ആസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ അശ്വമേധത്തിൽ രാഹുൽ ദ്രാവിഡിനുമുണ്ടൊരു പങ്ക്. വർഷങ്ങൾക്കുമുമ്പേ കളി നിറുത്തിപ്പോയ ദ്രാവിഡും ഇപ്പോഴത്തെ ഇന്ത്യൻ ടീമും തമ്മിലെങ്ങനെ കൂട്ടിക്കെട്ടും എന്നാണ് ചോദ്യമെങ്കിൽ അതിന് വ്യക്തമായ ഉത്തരമുണ്ട്. ദ്രാവിഡ് കളിയേ നിറുത്തിയിട്ടുള്ളൂ; കളിപ്പിക്കുന്നത് നിറുത്തിയിട്ടില്ല എന്നാണ് ആ ഉത്തരം !.
രവി ശാസ്ത്രിയുടെ പ്രചോദനം പകരുന്ന പരിശീലക പദവിയും അജിങ്ക്യ രഹാനെയുടെ അന്തസുറ്റ ക്യാപ്ടൻസിയും ചേതേശ്വർ പുജാരയുടെയും അശ്വിന്റെയും ജഡേജയുടെയും മനക്കരുത്തും പരിചയസമ്പത്തും റിഷഭ് പന്തിന്റെ അക്രമണോത്സുകതയുമൊക്കെ ഇന്ത്യയുടെ അവിശ്വസനീയ വിജയത്തിന് കാരണങ്ങളാണ്. എന്നാൽ മുൻനിര താരങ്ങളോരോന്നും പരിക്കേറ്റു വീണപ്പോൾ പകരം വയ്ക്കാൻ ആളുണ്ടായി എന്നതാണ് പ്രധാനം. മുൻനിരയെയല്ല മൂന്നാം നിരയെയാണ് ഇന്ത്യ അവസാന ടെസ്റ്റിൽ വിന്യസിച്ചതും എന്നോർക്കണം. ഈ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടശേഷം ആസ്ട്രേലിയൻ ടീം മാനേജ്മെന്റിന്റെ ഏറ്റുപറച്ചിൽ ശ്രദ്ധിക്കുക ; ഇന്ത്യയ്ക്ക് ഇത്രയും ശേഷിയുള്ള ഒരു പിൻനിര ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ കഴിയാതെ പോയി.!
ഈ പിൻനിരയെ ഇന്ത്യയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതിലെ പ്രധാനിയാണ് രാഹുൽ ദ്രാവിഡ്. കളിക്കളത്തിൽ നിന്ന് വിരമിച്ചശേഷം വെറുതേ വീട്ടിലിരിക്കുകയോ ക്രിക്കറ്റ് പണ്ഡിറ്റ് വേഷം കെട്ടുകയോ പരസ്യത്തിലഭിനയിക്കുകയോ ആയിരുന്നില്ല ദ്രാവിഡ്. പരിശീലകനായി കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വേണമെങ്കിൽ ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ച് കുപ്പായം ദ്രാവിഡിനെത്തേടിയെത്തുമായിരുന്നു. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്തത് ജൂനിയർ ടീം കോച്ചാവുക എന്നതാണ്.ഭാവിയിലേക്ക് ഒരുപിടി യുവതാരങ്ങളെ വളർത്തിയെടുക്കയാണ് ദ്രാവിഡ് ലക്ഷ്യമിട്ടത്.
