ഒരുദിവസം ആൺ തത്ത സീതയോട് പറഞ്ഞു.
''ദേവി ഞങ്ങൾ ആകാശത്തുപറന്നു നടക്കേണ്ട പക്ഷികളല്ലേ? ദയവായി ഞങ്ങളെ പുറത്തുവിടൂ.""
സീത: അതു പറ്റില്ല. നിങ്ങളെ തുറന്നുവിട്ടാൽ നിങ്ങൾ മറ്റെവിടേക്കെങ്കിലും പറന്നുപോകും. നിങ്ങൾക്ക് ശ്രീരാമനെക്കുറിച്ച് എവിടെ നിന്നാണ് അറിവു കിട്ടിയത് എന്ന് എന്നോട് പറയൂ.
തത്ത: ദേവി, ഞങ്ങൾ വാല്മീകി മഹർഷിയുടെ ആശ്രമപരിസരത്താണ് കൂടുകെട്ടി താമസിക്കുന്നത്. മഹർഷി എന്നും രാമകഥ ശിഷ്യരെ ചൊല്ലി പഠിപ്പിക്കുന്നത് കേട്ടു - കേട്ട് രാമകഥ ഇപ്പോൾ ഞങ്ങൾക്കും മനഃപ്പാഠമായി. ദേവി ദയവായി ഞങ്ങളെ തുറന്നുവിടൂ. എന്റെ ഭാര്യയായ ഇവളാണെങ്കിൽ ഗർഭിണിയാണ്. അവളുടെ പ്രസവം കഴിഞ്ഞാലും എന്നും ദേവിയെ കാണാനായി ഞങ്ങൾ ഇവിടെ വരാം.
സീത: അതു ശരിയാവില്ല. നിങ്ങളെ വിട്ടാൽ ഇനിയിവിടെ വരില്ല. ഒരു കാര്യം ചെയ്യാം. നിങ്ങളിൽ ആൺതത്തയെ ഞാൻ പുറത്തുവിടാം. ശ്രീരാമൻ എന്നെ വിവാഹം കഴിക്കുന്നതു വരെ ഈ തത്ത എന്നോടൊപ്പം ഇവിടെ കഴിയട്ടെ."
തത്ത: സീതേ, ഇവൾ പ്രസവിച്ചാൽ രണ്ടു കുട്ടികളെങ്കിലും കാണും. ഇവൾക്ക് ഒറ്രയ്ക്ക് രണ്ടു കുട്ടികളേയും കൂടി വളർത്തിയെടുക്കാൻ സാധിക്കുകയില്ല. കുട്ടികളെ പറക്കാൻ പഠിപ്പിക്കണമെങ്കിലും ഈ കൂട്ടിനു വെളിയിൽ വിട്ടാലേ പറ്റൂ. ദയവായി ഞങ്ങളെ തുറന്നുവിടൂ.
സീത: എന്നോട് കൂടുതൽ തർക്കിക്കേണ്ടതില്ല.
