തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മുപ്പത്തിയേഴാം വാർഡിൽ എൽ ഡി എഫിന് അട്ടിമറി വിജയം. 64 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രൻ റഫീഖ് മരയ്‌ക്കാർ വിജയിച്ചത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിച്ചിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥി റഫീഖ് മരയ്‌ക്കാറിന് 308 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി വി എസ് സമീലിന് 244 വോട്ടാണ് ലഭിച്ചത്. യു ഡി എഫിന്റെ വിമത സ്ഥാനാർത്ഥിയായ ഷിബു സിദ്ദിഖ് 207 വോട്ടാണ് നേടിയത്. കളമശേരി മുൻസിപ്പാലിറ്റിയിൽ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യു ഡി എഫിന് ഭരണം ലഭിച്ചത്. മുൻസിപ്പൽ വാർഡിൽ വിജയിച്ചാൽ, ഭരണം സുഗമമായി കൊണ്ടു പോകാനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ. എന്നാൽ അട്ടിമറി വിജയത്തിലൂടെ എൽ ഡി എഫ് യു ഡി എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.
കോൺഗ്രസ് വിമതനെ മേയറാക്കി എൽ ഡി എഫ് ഭരണം പിടിച്ച തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. യു ഡി എഫ് സ്ഥാനാർത്ഥി കെ രാമനാഥൻ ഇവിടെ 1009 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇരുമുന്നണികൾക്കും ഇതോടെ കോർപ്പറേഷനിൽ 24 സീറ്റുകളായി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കോൺഗ്രസ് വിമതൻ എം കെ വർഗീസിനെ മേയറാക്കിയാണ് എൽ ഡി എഫ് ഇവിടെ ഭരണം പിടിച്ചത്. രണ്ട് വർഷത്തേക്ക് മേയറാക്കാം എന്ന വാഗ്ദാനത്തിലായിരുന്നു വർഗീസ് എൽ ഡി എഫിനൊപ്പം നിന്നത്. പുല്ലഴിയിൽ യു ഡി എഫ് അട്ടിമറി വിജയം സ്വന്തമാക്കിയതോടെ വർഗീസിന്റെ നിലപാട് നിർണായകമാവും. അതേസമയം, എൽ ഡി എഫിനൊപ്പം തുടരുമെന്നാണ് എം കെ വർഗീസ് പ്രതകരിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ താത്തൂർപൊയിൽ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് വിജയിച്ചു. ഇവിടെ യു ഡി എഫിലെ കെ സി വാസന്തി 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും യു ഡി എഫ് വിജയിച്ചു. പറമ്പിമുക്ക്, ചോല വാർഡുകളിലാണ് യു ഡി എഫ് വിജയിച്ചത്. പറമ്പിമുക്കിൽ യു ഡി എഫ് സ്ഥാനാർത്ഥി നൗഫൽ 323 വോട്ടുകൾക്ക് വിജയിച്ചു. ചോല വാർഡിൽ അനിൽ കുമാർ 70 വോട്ടുകൾക്കാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തിൽ മാറ്റമുണ്ടാക്കില്ല.
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഏഴാം വാർഡിൽ എൽ ഡി എഫ് വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി രോഹിത് എം പിളള 464 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.