തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായുളള പീഡനക്കേസിൽ പരാതി നൽകിയ കന്യാസ്‌ത്രീയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ പി.സി ജോർജ് എം.എൽ.എയെ സ്‌പീക്കർ ശാസിച്ചു. നിയമസഭാംഗങ്ങളുടെ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ് പി.സി ജോർജിൽ നിന്നുണ്ടായതെന്ന് സ്‌പീക്കർ പറഞ്ഞു. സഭാംഗങ്ങൾ അന്തസും ധാർമ്മിക മൂല്യവും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്നും സ്‌പീക്കർ വ്യക്തമാക്കി.
എന്നാൽ താൻ അധിക്ഷേപിച്ചത് കന്യാസ്‌ത്രീയെ അല്ലെന്നും സഭയിൽ നിന്ന് പുറത്താക്കിയ ആളെങ്ങനെ കന്യാസ്‌ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു.സ്‌പീക്കറുടെ ശാസന ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായും ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അധിക്ഷേപിച്ച സ്‌ത്രീയ്‌ക്കെതിരെ ശബ്‌ദമുയർത്തുകയാണ് താൻ ചെയ്‌തതെന്നും ഇത്തരം സാഹചര്യമുണ്ടായാൽ ഇനിയും ആവർത്തിക്കുമെന്നുമായിരുന്നു ഇന്നലെ പി.സി ജോർജ് പറഞ്ഞത്.