പരിപത്രം കൈയിൽ കിട്ടി ഒരാവർത്തി വായിച്ചപ്പോൾ തന്നെ രാമൻകുട്ടിക്ക് ശരീരം വിയർക്കുകയും വിറയ്ക്കുകയും ചെയ്തു. ഇതെന്താ ഇങ്ങനെ? അതിലെ നിർദ്ദേശങ്ങൾ അയാൾ ഒന്നും കൂടി വായിച്ചു. അയാളുടെ മുഖത്തുനിന്നും വിയർപ്പു തുള്ളികൾ കടലാസിൽ വീണു പരന്നു. നാലാം തീയതി ചൊവ്വാഴ്ച നാട്ടിൽ വസ്ത്രദിനം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആ ദിനത്തിൽ എല്ലാവരും വസ്ത്രമുപേക്ഷിച്ച് അതിൽ പങ്കുകൊള്ളണം. അന്ന് മുഴുവൻ ജനങ്ങളും വിവസ്ത്രരായി നടക്കും. വസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ഉത്തമ ബോദ്ധ്യമുള്ളവരാക്കാനാണ് ഇങ്ങനെ ഒരു ദിനം ആചരിക്കണം എന്ന് സർക്കാർ തീരുമാനിച്ചത്.
''നാലാം തീയതി രാവിലെ ആറുമണിമുതൽ രാത്രി പന്ത്രണ്ടു മണിവരെയാണ് വസ്ത്രദിനത്തിന്റെ സമയം. പരിപത്രത്തിനു താഴെ സർക്കാർ ജീവനക്കാർ അനുഷ്ഠിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് വിശദാംശങ്ങളും നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.""
പൊലീസുകാർക്ക് തൊപ്പിയും ഷൂസും ആകാം. ഡോക്ടേഴ്സ് അന്ന് കഴുത്തിൽ സ്റ്റെത്ത് മുഴുവൻ സമയവും ധരിച്ചിരിക്കണം. നഴ്സുമാർക്ക് തലയിലുള്ള അവരുടെ തൊപ്പി ധരിക്കണം. അധോമണ്ഡല അസ്ഥിര ഗുമസ്ഥന്മാർക്കൊന്നും ഒരു ഇളവും ഇല്ലായിരുന്നു. അതിലൊരാളാണല്ലോ രാമൻകുട്ടി! പാദരക്ഷകൾ ധരിക്കാം. പരിപത്രത്തിന്റെ വ്യാപ്തി മൂന്നാലുപുറങ്ങളിലായി കിടക്കുന്നു. അരഞ്ഞാണം ധരിക്കുന്നതിന് വിലക്കില്ലായിരുന്നു.
സർക്കാരിന്റെ ഉത്തരവ് കണ്ട് പലരും ബുദ്ധിമുട്ടിലായി. ഓഫീസിൽ അവിടവിടെ കൂട്ടം കൂട്ടമായി നിന്ന് പുരുഷൻമാരും സ്ത്രീകളും ചർച്ചതുടങ്ങി. ചിലർ ലീവെടുത്ത് വീട്ടിലിരിക്കാൻ തീരുമാനിച്ചു. പക്ഷേ നിർദ്ദേശത്തിലെ ആദ്യ ഭാഗത്തുതന്നെ യാതൊരുവിധ അവധികളും അനുവദിക്കുന്നതല്ല. എന്ന് വ്യക്തമാക്കിയിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ലീവ് അനുവദിക്കും. പക്ഷേ ഒരു മെഡിക്കൽ ബോർഡിനുമുന്നിൽ ജീവനക്കാരൻ വിവസ്ത്രനായി ഹാജരാകണം. ചില വനിതാ ജീവനക്കാർ ജോലിതന്നെ ഉപേക്ഷിച്ചാലെന്താന്ന് വരെ ചിന്തിച്ചു!
സ്ത്രീ ജനങ്ങളെ നോക്കി ചില പുരുഷൻമാർ അർത്ഥഗർഭമായി ചിരിച്ചു. ആ ചിരിയിൽ പലതും അടങ്ങിയിരുന്നു. സൂപ്രണ്ടിന്റെ അഭിപ്രായമറിയാൻ ചില ജീവനക്കാർ കണ്ണാടിസാറിന്റെ അടുത്തുകൂടി. സ്വതവേ ഗാംഭീര്യം നടിക്കുന്ന മുഖത്തോടെ ഇരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തെവിടെയോ ഒരു ചെറുപുഞ്ചിരി ഒളിഞ്ഞു നിന്നിരുന്നു.
''അധികാരികളുടെ തീരുമാനമാണ്. അതിനെ എതിർക്കാൻ നമുക്കാകില്ല. നാടോടുമ്പോൾ നടുവേ ഓടണം. നമുക്ക് കാണാം..... നിങ്ങൾക്കറിയാമോ എന്നോട് സംസാരിച്ച പല വിദ്വാൻമാരും വിദൂഷികളും ഇതു പണ്ടേ വേണ്ടിയിരുന്നു എന്ന അഭിപ്രായക്കാരാണ്. അതിനാൽ ഉത്തരവ് നടപ്പാക്കണം. അതിന് ഉദ്യോഗസ്ഥരായ നാമെല്ലാവരും സഹകരിക്കണം. അവധി അനുവദിക്കുന്നതല്ല.""
അദ്ദേഹം കൈയിലുള്ള ഫയലിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. ഉച്ചക്കുശേഷം രണ്ടുമണിക്ക് വസ്ത്രദിനത്തിന്റെ നടത്തിപ്പിനായി ആഫീസിൽ എടുക്കേണ്ട ഒരുക്കങ്ങളെക്കുറിച്ച് ഒരു മീറ്റിംഗ് കൂടി. എഴുപത്തഞ്ചു ശതമാനം പേരും വസ്ത്രദിനം വളരെ വിപ്ലവകരമായ കാര്യമെന്നുതന്നെ പറഞ്ഞു.
