ajinkya

കംഗാരുരൂപം വച്ച കേക്ക് മുറിക്കാൻ വിസമ്മതിച്ച് അജിങ്ക്യ

മുംബയ് : എതിരാളികളോട് ആക്രോശങ്ങളില്ലാതെയും വിദ്വേഷം കാട്ടാതെയും കളി ജയിപ്പിക്കാമെന്ന് തെളിയിച്ച് ആസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ കളിക്കളത്തിന് പുറത്തും തന്റെ മാന്യത കൈവിടാറില്ല എന്നതിന് മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന് അയൽവാസികൾ നൽകിയ സ്വീകരണത്തിലെ കേക്ക് മുറി ഒഴിവാക്കിയത്.

ആസ്ട്രേലിയയിലെ കിരീട നേട്ടത്തിനു ശേഷം മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയിരുന്നത്. എന്നാൽ അവർ കൊണ്ടുവന്ന കേക്ക് കട്ട് ചെയ്യാൻ താരം തയാറായില്ല. കേക്കിന് മുകളിൽ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക്ക് കട്ട് ചെയ്യാൻ വിസമ്മതിച്ചത്. കത്തിയെടുത്ത് കേക്കിന്റെ മുകളിൽവച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കൾ എന്നു വിളിക്കാറുണ്ട്. ആസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണംകൊണ്ടാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം.

ആസ്ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്. കൊഹ്‌ലിയുടെ അഭാവത്തിൽ മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച രഹാനെ

അഡ്‌ലെയ്ഡിൽ 36 റൺസിന് ആൾഔട്ടായ ടീമിനെയാണ് പരമ്പര നേട്ടത്തിലേക്ക് എത്തിച്ചത്. കളത്തിനകത്തും പുറത്തുമുള്ള പ്രശ്നങ്ങളെ കൂളായി നേരിട്ട അജിങ്ക്യയുടെ ആർജവവും ശ്രദ്ധിക്കപ്പെട്ടു. സിഡ്നിയിൽ കാണികളിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ പ്രതിഷേധിച്ച് കളി നിറുത്താമെന്ന് അമ്പയർമാർ പറഞ്ഞെങ്കിലും തെറിവിളി കേട്ട് മടങ്ങിപ്പോകാൻ വന്നതല്ല, നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കളിച്ചു ജയിച്ചു മറുപടി നൽകുകയാണ് വേണ്ടതെന്നും നിലപാടെടുത്തത് അജിങ്ക്യയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വെളിപ്പെ‌ുത്തിയിരുന്നു. നൂറാം മത്സരം കളിച്ച ഓസീസ് താരം നഥാൻ ലിയോണിന് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്സി സമ്മാനിച്ചതും രഹാനെയുടെ സ്വഭാവവൈശിഷ്ട്യം വിളിച്ചോതുന്നതായിരുന്നു.