''സുമീ... ""
അത്ഭുതത്തോടെ അയാൾ വിളിച്ചു.
ഇത്രനേരവും അവൾ താൻ തൊടുന്നത് കാത്തുകിടക്കുകയായിരുന്നുവെന്നാണ് വിചാരിച്ചത്. ആദ്യ തലോടലിൽ അവൾ വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, എന്താണ് സംഭവിച്ചത്, എവിടെയാണ് പിഴച്ചത്?
അയാൾ നിർബന്ധിച്ചില്ല.
സുമി കിടക്കയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഫ്രിഡ്ജിൽ നിന്ന് തണുത്തവെള്ളമെടുത്ത് കുടിച്ചു. അടുക്കളയിലെ ലൈറ്റ് തെളിഞ്ഞപ്പോൾ ശ്യാമള കണ്ണുതുറന്നു. നിലത്തുവിരിച്ച പായിൽ നിന്നും വേഗത്തിൽ എഴുന്നേൽക്കുകയും ചെയ്തു.
''എന്താ ചേച്ചീ?""
''വെള്ളം""
അവളുടെ മുഖത്തേക്ക് നോക്കാതെ സുമി പതറി.
''കിടന്നോ...""
ശബരിയുടെ മാന്ത്രികനിഴൽ ഈ വീടിനുള്ളിലേക്ക് കടന്നുവന്നിരിക്കുകയാണെന്ന് സുമി മനസിലാക്കി. ചെകുത്താന്റെ സാന്നിദ്ധ്യം പിന്തുടരുന്ന കണ്ണുകൾ. ഓരോ മൂലയും ഓരോ വ്യക്തിയുടെ ചലനവും നിരീക്ഷണത്തിലാണ്. വാക്കുകൾ പോലും അടിച്ചേല്പിക്കപ്പെടുന്നു. താനും വിശ്വനും ശബരിയുടെ നോട്ടപ്പുള്ളികളാണ്. കിടപ്പറയിൽ നഗ്നയാകാനോ സംഗമിക്കാനോ ഇനി കഴിയുകയില്ല. അവൾ കിടക്കയിലെത്തുമ്പോൾ വിശ്വൻ പാതി മയക്കത്തിലായിക്കഴിഞ്ഞിരുന്നു. അവൾ അയാളിൽ നിന്നും അകന്നുകിടന്നു. കണ്ണടയ്ക്കാൻ കഴിയുന്നില്ല. ഈ മുറിയിൽ തന്നെ ആ നിഴൽ തങ്ങിനിൽക്കുന്നുണ്ട്. മണം പിടിക്കാൻ, മനസറിയാൻ... വിശ്വന്റെ നാവിൽ നിന്നും ഒരിക്കലും വീഴാത്ത വാക്കുകൾ... പൂമണം. അവൾ ഫോണിൽ ഒരു സന്ദേശം ടൈപ്പ് ചെയ്തു. സുപർണയ്ക്കായിരുന്നു അത്. പക്ഷേ ഓരോ അക്ഷരത്തിൽ തൊടുമ്പോഴും ഫോണിന്റെ സ്ക്രീനിൽ മറ്റെന്തോ ചിത്രങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മെസേജ് പൂർത്തിയാക്കാനാവുന്നില്ല. അവൾക്ക് ഭയമേറി. ആരോ കവർന്നെടുക്കുന്ന അക്ഷരങ്ങൾ. ആരോ മായ്ച്ചുകളയുന്ന വിശേഷങ്ങൾ. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. സ്ക്രീനിൽ തെളിയുന്നത് ശബരിയുടെ മുഖം. അയാളുടെ മന്ദഹാസം. അയാൾ പറയുകയാണ്. നീയെന്തിനാണ് ഈ മെസേജ് അയക്കുന്നതെന്നറിയാം. എന്നെ ഒഴിപ്പിക്കാൻ ഒഴിവാക്കാൻ... വെറുതെയാണ് പെണ്ണേ...അത് നടക്കില്ല. എന്റെ മാന്ത്രിക വിദ്യയുടെ ശക്തിയിൽ ഞാനിവിടെ പിടിച്ചുനിൽക്കും. വാടകക്കാരനെ പുറത്താക്കാൻ ഉടമയ്ക്ക് തോന്നിപ്പിക്കാത്തവിധം. അതാണ് ജാലവിദ്യ. അതാണ് വിജയമുദ്ര. ഷീറ്റെടുത്ത് മൂടാൻ പോലും അവൾക്കായില്ല. മെസേജ് അയക്കാനുള്ള ഉദ്യമത്തിൽനിന്നും പിന്മാറിയ അവൾ ദുർബലയായിരുന്നു. പുതപ്പൊരു മറയായാൽ, കണ്ണടച്ചാൽ ശബരി അദൃശ്യനായി ഈ കിടക്കയിലെത്തും. മണം നുകരാൻ, മധുനുകരാൻ...പ്രഭാതം.
