കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ചാണ്. ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്ന് മാറ്റിയതാണ് ചർച്ചയ്ക്ക് വഴി വച്ചത്. പേരിന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്ന് മാറ്റിയത്. താമരയുമായി സാമ്യമുള്ളതിനാലാണ് ഈ പേര് നൽകുന്നതെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്.
എന്നാൽ ഡ്രാഗൺ ഫ്രൂട്ട് ആള് നിസാരക്കാരനല്ല. കേരളത്തിൽ അത്ര വ്യാപകമായി കാണാത്ത പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ, ഏറെ ഗുണഗണങ്ങൾ ഈ ഫലത്തിനുണ്ട്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണുന്ന 'ഹൈലോസീറസ്' എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോൾ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. കറുത്ത വിത്തുകളുള്ള മാംസളമായ വെളുത്ത ഭാഗമാണ് ഇത്. ഒരു ചെടിയിൽനിന്ന് എട്ടു മുതൽ 10 വരെ പഴങ്ങൾ ലഭിക്കും.
സാധാരണ പഴങ്ങൾ കഴിക്കാത്ത പ്രമേഹരോഗികൾക്കും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം. കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാലാണിത്. വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, അയേൺ, മഗ്നീഷ്യം എന്നിവ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, അയൺ എന്നിവയുടെ സാന്നിധ്യം വിളർച്ചയെ പ്രതിരോധിക്കും. മഗ്‌നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും.. കൊളസ്‌ട്രോളും അമിതഭാരവും കുറയ്ക്കുകയും ഹൃദയത്തിനു സംരക്ഷണം നൽകുകയും ചെയ്യും.. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഈ പഴം സഹായിക്കും. കാർബോഹൈഡ്രേറ്റിന്റെ സാന്നിദ്ധ്യവും ഡ്രാഗൺ ഫ്രൂട്ടിലുണ്ട്.
ഫൈബറിന്റെ സാന്നിധ്യം ധാരാളം ഉള്ളതിനാൽ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാൻ ഈ പഴം സഹായിക്കും. അമിത ശരീരഭാരത്തെ പ്രതിരോധിക്കാൻ സാധിക്കും. വൻ കുടൽ അർബുദത്തെ പ്രതിരോധിക്കാനും സാധിക്കും. ശരീരത്തിൽ നല്ല ബാക്ടീരിയയുടെ അളവ് വർധിപ്പിക്കും. വിറ്റാമിൻ സിയുടെ അളവ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും..