തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മുപ്പത്തിയേഴാം വാർഡിൽ എൽ ഡി എഫിന് അട്ടിമറി വിജയം. 64 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രൻ റഫീഖ് മരയ്‌ക്കാർ വിജയിച്ചത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിച്ചിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥി റഫീഖ് മരയ്‌ക്കാറിന് 308 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി എസ് സമീലിന് 244 വോട്ടാണ് ലഭിച്ചത്. യു ഡി എഫിന്റെ വിമത സ്ഥാനാർത്ഥിയായ ഷിബു സിദ്ദിഖ് 207 വോട്ടാണ് നേടിയത്. കളമശേരി മുൻസിപ്പാലിറ്റിയിൽ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യു ഡി എഫിന് ഭരണം ലഭിച്ചത്. മുൻസിപ്പൽ വാർഡിൽ വിജയിച്ചാൽ, ഭരണം സുഗമമായി കൊണ്ടു പോകാനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ. യു ഡി എഫിനെ പുറത്താക്കാനും ഭരണം പിടിക്കാനും എൽ ഡി എഫിനും ജയം അനിവാര്യമായിരുന്നു.
തൃശൂരിലെ പുല്ലഴി വാർഡിലെ വിജയം ഇരുമുന്നണികൾക്കും തൃശൂർ കോർപറേഷനിൽ നിർണായകമാണ്. ഇവിടെ തപാൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ യു ഡി എഫാണ് മുന്നിൽ. പുല്ലഴിയിൽ വിജയിക്കാനായാൽ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. കോൺഗ്രസ് വിമതനായ മേയർ എം കെ വർഗീസ് ഒപ്പമെത്തുമെന്നതും ഭരണം പിടിക്കാനാവുമെന്നതുമാണ് പുല്ലഴി വാർഡിലെ വിജയത്തിലൂടെ യു ഡി എഫ് കണക്കുകൂട്ടുന്നത്. ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ ഏഴിടത്തായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്.