ചപ്പാത്തിയും കറിയും ഉണ്ടാക്കിയത് ശ്യാമള. ചൂടുചായ പകർന്നതും അവൾ. സുമിക്ക് അടുക്കളയിൽ കയറേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ അവൾ വിശ്വന്റെ അടുത്തുണ്ടായിരുന്നു.
''സജീവിനെയൊന്ന് വിളിക്കണം.""
''എന്താ?""
''ആ വാടകക്കാരെ അവിടെ നിന്ന് മാറ്രാൻ പറയണം.""
''ഉം?""
''അയാൾ ശരിയല്ല, അവളും.""
''നിന്നോടെന്തെങ്കിലും...?""
അയാൾ ആകാംക്ഷയോടെ ചോദിച്ചു
''ഇല്ലില്ല...മൊത്തത്തിൽ...ഡെയ്സിയും പറഞ്ഞു.""
പക്ഷേ, ആ അപേക്ഷ അയാൾ നിരാകരിച്ചു.
''സജീവ് വാടകയ്ക്ക് കൊടുത്തിരിക്കുകയല്ലേ? ആളെ മാറ്റാൻ പറയാൻ നമുക്കെന്തവകാശം?""
''വേറാരുമല്ലല്ലോ, എന്റെ അനിയത്തിയുടെ ഭർത്താവല്ലേ?""
''എങ്കിൽ നീ അനിയത്തിയോട് പറയുന്നതാണ് നല്ലത്.""
അയാൾ ബാത്ത്റൂമിലേക്ക് കയറി. ആ വിഷയം അവിടെ അവസാനിച്ചുവെന്ന് തീർച്ചയായി. വൈകിട്ട് സുപർണയുടെ തിരക്കൊഴിയുമ്പോൾ ഫോണിൽ വിളിച്ച് ദീർഘമായി സംസാരിക്കാമെന്ന് നിശ്ചയിച്ചു. ഒരിക്കൽ അറിയിച്ചതാണ്. ഇനി താക്കീതായി കനപ്പെടുത്തണം. ബോദ്ധ്യപ്പെടുത്തണം. ഭാര്യയിൽ നിന്ന് സമ്മർദ്ദമുണ്ടായാൽ സജീവ് ഏത് തീരുമാനവും മാറ്റും. തിരുത്തിക്കാനുള്ള പ്രേരണാശക്തി അവൾക്കുണ്ട്. വിശ്വൻ ഓഫീസിലേക്ക് പോയികഴിഞ്ഞപ്പോൾ സുമി കുളിക്കാൻ കയറി. അടുക്കളയിൽ കയറാത്തതുകൊണ്ട് ഒട്ടും മുഷിഞ്ഞിട്ടില്ലെങ്കിലും വിയർത്തിട്ടില്ലെങ്കിലും കുളി മുടക്കാൻ വയ്യ. ഷവറിന് കീഴെ ടവൽ ചുറ്റി നിൽക്കുമ്പോൾ സ്വന്തം മേനിഭംഗി അവളെ ഭയപ്പെടുത്തി. ഇത്രവടിവൊത്ത ചന്തമാണോ ശബരിയെ പ്രലോഭിപ്പിക്കുന്നത്? എന്നെപേടിപ്പിക്കുന്ന എന്റെ അഴക്. അവൾ ധൃതിയിൽ കുളിച്ചിറങ്ങി. ഏറെനേരം കുളിക്കുന്ന പതിവ് തെറ്റിയതിലുള്ള നിരാശയോടെ... ശ്യാമള ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പ്ലേ ഗ്രൗണ്ടും സ്വിമ്മിംഗ് പൂളും കാണാം. ആരോ നീന്തിത്തുടിക്കുന്നുണ്ട്.