സീത കൂടിന്റെ കൊളുത്ത തുറന്ന് ആൺ തത്തയെ പുറത്തുവിട്ടു. ഇതോടുകൂടി രണ്ടു തത്തകളും കൂടുതൽ വ്യാകുലതയിലായി. ആൺ പക്ഷി കൂടിന് സമീപം വന്നിട്ട് അടുത്തുള്ള മരത്തിൽ പോയിരിക്കും. ഉടനെ തിരിച്ച് കൂട്ടിനരികിൽ വരും. ഒരു സമാധാനമില്ലാതെ അവൻ അങ്ങോട്ടുമിങ്ങോട്ടും തുടർച്ചയായി പറന്നുപറന്നു തളർന്നു. അവൻ ദൂരേക്ക് പറക്കുമ്പോൾ പെൺ തത്തയും പറന്നകലാനായി ശ്രമിച്ച് കൂട്ടിലിടിച്ച് വീഴും. ഇതും ആവർത്തിച്ചുകൊണ്ടേയിരുന്നു. പെൺതത്തയുടെ തലയും ശരീരവും പലപ്രാവശ്യം കൂട്ടിലിടിച്ച് മുറിഞ്ഞ് രക്തം വരാൻ തുടങ്ങി. ഇതു കണ്ട ആൺതത്തയും തന്റെ തല മരത്തിലും കല്ലിലും കൊണ്ടിടിച്ച് രക്തമൊലിപ്പിച്ചു. പെൺതത്ത ഓരോ പ്രാവശ്യം കൂട്ടിലിടിച്ചു വീഴുന്നതു കാണുമ്പോഴും അവന്റെ ഹൃദയം പൊട്ടിപ്പിളരുന്നതായി അവന് തോന്നും. തുടർച്ചയായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പെൺതത്ത തളർന്നു വീണു. ആൺ തത്ത കൂട്ടിനു പുറത്ത് ചിറകടിച്ചിട്ട് ബഹളമുണ്ടാക്കി. ഒരല്പം ആശ്വാസം കിട്ടിയ പെൺതത്ത വീണ്ടും രക്ഷപ്പെടാനുള്ള ശ്രമമായി. അവളുടെ ശ്രമമെല്ലാം പാഴായി എന്നു ബോധ്യമായപ്പോൾ, ''സീതേ, ഗർഭിണിയായ എന്നെ എന്റെ ഭർത്താവിൽ നിന്നും വേർപെടുത്തിയ നീയും ഗർഭിണിയാകുമ്പോൾ ഭർതൃവിരഹദുഃഖം അനുഭവിക്കാൻ ഇടവരട്ടെ."" എന്നു പറഞ്ഞശേഷം പെൺതത്ത കൂട്ടിനുള്ളിൽ പിടഞ്ഞുവീണു മരിച്ചു. ഇതു കണ്ട് ഭ്രാന്തു പിടിച്ച ആൺതത്ത ഒരു ലക്ഷ്യവുമില്ലാതെ പറന്നു പോയി. പറക്കുന്ന വഴിയിൽ അവൻ ഒരു പുഴ കണ്ടു. പുഴക്കുമുകളിലെത്തിയ തത്ത ''സീതേ, എന്റെ ഭാര്യയുടെ വേർപാടിൽ ദുഃഖിച്ച് ഞാൻ ഈ പുഴയിൽ ചാടി ജീവത്യാഗം ചെയ്യുന്നു. നിന്റെ ഭർത്താവും നിന്നെ ഓർത്ത് ദുഃഖിച്ച് പുഴയിൽ ചാടി മരിക്കാനിടവരട്ടെ."" എന്നു പറഞ്ഞശേഷം തത്ത പുഴയിലേക്ക് വീണ് ജീവനൊടുക്കി.
വർഷങ്ങൾ കഴിഞ്ഞ് ഈ തത്തകൾ രണ്ടും അലക്കുകാരനും ഭാര്യയുമായി പുനർജനിച്ച് അയോധ്യയുടെ പരിസരത്തെത്തി. ശ്രീരാമനെപ്പറ്റി അപവാദം പറയാനിടയായ രജകൻ എന്ന അലക്കുകാരനായിരുന്നു ഈ ആൺതത്ത. രണ്ടു പക്ഷികളുടേയും ശാപം സീതയ്ക്കും രാമനും അനുഭവിക്കേണ്ടിയും വന്നു. ഗർഭിണിയായ സീതയെ രാമൻ ഉപേക്ഷിക്കുകയും ദുഃഖം സഹിക്കാതായ ശ്രീരാമൻ സരയൂനദിയിൽ ചാടി ആത്മത്യാഗം ചെയ്യുകയും ഉണ്ടായി. എല്ലാം വിധിയുടെ വിളയാട്ടമാകാം.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)