ഉപരിമണ്ഡല ഗുമസ്ഥ കമലാക്ഷിയമ്മ തുറന്നടിച്ചു:
''ബഹുമാനപ്പെട്ട ഡയറക്ടർ സർ ഈ സർക്കുലർ കണ്ടപ്പോൾ ജീവിക്കണമെന്ന ആഗ്രഹം തന്നെ നശിച്ചുപോയി. മാനത്തിനു മാനമില്ലാതായ അവസ്ഥ. വീട്ടിൽ ഞാനും ഭർത്താവും മകളും മരുമകനും ഇളയ മകളും എല്ലാപേരും ഉള്ള കുടുംബമാണ്. എല്ലാവർക്കും ജോലിയുമുണ്ട്. രാവിലെ ഞാൻ ആഫീസിൽ വരുന്നത് മരുമകന്റെ കാറിലാണ്. വയ്യ സാർ... വയ്യ..... എനിക്കതാലോചിക്കാൻപോലും വയ്യ.""
''കമലാക്ഷിയമ്മേ നിങ്ങൾ ഇതിനെ വ്യക്തിപരമാക്കേണ്ട കാര്യമല്ല. നാടുമൊത്തം പങ്കെടുക്കുന്ന പതിനെട്ടു മണിക്കൂർ പരിപാടിയാണ്. നിങ്ങൾ മാത്രമല്ല നാട്ടിലെ എല്ലാ പൗരന്മാരും സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്ന ഒരു മഹാമേള....! ഇവിടെ മറ്റു സ്ത്രീകൾ ധാരാളമുണ്ടല്ലോ.... അവർ സർക്കാരിനൊപ്പമാണ് അവർ ഇതിനെ എതിർത്ത് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ചൊവ്വാഴ്ച ഹാജർ കണിശമാണ്. വന്നില്ലെങ്കിൽ സസ്പെൻഷൻ വരെ ഉണ്ടാകും.""
''കമലാക്ഷിയമ്മ സാർ പറഞ്ഞതിൽ ചില സത്യങ്ങൾ ഉണ്ട് സാർ വളരെ വിഷമം തോന്നുന്നു.""
രാമൻകുട്ടി ഒരഭിപ്രായം പറഞ്ഞു.
''ചൊവ്വാഴ്ച രാമൻ കുട്ടിയായിരിക്കും നിങ്ങടെ സെക്ഷന്റെ കോ-ഓർഡിനേറ്റർ. സെക്ഷനിലെ എല്ലാവരും അന്ന് അവിടെ ഉണ്ടാകേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ്. നിയമം അനുസരിക്കുക. വേറെ കാര്യങ്ങൾ ഒന്നുമില്ല. അഞ്ചു മണിക്ക് നടക്കുന്ന ബഹുജനറാലിയിൽ നമ്മുടെ ജീവനക്കാർ മൊത്തം പങ്കെടുക്കണം. അതിനുള്ള വാഹനങ്ങൾ ഏർപ്പാടാക്കുന്നതാണ്.""
യോഗം അവസാനിച്ചു. ജീവനക്കാർ ഹാളിന്റെ പലകോണുകളിലായി നിന്ന് പരസ്പരം അഭിപ്രായങ്ങൾ പറഞ്ഞു.
''നമ്മുടെ നാടിന്റെ ഖ്യാതിലോകം മുഴുവൻ വ്യാപിക്കുമെന്നതിൽ സംശയമില്ല. അന്താരാഷ്ടതലത്തിൽ നമ്മുടെ നാട്ടിൽ തുടങ്ങിയ ഈ ദിനം അടുത്തവർഷം മുതൽ ലോകവസ്ത്രദിനം എന്നപേരിൽ മറ്റു രാജ്യങ്ങൾ കൊണ്ടാടുമ്പോഴാണ് നമ്മുടെ ദീർഘവീക്ഷണത്തെപ്പറ്റി ഇപ്പോൾ ഇതിനെ എതിർക്കുന്നവർ മനസിലാക്കുന്നത്.""
നേതാവ് വാചാലനായി.
രാമൻകുട്ടി വീട്ടിൽവന്ന് കതകടച്ചിരുന്നു. ചൊവ്വാഴ്ചത്തെ കാര്യങ്ങൾ അയാളെ വളരെ വിഷമിപ്പിച്ചു. തന്നെപ്പോലെ എത്രയെത്ര യുവതീയുവാക്കൾ ഇതുമായി പൊരുത്തപ്പെടാൻ കഴിയാത്തവരുണ്ട്! അവരൊക്കെ എങ്ങനെയാകും പ്രതികരിക്കുക. ഓഫീസിലെ യോഗത്തിൽ കമലാക്ഷിയമ്മ സാറിനെ പിന്തുണച്ചതുതന്നെ പാരയായി. തന്നെ സെക്ഷന്റെ കോ-ഓർഡിനേറ്ററാക്കി.
രാമൻകുട്ടി തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു. നഗ്നത പുറത്തുകാട്ടുന്നതിൽ തനിക്ക് ഓർമ്മയുള്ളപ്പോഴും പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. കുളത്തിൽ കുളിക്കാൻ പോകുമ്പോഴും വീട്ടിൽ കുളിമുറിയിൽ കയറി കുളിക്കുമ്പോഴും തോർത്തുടുക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. അടിവസ്ത്രം ധരിച്ച് തോർത്തുടുക്കുന്ന സ്വഭാവമായിരുന്നു അയാളുടേത്. എത്ര ആലോചിച്ചിട്ടും ഒരു പരിഹാരവും കാണാൻ സാധിക്കുന്നില്ല. അച്ഛനും അമ്മയും പെൻഷൻ പറ്റി വീട്ടിലിരിക്കുന്നതുകൊണ്ട് കൊള്ളാം. ഇനി അവർ ഇതിൽ പങ്കെടുക്കാൻ വേണ്ടി പുറത്തിറങ്ങുമോ? ചേട്ടൻ പട്ടാളത്തിലായതുകൊണ്ട് നന്നായി.