''ശ്യാമള കുളിച്ചോളൂ...""
സുമി പറഞ്ഞു.
അടുക്കളഭാഗത്ത് ചെറിയൊരു കുളിമുറിയുണ്ട്. ശ്യാമള അതിനുള്ളിലേക്ക് പോയി. അവളും വേഗത്തിൽ കുളിച്ചിറങ്ങി. സുമിയുടെ അടുത്ത് വന്ന് അവൾ മടിയോടെ ചോദിച്ചു.
''ചേച്ചീ ഞാനാ മാജിക് കളിയിൽ പോണോ?""
''ഇപ്പോഴെന്താ അങ്ങനെ?""
''ഞാൻ പോയില്ലെങ്കിൽ നിങ്ങൾ തമ്മിൽ വഴക്കാവുമോ?""
''വഴക്കാവട്ടേ എനിക്കൊന്നുമില്ല, നീ പോവണ്ട.""
ശ്യാമള അടുക്കളഭാഗത്തേക്ക് നീങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ സുപർണയുടെ ഫോൺ വന്നു.
''ഞാൻ സജീവിനോട് സംസാരിച്ചു. പക്ഷേ ഉടനെ അവരെ മാറ്റാൻ പറ്റില്ലാന്ന്...സജീവിന്റെ ഫ്രണ്ട് അരവിന്ദിന്റെ ശുപാർശയിലാണ് ശബരിയ്ക്ക് വാടകയ്ക്ക് കൊടുത്തത്. സജീവ് അരവിന്ദിനെ വിളിച്ചിരുന്നു അല്പം മുൻപ്.ശബരി ഒരുതരത്തിലും കുഴപ്പക്കാരനല്ലെന്ന് അയാൾ ഉറപ്പ് ആവർത്തിച്ചു. എന്തു പ്രശ്നമുണ്ടായാലും അരവിന്ദ് ഇടപെട്ട് ശരിയാക്കാമെന്ന്. പിന്നെ മാജിക്, അത് ശബരിയുടെ പ്രൊഫഷനൊന്നുമല്ല, ഒരു രസത്തിന്...ചേച്ചി പറയൂ ഇപ്പോഴെന്താണ് പ്രശ്നം?""
സുമി ഒന്നും പറഞ്ഞില്ല. നടക്കാത്ത കാര്യത്തിനായി സംഭാഷണം നീട്ടിക്കൊണ്ടുപോവുന്നതിൽ അർത്ഥമില്ല. സജീവിന് ഭാര്യയുടെ ചേച്ചിയേക്കാൾ വില ചങ്ങാതിക്കാവും.
''വയ്ക്കട്ടെ ""
സുമി ഫോൺ കട്ട്ചെയ്തു. ശബരിയിൽ നിന്ന് കൂടുതൽ പ്രശ്നങ്ങളുണ്ടായാൽ മറ്റ് സ്ത്രീകളും പരാതിപ്പെട്ടാൽ വിഷയം അസോസിയേഷൻ ഏറ്റെടുക്കും. അസോസിയേഷൻ തന്നെ സജീവിനോട് ആവശ്യപ്പെട്ട് അയാളെ മാറ്റും. അതാണ് ശരി. ന്യായത്തിന്റെ വഴി. തെല്ലുനേരം പിന്നിട്ടു. ഡോർബെൽ ശബ്ദിച്ചു.
''ആരാന്ന് നോക്കിയേ?""
