മലപ്പുറം പാണ്ടിക്കാട്ട് പോക്സോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അദ്ധ്യാപിക ഡോ. അനുജ ജോസഫ്. ലൈംഗിക സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും മറ്റും മുറവിളി കൂട്ടുന്നവർ എന്തുകൊണ്ട് ഇത്തരത്തിലുള്ള സംഭവങ്ങൾ കാണാതെ പോകുന്നു എന്നാണ് അദ്ധ്യാപിക തന്റെ സോഷ്യൽമീഡിയാ കുറിപ്പ് വഴി ചോദിക്കുന്നതെന്നാണ് അദ്ധ്യാപിക ചോദിക്കുന്നത്. ഭയമില്ലാതെ ശരീരവും മനസ്സും നമ്മുടേതാക്കി ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ ഉയരട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് അനുജ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വണ്ടൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലും എസ്‌ഐ അബ്ദുൽ റഷീദും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17 വയസ്സുകാരി സർക്കാരിന്റെ അഭയ കേന്ദ്രത്തിൽനിന്നു വീട്ടിലേക്കു മടങ്ങിയശേഷം അഞ്ച് തവണ പീഡിപ്പിക്കപ്പെട്ടതായി ജില്ലാ ശിശുക്ഷേമ സമിതിക്കു മൊഴി നൽകിയതിനെ തുടർന്നാണ് നടപടി. കേസിൽ 44 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ 21 പേരെ അറസ്‌റ്റ് ചെയ്തിരുന്നു.
കുറിപ്പ് ചുവടെ:
'Freedom, freedom എന്നു നാഴികയ്ക്ക് നാൽപതു വട്ടവും പറയുന്ന സമൂഹമേ ലജ്ജിച്ചു തല താഴ്ത്തുക. സത്യത്തിൽ എന്തിനുള്ള freedom ആണ് നമുക്ക് വേണ്ടത്. അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട sexual freedom ഒന്നു കൊണ്ടു മാത്രം ഈ സമൂഹം നന്നാകുമോ?
സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായി കാണുന്നവരാണ് ഈ നാടിന്റെ ശാപമെന്നതിൽ തർക്കമില്ല. മലപ്പുറം പാണ്ടിക്കാട് ഭാഗത്തു പോക്സോ കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടി വീണ്ടും വീണ്ടും പീഡനത്തിനിരയായ സംഭവം സംസ്‍കാരിക കേരളത്തിന് അപമാനമാണ്.
തുല്യതയ്ക്കും, സ്വാതന്ത്ര്യത്തിനും മുറവിളി കൂട്ടി,ഫോർപ്ലേയും ഡിസ്പ്ലേയും ചർച്ച ചെയ്തിരിക്കുന്ന ഞാനുൾപ്പെട്ട സമൂഹമേ ഇതൊന്നും കാണുന്നില്ലേ? വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തു സുരക്ഷയാണ്, freedom ആണ് നമ്മൾ ഉറപ്പു വരുത്തുന്നത്.
മലപ്പുറത്ത്, 2016ൽ ശിശുസംരക്ഷണ സമിതി പീഡന വിധേയയായ 13കാരിയെ വീട്ടുകാരോടൊപ്പം അയക്കുന്നു, തുടർന്നും ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയക്കുന്നു, 2020ൽ 29പേർ കൂടി ആ കുട്ടിയെ പീഡിപ്പിക്കുന്നു.
ഈ സംഭവത്തിൽ ആരാണ് കുറ്റക്കാർ? ആ കുട്ടിക്ക് സംരക്ഷണം നൽകേണ്ട വീട്ടുകാരുൾപ്പെടെ ഇതിൽ പ്രതികൾ ആണ്.
ഒരു പ്രാവശ്യം വീട്ടുകാരോടൊപ്പം പറഞ്ഞയച്ച കുട്ടി തുടർന്നും ഇരയാക്കപ്പെട്ടപ്പോൾ അവളുടെ വീട്ടിൽ അവൾ സുരക്ഷിത അല്ല തിരിച്ചറിയാൻ കഴിയാത്ത ശിശു സംരക്ഷണം അവകാശപ്പെടുന്നവർ രാജി വച്ചു വീട്ടിൽ പോയിരിക്കൂ.
വീട്ടുകാർ അറിഞ്ഞു കൊണ്ടുള്ള പീഡനമാണെങ്കിൽ അവരും ശിക്ഷിക്കപ്പെടണം, അങ്ങനെ ആണെങ്കിൽ എന്തായിരിക്കും ആ പെൺകുട്ടിയുടെ മാനസികാവസ്ഥ?
ആകെ തകിടം മറിഞ്ഞ അവളെ നല്ലൊരു കൗൺസിലിങ് നു വിധേയമാക്കുക, സുരക്ഷ ഉറപ്പു വരുത്തുന്ന മറ്റെവിടേക്കെങ്കിലും മാറ്റുക. ഭയമില്ലാതെ ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകണം. നമ്മുടെ ചുറ്റുപാടുമൊന്നു കണ്ണോടിക്കുക, എനിക്കോ നിങ്ങൾക്കോ ഒരാളെ എങ്കിലും രക്ഷപ്പെടുത്താൻ കഴിയുമെങ്കിൽ അത്രയും നല്ലത്. അനാരോഗ്യകരമായ സാഹചര്യങ്ങളിൽ വളരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി ഒരു shelter കൊടുക്കാനായാൽ നല്ലത്.
കുഞ്ഞുങ്ങളുടെ ശരീരത്തെ പോലും വെറുതെ വിടാത്ത ജന്തുക്കളെ ശിക്ഷിക്കാൻ സമൂഹം ഒറ്റകെട്ടായി നിൽക്കുക.
ഒരു ഭയവും ഇല്ലാതെ ശരീരവും മനസ്സും നമ്മുടേതാക്കി ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ ഉയരട്ടെ. നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ ഭയമല്ല, പുഞ്ചിരി നിറയട്ടെ. ഹൃദയങ്ങളിൽ പ്രതീക്ഷകളും.'