തൃശൂർ:തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തതോടെ കോർപ്പറേഷനിലെ എൽ ഡി എഫ് ഭരണം മേയറുടെ ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലായി. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ പുല്ലഴിയിൽ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്. ഇതോടെ കോർപ്പറേഷൻ ഭരണം പിടിക്കാൻ യു ഡി എഫ് നീക്കം തുടങ്ങി. കോർപ്പറേഷനിൽ എൽ ഡി എഫ് ആയിരുന്നു ഏറ്റവും വലിയ കക്ഷി. 24 സീറ്റുകളാണ് അവർക്ക് ഉണ്ടായിരുന്നത്. യു ഡി എഫിന് ഇരുപത്തിമൂന്ന് സീറ്റുകളും. പുല്ലഴിയിലെ വിജയത്താേടെ യു ഡി എഫിനും 24 സീറ്റായി. ബി ജെ പിക്ക് ആറ് സീറ്റാണുളളത്.
പുല്ലഴി വാർഡുകൂടി കിട്ടിയാൽ കോർപ്പറേഷൻ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എൽ ഡി എഫ്. യു ഡി എഫ് വിജയത്തോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി. നിലവിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശൂർ മേയർ.
താൻ എൽഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും മുന്നണി തന്നോട് അനുഭാവപൂർണ്ണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും എം കെ വർഗീസ് പ്രതികരിച്ചു.
'എന്നെ ആദ്യം സമീപിച്ചത് എൽ ഡി എഫാണ്. ഇടതുപക്ഷവുമായി എഗ്രിമെന്റുകളൊന്നുമില്ല. വാക്കാലുളള കരാർ മാത്രമേ ഉളളൂ. രണ്ടുവർഷക്കാലം ഭരണം നിങ്ങൾക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ മുന്നോട്ടുളള പ്രയാണത്തിന് തടസം വന്നിട്ടില്ല. മുന്നോട്ടുളള പ്രയാണത്തിൽ ഏതെങ്കിലും തരത്തിലുളള തടസം ഉണ്ടായാൽ മാത്രമേ ഇതിൽ നിന്ന് മാറ്റമുളളൂ'- എം കെ വർഗീസ് പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നാണ് പുല്ലഴിയിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.