പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സി പി ഐ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയും പൊതുപ്രവർത്തകനുമായ ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ശുപാർശ ചെയ്‌ത് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്.
ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കാൻ താത്പര്യപ്പെടുന്നുവെന്നും, സഭയുടെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടാവുന്നത് വിജയ സാദ്ധ്യത വർദ്ധിക്കുമെന്നും കത്തിൽ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ബിഷപ്പ് ഹൗസ് തയ്യാറായിട്ടില്ല. അതേസമയം, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു.
ജനുവരി 11ന് തയ്യാറാക്കിയ കത്ത് 19ന് താൻ തന്നെയാണ് കാനം രാജേന്ദ്രന് കൈമാറിയതെന്ന് ഐസക് പറയുന്നു. മണ്ണാർക്കാട് മത്സരിക്കാൻ താത്പര്യമുണ്ട്. പാർട്ടിയുടെ മലമ്പുഴ ഘടകത്തോട് ഇതറിയിച്ചിരുന്നു. വിശ്വാസിയായ തനിക്ക് സഭ ഇത്തരമൊരു ശുപാർശ കത്ത് നൽകിയത് വലിയ അംഗീകാരമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്ക് മണ്ഡലത്തിൽ 26,000 വോട്ടുണ്ട്. 2006ന് ശേഷം സി പി ഐ മണ്ഡലത്തിൽ ജയിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ലീഗാണ് ജയിച്ചത്. സഭയുടെ വോട്ടുകൾ വാങ്ങിയ അവർ യാതൊരു പരിഗണനയും നൽകിയില്ല. ഇതിൽ സഭയ്ക്ക് അതൃപ്തിയുണ്ട്, അതുകൊണ്ടു തന്നെ വിശ്വസ്തനായ ഒരാൾ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണം. സി പി ഐ തനിക്ക് സീറ്റ് നൽകിയാൽ സഭയുടെ പിന്തുണയോടെ ജയിക്കാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഐസക് പറഞ്ഞു. പാർട്ടിയിൽ അംഗത്വമില്ലെങ്കിലും ഐസക് വർഗീസ് ഇടതനുഭാവിയാണ്.
ജില്ലയിൽ പട്ടാമ്പി, മണ്ണാർക്കാട് സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത്. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിന് രണ്ടാം ഊഴം ഉറപ്പാണ്. ലീഗിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ മണ്ണാർക്കാട്ട് പുതുമുഖത്തേയോ പൊതുസമ്മതനായ യുവ സ്ഥാനാർത്ഥിയെയോ പരിഗണിക്കണമെന്നാണ് എൽ.ഡി.എഫിലെ പൊതുവികാരം. സ്ഥാനാർത്ഥി നിർണയത്തിൽ ബിഷപ്പ് ഹൗസ് നേരിട്ട് ഇടപെട്ടെന്ന വിമർശനം എൽ ഡി എഫിനെ പ്രതിരോധത്തിലാക്കും.