കോപാന്ധയായ ശൂർപ്പണഖയുടെ പരുഷവാക്കുകൾ രാവണനിൽ അരിശമുണ്ടാക്കി. സംഭവങ്ങളുടെ ഗതിവിഗതികൾ ഭക്തനായ രാവണൻ ഏകാഗ്രമായി ചിന്തിച്ചു. വരും വരായ്കകളും ഗുണദോഷങ്ങളും സ്വയം വിലയിരുത്തി. ഇനി എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിലും തീരുമാനമെടുത്തു. ദൃഢചിത്തനായി പുഞ്ചിരിയോടെ രാക്ഷസേന്ദ്രൻ വാഹനശാലയിലെത്തി. അതിവേഗത്തിൽ ഒരു തേര് ഒരുക്കിക്കൊണ്ടുവരാൻ തേരാളിയോട് കല്പിച്ചു.
രാവണന്റെ ഇംഗിതം മനസിലാക്കിയ തേരാളി അനുയോജ്യമായ ഒരു രഥത്തിൽ കുതിരകളെ കെട്ടി. പിന്നെ തൊഴുകൈകളോടെ രാവണന്റെ മുന്നിലെത്തി. വായുവേഗത്തിൽ ലക്ഷ്യത്തിലെത്തുന്ന രത്നാലംകൃതമായ രഥത്തിൽ രാവണൻ കയറി. സാഗരം ലക്ഷ്യമായി സാരഥി രഥം തെളിച്ചു. രത്നങ്ങൾ പ്രഭ വിതറുന്ന തേരിൽ രാവണൻ ഉപവിഷ്ടനായത് ഗാംഭീര്യത്തോടെയായിരുന്നു. വൈഡൂര്യശോഭയാർന്ന ശരീരം, വെൺകൊറ്റക്കുട, വെൺചാമരം, സ്വർണാഭരണങ്ങൾ തുടങ്ങിയ രാജകീയചിഹ്നങ്ങളോടെയുള്ള രാവണന്റെ പ്രൗഢി കാണേണ്ടതു തന്നെ. പത്തുകൊടുമുടികളോടുകൂടിയ പർവതം പോലെ. പത്തുതലകളും ഇരുപത് കൈകളുമുള്ള രാവണന്റെ മനോഗതിക്കനുസരിച്ചായിരുന്നു രഥത്തിന്റെ വേഗം. മിന്നൽപ്പിണരും വെള്ളിൽ പറവകളുമിടകലർന്ന കാർമേഘം പോലെ രഥത്തിൽ രാക്ഷസേന്ദ്രൻ ശോഭിച്ചു. മാമലകളാൽ മതിൽകെട്ടിയപോലെ അഴകാർന്ന സമുദ്രതീരം കൗതുകത്തോടെ രാവണൻ നോക്കി കണ്ടു. വിവിധനിറത്തിലുള്ള സുഗന്ധികളായ പുഷ്പങ്ങളും കായ്കനികളും നിറഞ്ഞ വൃക്ഷങ്ങൾ. താമരകൾ വിളങ്ങുന്ന സരോവരങ്ങൾ. ഹോമകുണ്ഡങ്ങളും വേദികളും വിശുദ്ധിയേകുന്ന ആശ്രമങ്ങൾ, വൃക്ഷാലംകൃതമായ തോപ്പുകൾ. സുന്ദരമായ ആ പ്രദേശത്ത് ആയിരമായിരം ഗന്ധർവന്മാരും അപ്സരസുകളും യക്ഷകിന്നരന്മാരും വിഹരിക്കുന്നു. തപസിലാണ്ടവർ, സിദ്ധചാരണന്മാർ എന്നിവരാൽ തേജസാർന്ന മനോഹരഭൂമി. രതിക്രീഡാനിപുണകളും സുന്ദരാംഗികളുമായ അപ്സരസുകൾ, ദിവ്യകുസുമങ്ങൾ ചൂടിയ ദേവസ്ത്രീകൾ എന്നിവർ അവിടെങ്ങും പരിലസിക്കുന്നു. അമൃതപാനം ചെയ്ത ദേവന്മാരും അസുരന്മാരും അവിടെ വാണരുളുന്നു.
