farmers

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. പതിനൊന്നാം വട്ടമാണ് സർക്കാരും കർഷകരും തമ്മിൽ ചർച്ച നടത്തുന്നത്. ഡൽഹി വിഗ്യാൻ ഭവനിൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്കാണ് ചർച്ച നിശ്‌ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തിൽ കർഷകർ അറിയിക്കും. വിഷയം പഠിക്കുന്നതിന് സർക്കാരിന്റേയും കർഷകരുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിർത്തുമെന്നുമായിരുന്നു സർക്കാരിന്റെ നിർദ്ദേശം.

കർഷക സമരത്തിന് ബഹുജന പിന്തുണ വർദ്ധിക്കുന്നതായാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. സമരം ശക്തമായി തുടരാനും തീരുമാനിച്ചിട്ടുണ്ട്. കാർഷിക നിയമം ഭേദഗതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലി സംബന്ധിച്ച് ഡൽഹി പൊലീസ് കർഷക സംഘടനകളുമായി ചർച്ച നടത്തി. റാലി നടത്താൻ ഡൽഹി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും കർഷക സംഘടനകൾ വഴങ്ങിയില്ല. ട്രാക്‌ടർ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഇതിനിടെ കാർഷിക നിയമത്തെ പിന്തുണയ്ക്കുന്ന കർഷകരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി ഓൺലൈൻ ചർച്ച നടത്തി.