അയാൾക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കത്തിൽ എപ്പോഴോ തന്റെ വസ്ത്രം എവിടെയോ നഷ്ടപ്പെട്ടെന്ന് തോന്നി ചാടിയെണീറ്റു. വെള്ളംകുടിച്ചു കിടന്നു. ഒരു വിധം നേരം വെളുപ്പിച്ചു. ആരും കളിയാക്കാൻ സാദ്ധ്യതയില്ല. കാരണം ആർക്കും നൂൽബന്ധമില്ലല്ലോ. പിന്നേ ആര് ആരെക്കളിയാക്കാൻ.
പിറ്റേന്ന് വളരെ നേരത്തേ രാമൻകുട്ടി ആഫീസിൽ എത്തി. വസ്ത്രദിനത്തിന്റെ ചിന്തകളിൽ കുരുങ്ങി അയാൾ ഇരുന്നു.
''സാറെന്താ ഇന്ന് വളരെ നേരത്തേ... ?""
തൂപ്പുകാരി ശാരദ ചോദിച്ചു.
''ങാ.... നേരത്തേ പോന്നു.""
അവരെ ശ്രദ്ധിക്കാതെ പറഞ്ഞു.
''നാലാം തീയതിയിലെ കാര്യം വലിയ കടുപ്പമായിപ്പോയി അല്ലേ സാർ?''
ഒരു നാണത്തോടെ അവൾ പറഞ്ഞു.
''ശാരദേ വേറെയൊന്നും പറയാനില്ലേ. ? നാലാം തീയതിക്ക് ഇനിയും രണ്ടു ദിവസമുണ്ടല്ലോ?""
അവളുടെ അഭിപ്രായം ശ്രദ്ധിക്കാതെ അയാൾ കമ്പ്യൂട്ടറിൽ നോക്കിയിരുന്നു.
''സർ, എന്റെ ഭർത്താവ് പറഞ്ഞത്. ലീവെടുക്കാനാണ്. അത് നടക്കില്ലല്ലോ. പിന്നെ ചേട്ടൻ വേറൊരുകാര്യം പറഞ്ഞു. വീട്ടിൽ നിന്നു സാധാരണ ഇറങ്ങുന്നതുപോലെ ഇറങ്ങി ആഫീസിൽ വരിക എന്നിട്ട് ഇവിടെ വന്ന് എന്താന്നു വച്ചാൽ അങ്ങനെ. അങ്ങനെ പറ്റുമോ സാർ?""
അവൾ വളരെ വിഷമത്തോടെ നിന്നു.
''ശാരദേ.... പരിപത്രത്തിൽ എല്ലാം വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. വീട്ടിൽ, വെളിയിൽ പൊതുനിരത്തിൽ വസ്ത്രം ധരിച്ച് ഇറങ്ങുന്നവരെ പോലീസ് പിടിക്കും. ലോക്കപ്പിലിടും. ജാമ്യം കിട്ടാൻ ആളെപ്പോലും കിട്ടില്ല. പിന്നെ സസ്പെൻഷനുണ്ടാകും. എന്താന്നു വച്ചാൽ ചെയ്യ്. എനിക്ക് അല്പം ധൃതിയുണ്ട്.""
പെട്ടെന്നു പറഞ്ഞൊഴിഞ്ഞു. പക്ഷേ അവൾ പോകുന്നമട്ടില്ല.
'' സർ എന്തു തീരുമാനിച്ചു. വീട്ടിന്നേ അങ്ങനെയായിരിക്കുമോ വരിക. സാറിനു സ്കൂട്ടറിൽക്കേറി 'ശുർറന്നെ" ഇങ്ങുവന്നാ മതീല്ലോ...! കണ്ണുമടച്ച്, ഞങ്ങൾക്കല്ലേ പാട്.""
അവളുടെ മുഖത്ത് ഒരു കൃത്രിമനാണം.
''നാലാം തീയതിലെ കാര്യമായിരിക്കും ചർച്ച.""
പ്യൂൺ തോമസിന് കാര്യം പിടികിട്ടി.
''സാർ ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊരു ദിവസം ആവശ്യമെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്. ഒരാൾ ഒരു പുതിയ സാരി ഉടുത്തുകൊണ്ടുവന്നാൽ ഓഫീസിൽ അന്ന് പണിനടക്കില്ല. എല്ലാവരും അതിനെപ്പറ്റിയായിരിക്കും ചർച്ച ചെയ്യുക. പിന്നെ അതുകാണാനും തൊടാനും അഭിപ്രായം പറയാനും എല്ലാം എന്തൊരുത്സാഹമാണ്. മുപ്പതു സാരി മതി ഒരു മാസത്തെ ജോലി സ്വാഹ. ! പിന്നെ നമ്മുടെ ചിലസാറന്മാർ ചില ബ്രാൻഡഡ് ഷർട്ടുവാങ്ങിയിട്ട് രാവിലെ മുതൽ അതിന്റെ വിലയിങ്ങനെ പറഞ്ഞു കൊണ്ടു നടക്കും. അതിനെക്കുറിച്ച് അന്നുമൊത്തം ചർച്ചയായിരിക്കും. നാലാം തീയതി പറയാൻ ഒന്നും കാണില്ലല്ലോ.""
''തോമാച്ചൻ പ്രസംഗം നിറുത്ത്....... തോമസേ അന്നാണ് പറയാൻ കൂടുതൽ കാണുക. ഒരു കൊല്ലം പറഞ്ഞാലും തീരാത്ത കാര്യങ്ങൾ ആ ദിവസത്തിനുണ്ട്. നമ്മുടെ ഡയറക്ടർ തുടങ്ങി ഞാൻ വരെ ഉള്ളവർ....""
ഇടക്ക് ശാരദ കയറി.
''ഹൊ...... ഹൊ..... ദൈവമേ എനിക്കൊന്നും പറയാനാവുന്നില്ലേ.""
അവൾ ചൂലുമായി പോയി പിറകേ തോമസും.
ഓഫീസിൽ തിരക്കു തുടങ്ങി. എല്ലാവർക്കും ചർച്ച ഒന്നുമാത്രം നാലാം തീയതി. ഗുമസ്ഥൻ ഗിൽബർട്ട് പറഞ്ഞു.
