oommen-chandy

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉമ്മൻചാണ്ടിയെ ആദരിക്കാൻ ഭരണപക്ഷത്തിന് ഭയമാണോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. ഒരേ മണ്ഡലത്തിൽ നിന്നും എം എൽ എ ആയി അമ്പത് വർഷം സംസ്ഥാന നിയമസഭയിലെത്തിയ ഉമ്മൻചാണ്ടിയെ ഓർക്കാൻ നിയമസഭ തയ്യാറാകാത്തതാണ് ഇതിന് പിന്നിലെ കാരണം. അദ്ദേഹത്തിന്റെ നിയമസഭ സാമാജികത്വത്തിന്റെ അമ്പതാം വാർഷികം നാട് മുഴുവൻ കൊണ്ടാടിയപ്പോഴാണ് നിയമസഭ ഉമ്മൻചാണ്ടിയെ ഓർക്കാതെ പോകുന്നത്.

ഉമ്മൻചാണ്ടി നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ ശേഷമുളള ആദ്യ നിയമസഭ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിന്നാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് അവസാനിക്കുകയും ചെയ്യും. ഉമ്മൻചാണ്ടിക്ക് മുമ്പ് ഈ റെക്കോർഡിന് അർഹനായ കെ എം മാണിയെ ഈ നിയമസഭയുടെ കാലയളവിൽ തന്നെ 2017ൽ അനുമോദിച്ചിരുന്നു. അന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ മാണിയെ പുകഴ്‌ത്താൻ ആരും മറന്നതുമില്ല.

രണ്ട് മുന്നണികളിലും ഇല്ലാതെ കെ എം മാണിയുടെ പാർട്ടി ഒറ്റയ്‌ക്ക് നിൽക്കുന്ന സമയത്തായിരുന്നു മാണിയുടെ ജൂബിലി വർഷം. എങ്ങോട്ട് ചായുമെന്നറിയാതെ നിന്ന മാണിയെ ബി ജെ പി അംഗമായ രാജഗോപാൽ അടക്കം പ്രകീർത്തിച്ചിരുന്നു. മാണി ആദരിക്കപ്പെട്ട നിയമസഭയിൽ, സംസ്ഥാനത്ത് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ മറന്നത് മനപൂർവ്വമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കം പറച്ചിൽ.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉമ്മൻചാണ്ടിയെ പുകഴ്‌ത്താൻ എൽ ഡി എഫ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റേയും യു ഡി എഫിന്റെയും താരപ്രചാരകനായ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി പിണറായി തന്നെ പ്രകീർത്തിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ. വെറുതെ ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ മൈലേജ് കൊടുക്കേണ്ടയെന്നാണ് സി പി എമ്മിലെ യുവ എം എൽ എമാരും പറയുന്നത്. സോളാർ കേസടക്കം വീണ്ടും സജീവമാകാനിരിക്കെ ഉമ്മൻചാണ്ടിയെപ്പറ്റി സഭയിൽ പറയുന്ന ഓരോ വാക്കും ബൂമറാംഗാകും എന്ന് മറ്റാരെക്കാളും നന്നായി പിണറായിക്ക് തന്നെയറിയാം.

കേരള നിയമസഭയിൽ ഉമ്മൻചാണ്ടിയുടെ അമ്പതാം വാർഷികം പരാമർശ വിധേയമാകാത്തത് അദ്ദേഹത്തോടുളള നീതികേടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഉമ്മൻചാണ്ടിയുടെ നേട്ടം നിയമസഭയുമായി ബന്ധപ്പെട്ട ചരിത്രമാണ്. ആ ചരിത്രം നിയമസഭയിലെ നടപടി ക്രമങ്ങളുടെ രേഖകളിലും തീർച്ചയായും ഇടം പിടിക്കേണ്ടതാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക സ്‌മരണിക നിയമസഭ പുറത്തിറക്കുന്നുണ്ട്.