കിടപ്പുമുറിയിലിരുന്ന് സുമി ശ്യാമളയോട് പറഞ്ഞു. അവൾ വാതിൽ തുറന്നു. മദ്ധ്യവയസ് കഴിഞ്ഞ ഒരാൾ. ചുമൽബാഗിൽ നിറയെ പുസ്തകങ്ങൾ. വില്പനക്കാരനായിരുന്നു അയാൾ. അയാൾ തുണിബാഗിൽ നിന്ന് കുറേ പുസ്തകങ്ങൾ പുറത്തെടുത്തു. ശ്യാമള കണ്ണോടിച്ചു. അക്ഷരമാല. ഗണിതാരംഭം. ഹിന്ദി, എല്ലാം കുട്ടികൾക്ക് വേണ്ടത്.
''ഇവിടെ കുട്ടികളില്ല... ""
അവളറിയിച്ചു.
ആ ബുക്കുകൾ ബാഗിലേക്ക് തിരുകിയശേഷം അയാൾ വേറെ കുറേ ബുക്കുകളെടുത്തു. പാചകം, വൈദ്യം, അലങ്കാരം...
''ചേച്ചീ ബുക്ക് വേണോ?""
''വേണ്ട""
സുമി വിളിച്ചുപറഞ്ഞു.
''കൊണ്ടു കാണിച്ചോളൂ. വേണമെങ്കിൽ എടുത്താൽ മതി.""
ചേച്ചി ശകാരിക്കുമോ എന്നആശങ്കയോടെ അവൾ ആ ബുക്കുകൾ കാണിക്കാൻ ബെഡ്റൂമിൽ ചെന്നു.
''ബുക്ക് വേണ്ടെന്ന് പറഞ്ഞില്ലേ...""
സുമി നീരസം പ്രകടിപ്പിച്ചു.
അവൾ പെട്ടെന്ന് തിരിഞ്ഞുനടന്ന് ബുക്കുകൾ അയാൾക്ക് തിരികെ നൽകി. അവ ബാഗിൽ വച്ചശേഷം അയാൾ ഒരു ബുക്ക് കൂടി എടുത്തു.
''ഇതുവേണോ, നോക്കിയേ...""
മാജിക് പഠിക്കാനുള്ള പുസ്തകമായിരുന്നു അത്. അവളത് കൈയിൽ വാങ്ങി. കച്ചവടക്കാരന്റെ കണ്ണുകളിൽ പ്രകാശം.
മാജിക് പുസ്തകത്തിലെ ചിത്രങ്ങളിലേക്ക് ശ്യാമള കൗതുകത്തോടെ നോക്കി. വർണപ്പൂക്കളായി താളുകളിൽ നിറഞ്ഞുകിടക്കുന്ന ഭ്രമങ്ങൾ. ഓരോ വിദ്യയ്ക്കും എങ്ങനെയാണ് പഠിക്കേണ്ടതെന്ന് വിശദമാക്കുന്ന കുറിപ്പുകൾ. അക്ഷരങ്ങളുടേയും നിറങ്ങളുടേയും ആ ലോകത്തിലേക്ക് പ്രവേശിക്കാൻ അവൾക്ക് ധൃതിയായി.
''രണ്ടുദിവസം കൊണ്ട് എല്ലാം പഠിക്കാം.""
കച്ചവടക്കാരൻ പ്രോത്സാഹിപ്പിച്ചു. അയാൾ ബുക്കിന്റെ വില പറഞ്ഞു.
''അത്രയും തരണ്ട. പകുതി വിലയ്ക്കാ ഞാൻ വിൽക്കുന്നത്.""
അത് വാങ്ങണമെന്ന് തന്നെ അവൾ നിശ്ചയിച്ചു. അതിനുള്ള കാശ് ബാഗിലുണ്ട്. ബാഗ് വച്ചിരിക്കുന്ന അകത്തെ മുറിയിലേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു അവൾ. അപ്പോഴാണ് സുമി ഇറങ്ങിവന്നത്.
''ഞാനീ ബുക്ക് വാങ്ങിക്കോട്ടെ.""