''സമയം പോകുന്നില്ല എന്നൊരു തോന്നൽ നാലാം തീയതി അങ്ങെവിടെയോ കിടക്കുന്നതുപോലെ.""
ഗിൽബർട്ടിന് ഇന്നേ അതങ്ങ് ആഘോഷിച്ചാൽ മതിയെന്നായിട്ടുണ്ട്.
''താനൊരു കാര്യംചെയ്യ് ഇന്നേ റീഹേഴ്സൽ തുടങ്ങ്.""
രാമൻകുട്ടി ദേഷ്യത്തോടെ പറഞ്ഞു.
രാമൻകുട്ടിയുടെ കൂടെ ജോയിൻ ചെയ്ത സുമി മേശയ്ക്കരികിൽ വന്നു.
'' രാമൻകുട്ടി..... എന്നെ വീട്ടിൽ നിന്നും അന്നുവിടില്ലാന്നാ തോന്നുന്നത്. അതീക്കൊറച്ചു മതീന്നു അച്ഛൻ പറഞ്ഞു. അന്നു എന്നെ പെണ്ണുകാണാൻ ദുബായിൽ ജോലിയുള്ള ഒരാൾ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അയാൾ ആഫീസിലാണ് പെണ്ണുകാണാൻ വരിക. എന്തു ചെയ്യും രാമൻകുട്ടി. ഒരു പോം വഴി പറഞ്ഞുതാ..""
''ജോലി വേണമെങ്കിൽ ആഫീസിൽ അന്നുവരണം. അല്ലെങ്കിൽ നിയമ നടപടികളുണ്ടാവും. പാടുപെട്ട് ടെസ്റ്റ് എഴുതി പ്രായപരിധിയുടെ അവസാനത്തിൽ കിട്ടിയ ജോലിയാണ്. അതു കളയുന്നത് എളുപ്പമുള്ള കാര്യമല്ല. ഞാൻ ആരേയും ഉപദേശിക്കാനും തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാനും ആളല്ല. സ്വന്തമായി ടെസ്റ്റെഴുതിയ സുമിക്ക് ഇതിനും ഒരു പരിഹാരം കാണാൻ കഴിയും.""
രാമൻകുട്ടിയുടെ അഭിപ്രായം കേട്ടപ്പോൾ സുമി സ്ഥലം വിട്ടു.
വസ്ത്രദിനത്തിൽ ധരിക്കേണ്ട ആഭരണങ്ങളെക്കുറിച്ച് സ്വർണക്കടകൾ ധാരാളം പരസ്യങ്ങൾ ഇറക്കി. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വിവധ ഡിസൈനിലുള്ള അരഞ്ഞാണങ്ങൾ തയ്യാറായി. പണിക്കുറവ്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ തന്ത്രങ്ങൾ പലതുമെനഞ്ഞു. സ്വർണ അരഞ്ഞാണങ്ങൾ വിൽക്കാൻ ജൂവലറികളുടെ റെപ്രസന്റേറ്റീവുമാർ ഓഫീസുകളിൽ കയറി ഇറങ്ങി. വസ്ത്രദിനം കഴിഞ്ഞ് അടുത്ത ദിവസം പുതിയ വസ്ത്രങ്ങൾ ധരിക്കണമെന്നും അതിനുള്ള ഇളവുകളുമായി ടെക്സ്റ്റൈൽ ഗ്രൂപ്പുകളും ഇറങ്ങി.
ബ്യൂട്ടി പാർലറുകൾ സ്ത്രീകൾക്കും പുരുഷൻമാർക്കു ആരും ചിന്തിച്ചിട്ടില്ലാത്ത ബ്യൂട്ടി പരിപാടികളുടെ പരസ്യങ്ങളുമായി രംഗത്തിറങ്ങി. അവരുടെ പരസ്യങ്ങളിൽ ഫേഷ്യൽ തികച്ചും ഫ്രീ ആയിരുന്നു. നാടാകെ ഇളകിമറിഞ്ഞു. വിദ്യാലയങ്ങൾ, ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ ഐറ്റി. കമ്പനികൾ, എല്ലാപേരും വരുന്ന ആ ദിനത്തെ ആഘോഷഭരിതമാക്കാനായി പദ്ധതികൾ മെനഞ്ഞു സോഷ്യൽ മീഡിയകളിൽ ചിത്രങ്ങളുൾപ്പടെ മെസേജുകൾ പറപറന്നു. വസ്ത്രദിനപ്പാട്ടുകൾ പാരഡികൾ, കവിതകൾ, കഥകൾ എന്നിവയാൽ മൊബൈലുകൾ നിറഞ്ഞ് വീർപ്പുമുട്ടി.
മൂന്നാം തീയതി രാത്രിയായി ഉറക്കം വരാതെ രാമൻകുട്ടി കിടന്നു. അടുത്തദിവസം രാവിലെ ഓഫീസിൽ പോകുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ അയാൾ എടുത്തിരുന്നു.
നാലാംതീയതി പതിവിലും നേരത്തേ രാമൻകുട്ടി എണീറ്റു. ഒൻപതുമണിയായപ്പോൾ വീട്ടിൽനിന്നും ഇറങ്ങണമെന്ന് തീരുമാനിച്ചു. ജോലി നഷ്ടപ്പെടരുത്. ഒരു ജോഡി ഡ്രസിനുവേണ്ടി ജോലി നഷ്ടപ്പെടുത്താൻ രാമൻകുട്ടി താല്പര്യപ്പെട്ടില്ല. ജനലിലൂടെ നിരത്തിലേക്ക് നോക്കി. പതിവിലും കൂടുതൽ ആളുകൾ നൂൽവസ്ത്രമില്ലാതെ ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നുപോകുന്നു. ഭാര്യയും ഭർത്താവും കുട്ടികളുമുണ്ട്. ചിലർ നടന്ന്, ചിലർ സ്കൂട്ടറിൽ, സ്കൂൾ കോളേജ് കുട്ടികൾ ഷോൾഡർബാഗും തൂക്കി ഒരു വികാരപ്രകടനങ്ങളുമില്ലാതെ നടന്നു പോകുന്നു. ഇന്നലെവരെ അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ അവർ 18 മണിക്കൂർ നേരത്തേക്ക് ഊരിയെറിഞ്ഞ് ഗാംഭീര്യത്തോടെ പോകുന്നു.
