p-c-chacko

ന്യൂഡൽഹി: എൻ സി പിയിൽ ചേരുന്നുവെന്ന പ്രചാരണങ്ങൾ തളളി കോൺഗ്രസ് നേതാവ് പി സി ചാക്കോ. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിലെ മുഖ്യമായ ലക്ഷ്യം കൂടുതൽ പുതുമുഖങ്ങളെ കൊണ്ടുവരണമെന്നുളളതാണ്. കെ വി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ല. തോമസിനെ കെ പി സി സി ഗൗരവമായി പരിഗണിക്കണമായിരുന്നു. കുറച്ചുകൂടി സൗഹാർദപരമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തോട് പെരുമാറാമായിരുന്നുവെന്നും പി സി ചാക്കോ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് പുതിയ ചുമതല നൽകിയത്. മറിച്ചുളള വാർത്തകൾ അതിശയോക്തി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി വേദികളിൽ അടുത്ത കാലത്ത് അത്ര സജീവമല്ലാതിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവായ പി സി ചാക്കോ ശരദ് പവാറിന്റെ ആശീർവാദത്തോടെ എൻ സി പിയിൽ ചേരുന്നുവെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണം. പ്രചാരണങ്ങൾക്കെതിരെ ആദ്യമായാണ് പി സി ചാക്കോ പ്രതികരിച്ചിരിക്കുന്നത്.