ശ്യാമള അനുവാദം ചോദിച്ചു. സ്വന്തം കാശിന് വാങ്ങുന്നതിൽ അനുവാദത്തിന്റെ ആവശ്യമില്ലെങ്കിലും.
''എന്ത് ബുക്കാ?""
''മാജിക്""
കച്ചവടക്കാരനാണ് മറുപടി നൽകിയത്.
''മാജിക് പഠിക്കാൻ എളുപ്പവിദ്യ.""
അയാൾ ആവേശപൂർവം അറിയിച്ചു.
സുമി ശ്യാമളയെ രൂക്ഷമായി നോക്കി. ആ നോട്ടത്തിന്റെ ശക്തിയിൽ അവൾ വിരണ്ടുപോയി. വേണ്ട, വാങ്ങേണ്ട ... ഇവിടെ നിൽക്കുമ്പോൾ ചേച്ചിക്ക് ഇഷ്ടമല്ലാത്തതൊന്നും ചെയ്യാൻ പാടില്ല. അവൾ ബുക്ക് തിരികെ കൊടുക്കാൻ തയ്യാറായി. പക്ഷേ, അവളെ നിരാശപ്പെടുത്താൻ സുമിക്കാവുമായിരുന്നില്ല. മാത്രവുമല്ല കൈയിൽ വാങ്ങിയത് നിരസിച്ചാൽ അയാളുടെ പരിഹാസമുണ്ടാവും. ശ്യാമളയ്ക്കെന്തിനാണ് മാജിക് ബുക്ക് എന്ന് സുമി സംശയിച്ചു. കവിത വിളിച്ചപ്പോൾ ജാലവിദ്യയോട് താത്പര്യം പ്രകടിപ്പിക്കാത്തവൾ മറിച്ചുചിന്തിക്കാനുണ്ടായ കാണമെന്താണെന്ന് പിടികിട്ടിയില്ല.
''എന്താ വില?""
''കാശെന്റെ കൈയിലുണ്ട്.""
''വേണ്ട""
സുമി പറഞ്ഞു.
''നീ ബുക്കെടുത്തോ ഞാൻ കൊടുക്കാം.""
ബെഡ്റൂമിൽ പോയി സുമി പണവുമായി വന്നു. അതയാൾക്ക് നൽകുമ്പോൾ ശ്യാമള ശ്രദ്ധിച്ചു. ചേച്ചിയുടെ ഭാവത്തിൽ അരിശമില്ല. ആശ്വാസമായി. കച്ചവടക്കാരൻ ഉത്സാഹത്തോടെ വേറെയും പുസ്തകങ്ങൾ നിരത്തി.
''പാചകം, ആയുർവേദം, തുന്നൽ...""
അയാളുടെ ആവർത്തന പാട്ടിന് നേരെ മുഖം തിരിച്ചുകൊണ്ട് സുമി പറഞ്ഞു.
''ഒന്നും വേണ്ട.""
അയാൾ പിൻവാങ്ങി.
''കച്ചവടക്കാരെ ഇങ്ങനെ കടത്തിവിടരുതെന്ന് സെക്യൂരിറ്റിയോട് പറഞ്ഞിട്ടുള്ളതാ...""
അവൾ പിറുപിറുത്തു.
