സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും ഹോം ലോണും മറ്റും എടുത്തൊക്കെയാണ് വീട് പണിക്കിറങ്ങുക. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ കീശ ചോരാതെ വീട് പണിയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനാവും..
വീടുപണിക്കു മുമ്പേ ബഡ്‌ജറ്റിനെക്കുറിച്ച് തീരുമാനമുണ്ടാക്കണം.. എത്ര തുക വരെ ചെലവാകുന്ന വീടായിരിക്കണം നിർമ്മിക്കേണ്ടത് എന്നതിൽ കൃത്യമായ ധാരണ ഉണ്ടായിരിക്കണം.. മൊത്തം എത്ര തുക വീടുപണിക്കായി ചെലവാക്കാം, എങ്ങനെ, എപ്പോൾ ലഭ്യമാക്കാം എന്നിവയ്ക്കനുസരിച്ചു മാത്രമേ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയും തുടർന്നു പോവുകയും ചെയ്യാവൂ.
വീടിന്റെ പ്ലാൻ അന്തിമമായി തയ്യാറായതിന് ശേഷമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ... പ്ലാനിൽ പൂർണതൃപ്തി വരുന്നത് വരെ മാറ്റങ്ങൾ വരുത്താം. പണി തുടങ്ങിയതിനു ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുകയാണ് ഉചിതം. പരിചയസമ്പന്നനായ ആർക്കിടെക്ടിനെയോ എൻജിനീയറെയോ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കാം.
വിശദമായ കെട്ടിടനിർമാണത്തിന്റെ എസ്റ്റിമേറ്റും എൻജിനീയറുടെ/ ആർക്കിടെക്ടിന്റെ കൈയിൽ നിന്നും വാങ്ങണം. വീടിന്റെ നിർമാണച്ചെലവിനോടൊപ്പം ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്, സ്റ്റോർ, മറ്റ് ലാൻഡ്സ്‌കേപ്പിംഗ് എന്നിവയ്ക്കുള്ള വിശദമായ ചെലവ് കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
വീടു പണിയാനിറങ്ങുമ്പോൾ ഒരു കണക്കുപുസ്തകം സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. വീടുപണിയുടെ ആദ്യദിനം മുതൽ അതതു ദിവസത്തെ ചെലവുകൾ എഴുതിയിടാൻ മറക്കരുത്.
വീടുപണിക്കിടയിൽ തടസങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതു മുൻകൂട്ടികണ്ട്, ഒരോ ദിവസത്തെയും ജോലികൾ, ഏതു ജോലി കഴിഞ്ഞാൽ ഏതൊക്കെ പണികൾ ആരംഭിക്കാം, ഏതൊക്കെ പണികൾ ഒരുമിച്ചു നടത്താം എന്നുമൊക്കെ കൃത്യമായി പ്ലാൻ ചെയ്തു വയ്ക്കണം. അപ്പോൾ ഒരോ ഘട്ടത്തിലും എത്ര രൂപ കൈയിൽ വയ്ക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. സമയബന്ധിതമായി പണി തീരുന്നുണ്ടോ ഇല്ലയോ എന്നും മനസിലാക്കാം.