barcelona

മാഡ്രിഡ് : സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ക്ലബ്ബുകൾ ഏറ്റമുട്ടുന്ന കോപ്പ ഡെൽ റേ (കിംഗ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡ് തോറ്റപ്പോൾ ബാഴ്സണോണ വിജയം നേടി രണ്ടാം റൗണ്ടിലെത്തി. മൂന്നാം ഡിവിഷൻ ക്ലബ് അൽകോയാനോയോട് 2–1നു തോറ്റ റയൽ ടൂർണമെന്റിനു പുറത്തായി. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ബാഴ്സലോണ കോർണെല്ലയെ 2-0ത്തിനാണ് തോൽപ്പിച്ചത്.

കളിക്കാരിലൊരാൾ ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയിട്ടും അധികസമയത്തേക്കു കളി നീട്ടിയെടുത്താണ് അൽകോയാനോ പൊരുതി ജയിച്ചത്. ബ്രസീൽ താരം എദർ മിലിറ്റാവോയുടെ 45–ാം മിനിട്ടിലെ ഗോളിൽ റയൽ മുന്നിലെത്തിയെങ്കിലും 80–ാം മിനിട്ടിൽ പകരക്കാരൻ ജോസ് സോൽബെസ് അൽകോയാനോയെ ഒപ്പമെത്തിച്ചു.

എക്സ്ട്രാ ടൈമിലെ 110–ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട റാമോൺ ലോപ്പസിനു മാർച്ചിങ് ഓർഡർ ലഭിച്ചതോടെ അൽകോയാനോ 10 പേരിലേക്കു ചുരുങ്ങി.

പോരാട്ടവീര്യം കൈവിടാതിരുന്ന കുഞ്ഞൻ ക്ലബ്ബിനു വേണ്ടി 115–ാം മിനിട്ടിൽ യുവാനൻ കാസനോവയാണ് വിജയഗോൾ നേടിയത്.

നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്നതിനാലാണ് ബാഴ്സയും കോർണെല്ലയും തമ്മിലുള്ള മത്സരം അധികസമയത്തേക്ക് നീണ്ടത്. 92-ാം മിനിട്ടിൽ ഒസ്മാനേ ഡംബലേയും 120-ാം മിനിട്ടിൽ മാർട്ടിൻ ബ്രാത്ത്‌വെയ്റ്റുമാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്.