അടുക്കള കോണിയിലെത്തിയ ശ്യാമള ആകാംക്ഷയോടെ പുസ്തകം നിവർത്തി. ആദ്യതാളിൽ തന്നെ അവളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു. പൂക്കൾചൂടി, നീളത്തിലുള്ള വസ്ത്രം ധരിച്ച് ആകാശത്തേക്ക് പറന്നുപോവുന്നവൾ. ചെപ്പടിവിദ്യ മഹാസിദ്ധിയല്ലെന്നും അല്പം ശ്രദ്ധയും നിരീക്ഷണപാടവുമുണ്ടെങ്കിൽ അനായാസം സ്വായത്തമാക്കാമെന്നുള്ള വിശദീകരണം വായിച്ചു. കവിത നിർബന്ധിച്ചത് അവരുടെ കളിയിൽ പങ്കാളിയാവാനാണ്. മനസിരുത്തിയാൽ തനിക്ക് ഒരു മാജിക്കുകാരിയാവാം. കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ ആരാധന നേടാം. അങ്ങനെയൊരു കളിക്കാരിയാവാൻ പ്രശസ്തയാവാൻ ഈ ബുക്ക് തരുന്ന പാഠം മാത്രം മതിയെന്നവൾ ധരിച്ചു. അവളുടെ ആകാംക്ഷയും ഉത്സാഹവും സുമി വീക്ഷിക്കുന്നുണ്ടായിരുന്നു. കവിത വീണ്ടും വിളിച്ചാൽ ഈ തിരതള്ളലിൽ അവൾ ഷോയിൽ പങ്കെടുക്കാൻ സമ്മതിക്കുമെന്ന് സംശയിച്ചു. സുമി മനസിൽ കുറിച്ചു. ഇവൾ അങ്ങനെയൊരു തീരുമാനത്തിലെത്തിയാൽ തടുക്കേണ്ടതില്ല, അവളുടേതായ താത്പര്യങ്ങൾ നശിപ്പിക്കേണ്ടതില്ല, പക്ഷേ ഈ വീട്ടിൽ തുടരാൻ കഴിയില്ലെന്നുമാത്രം, ഇവിടെ ശ്യാമളയുടെ സേവനം ആവശ്യമില്ല. ഇന്നലെ വരെ എല്ലാം നോക്കി നടത്താൻ തനിക്ക് സാധിച്ചുവെങ്കിൽ ഇനിയും ആവാം. ഇവിടെയൊരു വേലക്കാരിയുടെ ആവശ്യം വരുന്നത് എന്നെങ്കിലും താൻ ഗർഭിണിയാവുകയാണെങ്കിൽ കുഞ്ഞു പിറക്കുകയാണെങ്കിൽ...
''നിനക്ക് ആ ചേച്ചിയുടെ മാജിക്കിൽ കളിക്കാൻ പോവണോ?""
സുമി ഗൗരവപൂർവം ചോദിച്ചു.
വേണ്ട എന്ന ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷ തെറ്റി. ഇപ്പോൾ അങ്ങനെയൊരു കാര്യം ഇവളാഗ്രഹിക്കുന്നതുപോലെ, മാജിക്കിന്റെ മാന്ത്രികശക്തി. ഞൊടിയിടയിൽ ഇവളെ സ്വാധീനിച്ചിരിക്കുന്നു.
''പോവുന്നെങ്കിൽ പൊയ്ക്കോളൂ. ""
സുമിയുടെ അനുവാദത്തിൽ അവളുടെ മുഖം വിടർന്നു. പക്ഷേ, ക്ഷണനേരത്തേക്ക് മാത്രമായിരുന്നു സന്തോഷം. സുമി തുറന്നു പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ, കർക്കശമായി.
''ശബരിയുടെ മാജിക്കിൽ പങ്കെടുത്താൽ പിന്നെ ഇവിടെ സ്ഥാനമില്ല""
ശ്യാമള വിളറിപ്പോയി. പുറത്താക്കപ്പെടുമെന്ന ഭയത്താൽ അവൾ വിറച്ചു.
''ഇല്ല, ഞാൻ പോവില്ല."
ആ പരിഭ്രമത്തിനിടയിലും അവളുടെ ശ്രദ്ധ പുസ്തകത്തിലാണെന്ന് സുമി മനസിലാക്കി. അമൂല്യമായ ഒരുനിധിപോലെയാണ് അവളത് കൈയിൽ വച്ചിരിക്കുന്നത്. പഠിച്ചോട്ടെ. ചെറിയ ചെറിയ ആഗ്രഹങ്ങളെങ്കിലും സാധിക്കട്ടെ.
''നീ വായിച്ചോളൂ.""