ആറുകൊല്ലം മുമ്പാണ് ദ്രാവിഡ് ഇന്ത്യൻ അണ്ടർ-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തത്. ദ്രാവിഡിന്റെ ആദ്യ ബാച്ച് ശിഷ്യരുടെ കൂട്ടത്തിലുള്ളവരാണ് വാഷിംഗ്ടൺ സുന്ദറും റിഷഭ് പന്തും. ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും രണ്ടാം ബാച്ചിലുള്ളവരും. മലയാളിതാരം സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസു മുതൽ ദ്രാവിഡ് നൽകിയ പിന്തുണ ചെറുതല്ല. അണ്ടർ-19,എ ടീമുകൾക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ബി.സി.സി.ഐയെ ചിന്തിപ്പിച്ചത് ദ്രാവിഡാണ്. സ്വദേശത്തും വിദേശത്തും ജൂനിയർ താരങ്ങൾക്ക് കൂടുതൽ മത്സരപരിചയം നൽകണമെന്ന് ദ്രാവിഡ് വാശിപിടിക്കുകയായിരുന്നു പലപ്പോഴും. അതുകൊണ്ടാണ് ഇന്ത്യൻ എ ടീം ദക്ഷിണാഫ്രിക്കയിലേക്കും ആസ്ട്രേലിയയിലേക്കുമൊക്കെ നിരന്തരം പര്യടനം നടത്തിയത്.
2016ലെ എ ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിൽ 33കാരനായ നമാൻ ഓജയെ ഒഴിവാക്കി സഞ്ജുവിനെ ഉൾപ്പെടുത്താൻ ദ്രാവിഡ് നിർബന്ധം കാട്ടിയത് എന്തിന് വേണ്ടിയായിരിക്കണം എന്നതിന്റെ സൂചനയായിരുന്നു. സീനിയർ ടീമിൽ നിന്ന് തഴയപ്പെടുമ്പോൾ ഫോം വീണ്ടെടുത്താനുള്ള ഇടത്താവളമല്ല എ ടീം എന്ന് ദ്രാവിഡ് നിലപാടെടുത്തു. ഭാവി താരങ്ങൾക്ക് മത്സരപരിചയം നൽകി വളർത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ദ്രാവിഡ് പറയുകയും പ്രവർത്തിച്ചുകാട്ടുകയും ചെയ്തു.
എ ടീം അംഗങ്ങളായി സ്വദേശത്തും വിദേശത്തും ഒട്ടേറ പര്യടനങ്ങളുടെ ഭാഗമായവരാണ് ആസ്ട്രേലിയയിൽ ഇന്ത്യയ്ക്കായി തിളങ്ങിയ യുവതാരങ്ങളിലേറെയും. 2010 മുതലുള്ള കണക്കെടുത്താൽ ഇന്ത്യൻ എ ടീം 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് വിദേശ ടീമുകൾക്കെതിരെ കളിച്ചത്. ലോക ക്രിക്കറ്റിൽ മറ്റൊരു രാജ്യത്തിന്റെയും എ ടീമിന് ഇത്രയും മത്സരങ്ങളുടെ പരിചയമില്ല. ഇന്ത്യൻ താരങ്ങളിൽ പേസർ സിറാജാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എ ടീമിനൊപ്പം കളിച്ചത്: 16. സെയ്നി (14), വിഹാരി (12), ഗിൽ (8), പന്ത് (4) എന്നിവരും പിന്നിലല്ല.
പല പര്യടനങ്ങളിലും ക്യാപ്ടനായി തിളങ്ങിയത് അജിൻക്യ രഹാനെയാണ്. ന്യൂസീലൻഡിൽ 2020ലും 2018ലും പര്യടനം നടത്തി. വെസ്റ്റിൻഡീസിനെതിരെയും ടെസ്റ്റ് കളിച്ചു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകളെ ഇന്ത്യയിൽ നേരിട്ടപ്പോൾ ശാർദൂലും നിരയിലുണ്ടായിരുന്നു.
ദ്രാവിഡിന്റെ കയ്യിലൂടെ വളർന്നുവന്നതാരങ്ങളിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ബി.സി.സി.ഐ വിലയിരുത്തുന്നു . അതുകൊണ്ടുതന്നെയാണ് സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായപ്പോൾ ദ്രാവിഡിന് ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ചുമതലയും നൽകിയത്.