായിട്ടും നടപടിയെടുക്കാത്ത കൗൺസിലിന്റെ നിലപാടിൽ പാർട്ടിക്കുള്ളിലും അമർഷമുണ്ട്.
ഒരാഴ്ച മുമ്പാണ് സഹപ്രവർത്തകരുടെ മുന്നിൽവച്ച് സ്ഥിരജീവനക്കാരിയെ താത്കാലിക ജീവനക്കാരൻ തെറിവിളിച്ചത്.പ്രസിഡന്റ് വന്നപ്പോൾ എഴുന്നേറ്റുനിന്ന് ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നത്രേ തെറിയഭിഷേകം. ജീവനക്കാരി സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും പരാതി നൽകി.
നിരവധി വനിതകൾ ജോലിചെയ്യുന്ന കൗൺസിലിൽ വനിതകൾക്ക് നേരേയുള്ള അതിക്രമം തടയാനുള്ള സമിതി ഇതേവരെ രൂപീകരിച്ചിട്ടില്ലാത്തതും ചർച്ചയായിട്ടുണ്ട്. ജീവനക്കാർക്കും വനിതാ കായികതാരങ്ങൾക്കുമെതിരായ അതിക്രമങ്ങളുടെ പേരിൽ പരാതി നൽകുന്നവരെ സ്ഥലം മാറ്റുകയും പരാതി ഒതുക്കിത്തീർക്കുകയുമാണ് കൗൺസിൽ ചെയ്തിരുന്നതെന്ന് ജീവനക്കാർ തന്നെ പറയുന്നു. കൊവിഡ് ട്രിപ്പിൾ ലോക്ക്ഡൗൺ സമയത്ത് പത്തോളംപേരെയാണ് ഒറ്റയടിക്ക് തിരുവനന്തപുരം ഓഫീസിൽ നിന്ന് സ്ഥലം മാറ്റിയത്.