വീട്ടിനു പുറത്തുനിന്ന് അകത്തുകയറിയ അമ്മ പറഞ്ഞു.
''ഭഗവാനേ...കലികാല വൈഭവം...... നീ എങ്ങനെ പോകുന്നു?""
''ഞാൻ സാധാരണ പോകുന്നതുപോലെ പോകും എനിക്ക് ഇതൊന്നും സാധിക്കില്ല.""
എന്തോ തീരുമാനിച്ചുറച്ചതുപോലെ രാമൻകുട്ടി പറഞ്ഞു.
''മോനെ വഴിയിൽ പോലീസും പട്ടാളവുമൊക്കെ കാണും ചെക്കിംഗ് നടത്തും അവരുടെ മുന്നിലെങ്ങാനും ചെന്നു പെട്ടാൽ കേസു മാത്രമല്ല അടിയും കിട്ടും. നീ സൂക്ഷിക്കണം.""അമ്മ പറഞ്ഞു.
''സൂക്ഷിക്കുന്നതാണ് നല്ലത്.""
അകത്തുനിന്ന് അച്ഛൻ പറഞ്ഞു.
''ഞാൻ രാവിലെ ആറുമണിമുതൽ റോഡിൽ നോക്കിയിരുപ്പായിരുന്നു. ദാ ഇതുവരെ മുണ്ടുടുത്ത് ഒരാൾ പോലും പോയിട്ടില്ല. നിയമം എല്ലാവരും അനുസരിക്കുന്നുണ്ട്.... നീ സൂക്ഷിക്കണം.""
അമ്മക്കെന്തോ ഒരു ഭയം.
സ്കൂട്ടർ സ്റ്റാർട്ടാക്കി ആയാൾ റോഡിലേക്കിറങ്ങി. സാധാരണയിലും സ്പീഡിൽ അയാൾ സ്കൂട്ടർ വിട്ടു. ബസ് റ്റോപ്പിൽ ധാരാളം ആളുകൾ. ഏതോ ബസ് സമയത്തിന് വരാത്തതാണ്. തന്നെപ്പോലെ വസ്ത്രം ധരിച്ച ഒരുവനുവേണ്ടി രാമൻകുട്ടി ഒന്നു പരതി, ആരുമില്ല. എല്ലാവരും ആഹ്ലാദത്തിമിർപ്പിൽ. ബസ് സ്റ്റോപ്പിനടുത്തെത്തിയ പ്പോൾ അവിടെ ബൈക്കിനു മുകളിലിരുന്ന കോളേജ് കുമാരന്മാരും ബസുകാത്തുനിന്ന അവരുടെ കൂട്ടുകാരും കൂട്ടുകാരികളും കൂടി ഒന്നിച്ച് രാമൻകുട്ടിയെ വിളിച്ചു.
''ഹൂയ്.. ഹൂയ്.. ഒരു ഭ്രാന്തൻ തുണിയുടുത്തുകൊണ്ടുപോകുന്നു.""
അയാൾ സ്കൂട്ടർ വേഗത്തിൽ ഓടിച്ചു.
അടുത്ത ജംഗ്ഷൻ എത്തുന്നതിനുമുൻപായി എതിരെ വന്ന സ്കൂട്ടർ യാത്രക്കാരി കൈകാണിച്ച് നിൽക്കാൻ പറഞ്ഞു. നേരിയ സംശയത്തോടെ വണ്ടി നിർത്തി. അവൾ സ്കൂട്ടർ തിരിച്ച് രാമൻകുട്ടിയോടായി പറഞ്ഞു.
''നിങ്ങൾ ഡ്രസ്സ് ഊരി വണ്ടിക്കകത്ത് വച്ച് പോ. അവിടെ പോലീസ് ചെക്കിംഗ് നടക്കുകയാണ് പിടിച്ചാൽ ഫൈൻ മാത്രമല്ല അറസ്റ്റും ഉണ്ടാകും. ഞാൻ ഡ്രസു ചെയ്താണ് വന്നത്. ഒരു ചേട്ടൻ റെയ്ഡിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ എല്ലാം അഴിച്ച് സ്കൂട്ടറിനകത്താക്കി. ഇനിയിപ്പോ ഓഫീസിൽ ചെന്നുടുക്കാമെന്നു വിചാരിക്കുന്നു. ഞാൻ പോട്ടേ ചേട്ടാ.""
അവൾ തിരിഞ്ഞ് വണ്ടിയോടിച്ചു പോയി. ഒരു സുന്ദരി... തന്നെപ്പോലെ ഇതിൽ സഹകരിക്കാത്തവളാണ്.
കുറച്ചുനേരം വണ്ടി ഒഫ് ചെയ്ത് രാമൻകുട്ടി നിന്നു ഡ്രസഴിക്കുന്ന പ്രശ്നമില്ല. പിന്നെ എന്തിന് സമയം കളയണം? ചെക്കിംഗ് നടക്കട്ടേ! സ്പീഡിൽ സ്കൂട്ടറോടിച്ചു പോകുക. വരുന്നിടത്തു വച്ചു കാണാം. എന്തായാലും തീരുമാനിച്ചതുതന്നെ നടത്തും.