സുമി വീണ്ടും ബെഡ് റൂമിലേക്ക് പോയി.രണ്ടോ മൂന്നോ വയസുള്ള രണ്ട് കുട്ടികളാണ് അടുത്തതാളിൽ പ്രത്യക്ഷപ്പെട്ടത്. അവരുടെ കൈയിൽ ഓരോ പൂവ്. ആ പൂവിന്റെ നിറം മാറുന്ന വിദ്യയാണ് അവിടെ വിവരിച്ചിരുന്നത്. ആ കുട്ടികൾ ഇവിടേക്ക് ഇറങ്ങിവന്നുവെങ്കിൽ എന്ന് ശ്യാമള മോഹിച്ചു. വിരസമായ ഗൃഹാന്തരീക്ഷത്തിൽ ചിരിച്ചും കരഞ്ഞും കളിച്ചും രണ്ടുകുട്ടികൾ. ഉമ്മ നൽകാൻ തോന്നിപ്പിക്കുന്ന ഓമനത്തം. അവൾ ആ ബുക്കുമായി സുമിയുടെ അടുത്തെത്തി.
''നോക്കൂ ചേച്ചീ, എത്ര ഭംഗിയുള്ള കുട്ടികൾ...""
കുട്ടികൾ എന്ന് കേട്ടപ്പോൾ സുമിയുടെ ഉള്ളിളകി. അവൾ തിടുക്കത്തിൽ പുസ്തകത്തിലേക്ക് നോക്കി. ശരിയാണ്, വാത്സല്യം കോരിച്ചൊരിയാൻ രണ്ട് നിധികൾ. സുമി, ഇനിയും അമ്മയായിട്ടില്ലെന്ന് ശ്യാമളയ്ക്കറിയില്ലായിരുന്നു. വീട്ടിൽ ഒരു കുട്ടിയെ കണ്ടില്ല. കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമില്ല. സ്വാഭാവികമായും അങ്ങനെയൊരനുമാനത്തിൽ എത്തിയതാണ്. തെല്ലുനേരം ആ പടത്തിൽ നോക്കിയിരുന്നപ്പോൾ സുമിയുടെ കണ്ണുനിറഞ്ഞു. നിയന്ത്രണം വിട്ട് ഒരുതുള്ളി കവിളിലൂടെ ഒലിച്ചു. ശ്യാമളയ്ക്ക് പൊള്ളലേറ്റു.
''ചേച്ചീ..""
അവൾ മൃദുവായി വിളിച്ചു.
''നീയെന്തിനാ ഈ പടം എന്നെ കാണിച്ചത്?""
സുമി ചോദിച്ചു. ആ ശബ്ദത്തിൽ വ്യസനവും അരിശവുമുണ്ടായിരുന്നു.
''മോഹിപ്പിക്കാനോ, പരിഹസിക്കാനോ?""
ശ്യാമള ഞെട്ടിപ്പോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് എത്രവർഷമായെന്ന് അവൾക്കറിയില്ല. അതുകൊണ്ടുതന്നെ ബോധപൂർവമല്ല അവൾ പടം കാണിച്ചത്. മുറിവേല്പിക്കാനല്ല, സ്ത്രീത്വത്തെ അപമാനിക്കാനുമല്ല, അങ്ങനെയെല്ലാം വക്രത പ്രദർശിപ്പിക്കാൻ തക്ക കരുത്തുള്ള പെണ്ണല്ല, അബദ്ധമായിപ്പോയി.
''ഞാൻ...വെറുതെ...കുട്ടികളെ...""
എങ്ങനെ മാപ്പുപറയണമെന്നോ ആശ്വസിപ്പിക്കണമെന്നോ അറിയാത്ത അവസ്ഥ. ഉള്ളിലുണ്ടായ സമ്മർദ്ദം അയഞ്ഞപ്പോൾ സുമിക്ക് കുറ്റബോധമായി. ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഒന്നുമറിയാത്ത കുട്ടി. അവളെശകാരിച്ചതും അപമാനിച്ചതും തെറ്റായിപ്പോയി.
''സാരമില്ല...ഞാൻ...""
സുമി തിരുത്തി.