ചിലേടത്ത് ചക്രവാകപ്പക്ഷികൾ കായം, ചന്ദനം, അകിൽ തുടങ്ങിയ വൃക്ഷങ്ങളാൽ പരിശോഭിക്കുന്ന ഇടങ്ങൾ. തീരങ്ങളിൽ ചരൽക്കല്ലുപോലെ മുത്തുമണികൾ. പൊന്നും വെള്ളിയും പ്രകാശിക്കുന്ന പാറപ്പുറങ്ങൾ, തെളിഞ്ഞ നീർച്ചാലുകൾ, പൂമണം പരത്തിയൊഴുകുന്ന കാറ്റ്, ചതുരംഗസേനകളും സ്ത്രീകളും ധനധാന്യാദികളും വിഭവങ്ങളും നിറഞ്ഞ നഗരങ്ങൾ. അങ്ങനെ അമരാപുരിക്ക് സമാനമാണ് കടൽപ്പുറം. അവിടെ പടർന്നു പന്തലിച്ച ഒരു പേരാൽ രാവണൻ ശ്രദ്ധിച്ചു. കാർമേഘത്തിന്റെ നിറമാണതിന്. ആ വൃക്ഷച്ചോട്ടിൽ മഹർഷിമാർ തപസിരിക്കുന്നു. അതിവിശാലമായി വിസ്താരത്തിൽ അതിന്റെ ശാഖകൾ പരന്നിരിക്കുന്നു. ഒരു ഗരുഡൻ ഒരു കൂറ്രൻ ആനയേയും കൊമ്പനാനയേയും കൊത്തിയെടുത്ത് പേരാൽകൊമ്പിൽ വന്നിരിക്കുന്നു. ഗരുഡന്റെയും ആമയുടെയും ആനയുടെയും ഭാരം താങ്ങാനാകാതെ ആ കൊമ്പ് ഒടിയാൻ തുടങ്ങി. അത് നിലം പതിച്ചാൽ ചുവട്ടിൽ തപസിരിക്കുന്ന മഹർഷിമാരുടെ കഥ കഴിയും. പെട്ടെന്ന് ഗരുഡൻ ആമയേയും ആനയേയും പേരാൾ കൊമ്പിനെയും ഒരുകാലിൽ എടുത്തുകൊണ്ട് പറന്നു. പിന്നെ ദുഷ്ടന്മാരായ കാട്ടാളന്മാർ വസിക്കുന്ന സ്ഥലത്ത് ആ കൊമ്പിനെ വീഴ്ത്തി. ദുഷ്ടന്മാരെയെല്ലാം കൊന്നൊടുക്കിയും മുനിമാർക്ക് ആശ്വാസമേകിയും ഗരുഡൻ തന്റെ ഭക്ഷണം കഴിച്ചു. ഇതെല്ലാം കണ്ട മഹർഷിമാർ ഗരുഡന് എല്ലാമംഗളങ്ങളും അരുളി. ബുദ്ധിമാനായ ഗരുഡൻ ഇരുമ്പുമതിലുകൾ തകർത്ത് ഇന്ദ്രനിർമ്മിതമായ കൊട്ടാരത്തെ മൺതരിയാക്കിയശേഷം അമൃതകുംഭവും കൊത്തിപ്പറന്നു.
ആ ഗരുഡൻ വന്നിരുന്നതും ചുവട്ടിൽ മഹർഷിമാർ തപസ് ചെയ്തതുമായ 'സുഭദ്രം" എന്നു പേരുള്ള പേരാലിനെയാണ് രാവണൻ കൗതുകത്തോടെ നോക്കിയത്. പിന്നെ സാഗരത്തിന്റെ മറുകരയിൽ രാവണനെത്തി. അവിടെ മനോഹരമായ വനമദ്ധ്യത്തിൽ ജടാവത്ക്കലങ്ങളും മാൻതോലുമണിഞ്ഞ് അല്പമാത്ര ആഹാരിയായി കഴിയുന്ന മാരീചൻ എന്ന രാക്ഷസ പ്രമുഖനെ കണ്ടു. തന്റെ ആശ്രമത്തിൽ വീണ്ടും വന്ന രാവണനെ മാരീചൻ യഥാവിധി സ്വീകരിച്ചു. അപൂർവമായ ഭോജ്യങ്ങൾ ഉപഹാരമായി നൽകി. പിന്നെ പുഞ്ചിരിയോടെ ചോദിച്ചു: അല്ലയോ രാവണ രാജാവേ ലങ്കാരാജ്യത്ത് എല്ലാവർക്കും ക്ഷേമമല്ലേ? ഒരിക്കൽകൂടി ഇങ്ങോട്ടുവരാൻ പ്രത്യേകകാരണം വല്ലതുമുണ്ടോ? മാരീചന്റെ ആകാംക്ഷാഭരിതമായ ചോദ്യം കേട്ട് രാവണൻ പുഞ്ചിരിച്ചുനിന്നു.
(ഫോൺ: 9946108220)