ജീപ്പിൽ നാലഞ്ചു പോലീസുകാർ ഉണ്ട്, കൈയിൽ ലാത്തിയുണ്ട്. അവർ തൊപ്പിയും ഷൂസും ബെൽറ്റും മാത്രം ധരിച്ചിരുന്നു. അവർ വണ്ടികളെല്ലാം തടഞ്ഞ് പരിശോധിക്കുന്നുണ്ട്. വണ്ടി ജീപ്പിനടുത്ത് എത്താറായപ്പോൾ ഒരു പൊലീസുകാരൻ കൈകാണിച്ച് സൈഡിലോട്ട് ഒതുക്കാൻ പറഞ്ഞു. രാമൻകുട്ടി വണ്ടി വളരെ സ്ലോ ചെയ്ത് സൈഡിലോട്ട് നിർത്താൻ പോയിട്ട് സ്പീഡിൽ വണ്ടി എടുത്തു. വണ്ടി കുറച്ച് മുന്നോട്ട് നീങ്ങിയതും ഒരു ലാത്തി ലക്ഷ്യം തെറ്റി തലയിൽ തൊട്ടില്ല എന്ന മട്ടിൽ സൈഡിൽ വന്നു വീണു. അയാൾ ഒരു വിധം രക്ഷപ്പെട്ട്. ഊടുവഴികളിലൂടെ ആഫീസിൽ എത്തി വാച്ചറും പ്യൂണും അതിരാവിലെ വന്നവരെല്ലാം വിവസ്ത്രരായി ആഘോഷിക്കുകയാണ്. രാമൻകുട്ടിയെ കണ്ടപ്പോൾ വാച്ചർ രാജൻ പറഞ്ഞു.
''എന്തര് സാറേ.... വിവരമുള്ളവരൊക്കെ ഇങ്ങനെ തൊടങ്ങിയാൽ...... അഴിച്ചുകള സാറെ ഞാൻ വേണമെങ്കീ സഹായിക്കാം.""
''രാജാ സൂക്ഷിച്ചു സംസാരിക്ക്.""
അയാൾക്ക് ദേഷ്യം വന്നു.
''ഡയറക്ടർ വീട്ടിൽ നിന്നിറങ്ങിയെന്ന് ഡ്രൈവർ അയ്യപ്പണ്ണൻ വിളിച്ചുപറഞ്ഞു. ഒരു ചേലു തന്നെന്നാ പറേണെ.""
രാമൻ കുട്ടി അതിനൊന്നും ചെവികൊടുത്തില്ല. നേരെ ബയോമെട്രിക് പഞ്ചിംഗ് മെഷീനിൽ വിരൽ തിരുകി അറ്റന്റൻസ് ഉറപ്പിച്ചു. ആദ്യഭാഗം വിജയം...!. ആ ലാത്തിയെങ്ങാനും തലയിൽ കൊണ്ടെങ്കിൽ ഇപ്പോ ഏതെങ്കിലും ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ വിവസ്ത്രനായി കിടക്കേണ്ടിവന്നേനെ ആഫീസിൽ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നി. അയാൾ തന്റെ സെക്ഷനിൽപ്പോയി സെക്ഷന്റെ കോ ഓർഡിനേറ്റർ താനാണല്ലോ. ബയോമെട്രിക്കൽ പഞ്ചിംഗ് അല്ലാതെ സെക്ഷനിൽ ഒരു അറ്റൻഡൻസ് രജിസ്റ്ററിലും ഒപ്പിടുന്ന പതിവുണ്ട്. ഒപ്പിട്ടു. ഇനി വൈകിട്ടുള്ള റാലിയൊന്നു കാണാമെന്ന മോഹം അയാളിൽ ഉദിച്ചു. ഇവിടെനിന്നും വണ്ടിയിൽ പോകാനൊന്നും അയാൾക്കാവില്ല. സെക്ഷനിൽ ആരെങ്കിലും വന്നെങ്കിൽ ഒരു മുങ്ങു മുങ്ങാമായിരുന്നു. അപ്പോ സെക്ഷനിലെ ഫോൺ ശബ്ദിച്ചു.
രാമൻകുട്ടി ഫോണെടുത്തു.
''ഗുഡ് മോർണിംഗ് അക്കൗണ്ട്സ് സെക്ഷൻ അതേ സാർ... ഞാൻ രാമൻകുട്ടിയാണ്. നേരത്തെ എത്തി സർ.... സർ....വാച്ചറും പ്യൂൺ രാജനും ഉണ്ട്. ശാരദക്കുട്ടിയുമുണ്ട് സാർ, സാർ ഉന്നതതല മീറ്റിംഗ് കഴിഞ്ഞ് എത്തുമെന്നോ ശരി സാർ. സാർ.... നോക്കാം സാർ...""
ഡയറക്ടറാണ് വിളിച്ചത്. അപ്പോ താൻ വന്ന കാര്യം സാറും അറിഞ്ഞു. വീഡിയോ കോളായിരുന്നെങ്കിൽ ചുറ്റിയേനെ ''ഇനി ഇവിടെ നിൽക്കുന്നത് ഉചിതമല്ല. സെയ്ഫായി പട്ടണത്തിൽ എവിടെയെങ്കിലും ഒളിച്ചുനിന്ന് മഹാറാലി ഒന്ന് കാണണം.""
''സാർ ഇതു ചതിയായിപ്പോയി.""
ശാരദകുട്ടി പറഞ്ഞു.
''എന്റെ ഭർത്താവാണ് എന്നെ അനിയന്റെ വണ്ടിയിൽ കൊണ്ടുവിട്ടത്. അദ്ദേഹത്തിന് ഒരെതിർപ്പുമില്ലായിരുന്നു. എന്തുകൂളായിട്ടാണ് എന്നെ കയറ്റിവന്നത്. പൊലീസ് ലൈസൻസോ പേപ്പറോ ഒന്നും ചോദിച്ചില്ല. വസ്ത്രമില്ലാത്തതുകൊണ്ട്. ഈസിയായി വന്നു. സാറെങ്ങനെ ഇതൊക്കെ അണിഞ്ഞ് ഇവിടെ എത്തിയത് ?""
ശാരദകുട്ടിക്ക് സാധാരണ കാണുന്നതിനേക്കാൾ വളരെ സൗന്ദര്യമുണ്ടെന്ന് രാമൻകുട്ടിക്കു തോന്നി. പാതി കാണാതെയും കണ്ടും അയാൾ ശാരദകുട്ടിയുടെ നഗ്നസൗന്ദര്യം ആസ്വദിച്ചു.