ഇനിയുമവിടെ നിൽക്കുന്നത് അപകടമാണെന്ന് തോന്നിയ ശ്യാമള അടുക്കളഭാഗത്തേക്ക് നീങ്ങി. ഈ ബുക്ക് വാങ്ങേണ്ടിയിരുന്നില്ല. പക്ഷേ, ബുക്ക് ഉപേക്ഷിക്കാൻ അവൾക്ക് കഴിഞ്ഞില്ല. രാത്രിയിലെപ്പോഴെങ്കിലും സുമി ഉറങ്ങിക്കഴിയുമ്പോൾ നിവർത്താം. വായിക്കാം പഠിക്കാം. ഈ പുസ്തകം ഇനിയൊരിക്കലും സുമിയുടെ മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് നിശ്ചയിച്ചു. പാചകവേളയിലാണ് വീട്ടിൽ സവാളയോ ചെറിയ ഉള്ളിയോ ഇല്ലെന്ന് ശ്യാമള മനസിലാക്കിയത്. പച്ചക്കറികളും പലവ്യഞ്ജനങ്ങലും ഫ്രിഡ്ജിലും ഭിത്തിയറകളിലും അടുക്കിവച്ചിരിക്കുന്നു. ഒന്നിനും കുറവില്ല. ഉള്ളിയൊഴികെയെല്ലാം...
അവൾ സുമിയെ അറിയിച്ചു.
''ചേച്ചീ, ഉള്ളിയില്ല. തീയൽ വയ്ക്കാൻ നോക്കുമ്പോൾ.""
''ശരിയാ, വാങ്ങാൻ മറന്നുപോയി.""
ഇനി! അങ്ങനെ ചോദിച്ചില്ലെങ്കിലും ചോദ്യം അവളുടെ ഭാവത്തിലുണ്ടായിരുന്നു.
''ഉള്ളിയില്ലാതെ...""
''ഞാൻ പോയി വാങ്ങിച്ചിട്ട് വരാം. "
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുനോക്കുമ്പോൾ തന്നെ പാതയോരത്ത് പച്ചക്കറിക്കട കാണാം. അവിടെ പോയി വാങ്ങിവരാൻ അഞ്ച് മിനിട്ട് മതി.
വേണ്ടെന്ന് പറയുമെന്നാണ് വിചാരിച്ചത്. പക്ഷേ, സുമി അനുവാദം നൽകി. അവൾ ധൃതിയിൽ ലിഫ്റ്റിനടുത്തേക്ക് നടന്നു. ലിഫ്റ്റ് തുറന്ന് അവൾ അകത്ത് കയറി. പാതിവാതിൽ അടക്കുമ്പോഴാണ് കവിത ഓടിവന്ന് കയറിയത്. ശ്യാമള തലകുനിച്ചുനിന്നു. സംസാരിക്കാതിരിക്കാൻ, മറ്റൊരു പ്രശ്നത്തിൽ ചാടാതിരിക്കാൻ, സൂക്ഷിക്കണം.
''നീ എവിടെ പോവുന്നു?""
കവിത സ്നേഹപൂർവം ചോദിച്ചു.
''കടയിൽ, ഉള്ളി വാങ്ങാൻ.""
''ഉള്ളി മാത്രം.""
അവൾ മൂളി.
കവിത പൊട്ടിച്ചിരിച്ചു.
''എന്നോട് ചോദിച്ചാൽ മതിയായിരുന്നല്ലോ, ഞാൻ തരില്ലേ?""
പെട്ടെന്നവൾ തിരുത്തി,
''ഓ, നിന്റെ മാഡം സമ്മതിക്കില്ലായിരിക്കും.""
ശ്യാമള പ്രതികരിച്ചില്ല.
''ഞാനൊരു നല്ല അയൽക്കാരിയാ. മുൻപ് താമസിച്ചിരുന്നിടത്തൊക്കെ...""
കവിത സ്വയം പ്രശംസിച്ചു.
''പക്ഷേ, നിന്റെ സുമിക്ക് മനോരോഗമാ...""
(തുടരും)