''ശാരദേ ഞാൻ പോകുകയാണ്. വൈകുന്നേരം റാലിയിൽ കാണാം ചില കാര്യങ്ങൾ ചെയ്യാനുണ്ട്.""
അയാൾ കൂടുതൽ സംസാരിക്കാതെ ഓഫീസിന്റെ പോർട്ടിക്കോവിലേക്ക് നീങ്ങി. രാമൻകുട്ടിയുമായി കുറച്ച് സംസാരിക്കണം എന്നു വിചാരിച്ച ശാരദകുട്ടിക്ക് നിരാശ വന്നു. ഇയാളിതെന്തൊരു മനുഷ്യൻ അവൾ ചൂലുമായി നീങ്ങി.
പോർട്ടിക്കോവിലെത്തിയ രാമൻകുട്ടി അതിശയിച്ചു. വസ്ത്രദിന മീറ്റിംഗിൽ എതിരഭിപ്രായം പറഞ്ഞ കമലാക്ഷിയമ്മ സാർ മരുമകന്റെ കൂടെ ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി അയാൾക്ക് ടാറ്റകൊടുത്തിട്ട് വരുന്നു. മരുമകനും ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്. രാമൻകുട്ടിയെ കണ്ട ഉടൻ കമലാക്ഷിയമ്മ പറഞ്ഞു.
''ഉത്തരവെന്നാൽ ഉത്തരവ് ആണ്. അത് നടപ്പാക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. പിന്നെ വസ്ത്രദിനം പ്രമാണിച്ച് വർഷങ്ങളായി ധരിക്കുന്ന 15 പവന്റെ ഒരു അരഞ്ഞാണം ഊരി വച്ചില്ല. ഇതൊക്കെ ഒരു ചാൻസല്ലേ. രാമൻകുട്ടിക്കെന്തായാലും മെമ്മോയും സസ്പെൻഷനും ഉറപ്പ്....""
അരഞ്ഞാണത്തിന്റെ പുതുമ കണ്ടാലറിയാം പുതുതായി വാങ്ങിയതാണെന്ന് ! അരഞ്ഞാണം മറ്റുള്ളവരെ കാണിക്കാനായി അവർ നടന്നു മറഞ്ഞു.
ഒരുത്തരവ് വന്നപ്പോൾ അത് നടപ്പിലാക്കാൻ എല്ലാവരും എന്ത് ഔത്സുക്യത്തോടെ പ്രവർത്തിക്കുന്നു എന്നത് രാമൻകുട്ടിയെ അതിശയിപ്പിച്ചു. എല്ലാക്കാര്യത്തിലും ഇതുപോലെയൊരു പങ്കെടുക്കലായിരുന്നുന്നെങ്കിൽ രാജ്യം എത്ര മുന്നോട്ടുപോയേനെ. തട്ടുകടയിൽ നിന്നും ഒരു ചായ കുടിക്കാനായി സ്കൂട്ടർ നിർത്തി കടയിലേക്ക് ചെന്നു. അവിടെ ധാരാളം ആൾക്കാർ ചായകുടിക്കുകയും ചായക്കുവേണ്ടി നിൽക്കുകയും പൈസകൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാമൻകുട്ടിയെ ഒരു അന്യഗ്രഹജീവിയെപ്പോലെ അവരെല്ലാവരും നോക്കി അവർ പരസ്പരം നോക്കിച്ചിരിച്ചു. ചിലർ ചെവിയിൽ എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഒരാൾ പറഞ്ഞു.
''ഇങ്ങനെയുള്ളവന്മാർ ഉണ്ടെങ്കിൽ നാടെങ്ങനെ നന്നാകും.""
''വളരെ ശരിയാ...""
വേറൊരാൾ പറഞ്ഞു.
സ്ഥിരമായി ചായകുടിക്കുന്ന സ്ഥലമാണ്. ചായയടിക്കുന്ന കൃഷ്ണനേയും പരികർമ്മിയേയും കണ്ടപ്പോൾ ഇനി ഇവിടുന്ന് ജീവിതത്തിൽ ചായ വേണ്ടെന്ന് തീരുമാനമെടുത്ത് അയാൾ ഇറങ്ങി.
''സാർ പൂവാണോ?""
എന്ന അയാളുടെ വിളിക്കു ചെവി കൊടുക്കാതെ അയാൾ സ്കൂട്ടറിൽ കയറി.
പബ്ളിക് സ്റ്റേഡിയത്തിന്റെ മുന്നിൽ ആഫീസിന്റെ സ്കൂട്ടർ ഷെഡ്ഡിൽ വണ്ടി വച്ചു. അവിടത്തെ പൂന്തോട്ടത്തിലുള്ള ഒരു ബോഗൻവില്ലയുടെ ചുവട്ടിൽ ഇരുന്നു. സ്കൂട്ടറിൽ നിന്നും പൊതിച്ചോറും വെള്ളവും എടുക്കാൻ അയാൾ മറന്നില്ല.
അഞ്ചുമണിക്ക് റാലി തുടങ്ങും. മന്ത്രിമാരു മറ്റു ഉന്നത ഉദ്യോഗസ്ഥരും പന്തലിൽ റാലികാണാനായി അവിടെയെത്തും. റാലി കഴിഞ്ഞ് തിരക്കും ബഹളവു മൊഴിയുമ്പോൾ വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുക. അവിടെ ഇരുന്ന് അയാൾ പൂന്തോട്ടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കി കമിതാക്കൾ പലമരച്ചുവട്ടുകളിലും ഇരിക്കുന്നുണ്ട്. അവർ വളരെ ആഹ്ലാദത്തിലാണ്. മറകളില്ലാതെ അവർ പ്രേമിച്ചു സല്ലപിച്ചു. യുവാക്കളുടേയും യുവതികളുടേയും കൂട്ടം വരുമ്പോൾ രാമൻകുട്ടിക്ക് എന്തോ ഒരു പേടി. ഒരു വിനോദ സംഘമാണെന്നു തോന്നി.... അതിൽ ചില പെൺകുട്ടികൾ രാമൻകുട്ടിയെക്കണ്ടു. അവർകൂടെയുള്ള യുവാക്കളുടെ കൂടെ എന്തോ പറഞ്ഞു. അവരെല്ലാവരും കൂടി വ-ൺ ടൂ ത്രീ പറഞ്ഞ് ഒന്നിച്ച് മുദ്രാവാക്യം പോലെ വിളിച്ചു.
''ഷെയിം ഷെയിം പപ്പി ഷെയിം.""
അവർ രാമൻകുട്ടിയെ കോക്രികാണിച്ച് നടന്നകന്നു.
രാമൻകുട്ടിക്ക് വിശപ്പു തുടങ്ങി. ചായപോലും കുടിച്ചില്ല. അയാൾ പൊതിതുറന്ന് ഉണ്ടു. വെള്ളം കുടിച്ചു. ഒരു മരത്തിൽ ചാരിയിരുന്നു. അറിയാതെ ഉറങ്ങിപ്പോയി. ഒരു വെടിയുടെ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. വാച്ചുനോക്കിയപ്പോൾ മണി അഞ്ച് റാലി തുടങ്ങാൻ സമയമായി. എവിടെ നിന്നു കാണാൻ പറ്റും? അയാൾ പതിയെ പന്തലിന്റെ എതിർവശത്തുള്ള മതിലിന്റെ പുറകിൽ നിന്നു. അവിടെയുള്ള ഒരു മരം അയാൾ ശ്രദ്ധിച്ചു ധാരാളം കൊമ്പുകൾ പതിയെ ഓരോ കൊമ്പിലായി ചവിട്ടിക്കയറി മതിലിന്റെ മുകളിലൂടെ നോക്കി... ഇപ്പോൾ അയാൾക്ക് മതിലിന്റെ എതിർ വശത്തിരിക്കുന്ന മേലാളന്മാരെ എല്ലാം നന്നായി കാണാം. റാലി കാണാനായി റോഡിനിരുവശവും തിങ്ങി നിറഞ്ഞു നില്ക്കുന്ന ജനങ്ങളെക്കാണാം. ജനങ്ങളെല്ലാം ഉത്തരവിൽ നിന്നും അല്പം പോലും വ്യതിചലിക്കാതെയാണ് നിൽക്കുന്നത്. പക്ഷേ മേലാളന്മരെ കണ്ടപ്പോൾ അയാൾ ഞെട്ടി. എല്ലാവരും പുതുവെള്ള വസ്ത്രങ്ങളണിഞ്ഞ് ഇരിക്കുന്നു. അരികത്ത് അവരുടെ ഭാര്യമാരും കുട്ടികളും എല്ലാവരും വളരെ വർണ്ണപ്പകിട്ടിലാണ്. മൂന്നാമത്തെ വരിയിൽ ഇടതുവശത്തായി കോട്ടും ടൈയും ധരിച്ച് ഇരുന്നയാളെക്കണ്ടപ്പോൾ രാമൻകുട്ടി സ്തബ്ധനായിപ്പോയി. തന്റെ ഡയറക്ടർ. റാലിയിൽ നിങ്ങളുടെ കൂടെ മുൻപന്തിയിൽ ഞാനുണ്ടാവുമെന്ന് പറഞ്ഞ രാജ്യസ്നേഹിയാണ്. വിലപിടിപ്പുള്ള ആഭരണങ്ങളും പട്ടുസാരിയും ധരിച്ച് അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകളുടെ കൈയിൽ അവളുടെ പ്രിയപ്പെട്ട നായ പഗ്ഗും ഉണ്ട്. അതിന് ചുവന്ന ഒരു ഉടുപ്പും നിക്കറും ഇട്ട് കഴുത്തിൽ ഒരു നെക്ക് ടൈയ്യും കെട്ടിയിരുന്നു.
രാമൻകുട്ടിയുടെ ശരീരം ത്രസിച്ചു. ജനങ്ങളെല്ലാം ഉത്തരവനുസരിച്ച് നടക്കുന്നു. മേലാളന്മാർ അവരുടെ ഇഷ്ടത്തിന് ജനങ്ങൾ ഉത്തരവ് പാലിക്കുന്നത് കാണാൻ പന്തലൊരുക്കി ഇരിക്കുന്നു. രാമൻകുട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അയാൾ വിളിച്ചു കൂവി.
''ചതി.... ചതി... വൻചതി നമ്മളെ അവർ ചതിക്കുകയാണ്. സഹോദരങ്ങളെ ഇവർക്കെതിരായി നമുക്ക് സംഘടിക്കാം.""
മരത്തിന്റെ കുറച്ചുകൂടി ഉയരത്തിൽ കയറി രാമൻകുട്ടി വീണ്ടും വീണ്ടും വിളിച്ചുകൂവി. വിദേശത്തു നിന്നുള്ള പ്രതിനിധിയായിരുന്നു ചീഫ് ഗസ്റ്റ്. സെക്യൂരിറ്റി പാളിച്ച പറ്റിയതിൽ ചാർജ്ജുള്ള ഡിഐ.ജി. എസ്.പിയെ വിളിച്ചു ഇതിനിടയിൽ
സെക്യൂരിറ്റി ഫോഴ്സ് മരത്തിന്റെ മുകളിലിരുന്ന രാമൻകുട്ടിയുടെ നേർക്ക് തോക്കു ചൂണ്ടി മേലാളരുടേയും ചീഫ് ഗസ്റ്റിന്റെയും സെക്യൂരിറ്റിയാണ് അവർക്ക് വലുത്. രണ്ടു ബുള്ളറ്റുകൾ രാമൻകുട്ടിയെ തുളച്ചു കൊണ്ട് പോയി. അയാൾ മരത്തിൽ നിന്നും തലകീഴായി വീണു. അയാളുടെ അവസാന ഞരക്കം വസ്ത്രദിനത്തിന്റെ ആഘോഷ കോലാഹലത്തിൽ അലിഞ്ഞു ചേർന്നു.