''ഇനി എന്നെ അലട്ടുന്ന പ്രശ്നം പറയാം... രണ്ടുമാസം മുമ്പ് ജോലികഴിഞ്ഞ് രാവിലെ വണ്ടിയിറങ്ങി വരുമ്പോൾ എന്റെ അയൽക്കാരൻ എന്നെ കാത്ത് വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. വളരെ വിചിത്രമായി തോന്നുന്ന ഒരു കാര്യം അയാളെന്നോട് പറഞ്ഞു. രാത്രികാലങ്ങളിൽ ആരോ അയാളുടെ വീടിനകത്തു പ്രവേശിക്കുന്നു! തലേന്നുരാത്രി ഉറങ്ങാൻ പോകുമ്പോൾ അയാൾ വാതിൽ അകത്തുനിന്നും പൂട്ടിയതാണ്. രാവിലെ നോക്കുമ്പോൾ വാതിൽ തുറന്നിട്ടിരിക്കുന്നു! കള്ള് തലയിൽ കയറി വാതിൽ അടക്കാൻ മറന്നതായിരിക്കുമെന്നു പറഞ്ഞ് ഭാര്യ അവനെ കുറേ ചീത്ത പറഞ്ഞു. രാത്രി അല്പം മദ്യപിക്കുന്ന ശീലമുള്ളതുകൊണ്ട് ഭാര്യ പറഞ്ഞതുശരിയായിരിക്കുമെന്നു ഞാനും കരുതി. പക്ഷേ, വാതിൽ അടച്ചതാണെന്നും തലേന്നു രാത്രി ഒട്ടു കുടിച്ചിട്ടില്ലെന്നും അവൻ ആണയിട്ടു പറഞ്ഞു. മാത്രമല്ല, ഇതിനുമുമ്പും രണ്ടുമൂന്നു തവണ വീട്ടിനകത്താരോ കയറിയ ലക്ഷണങ്ങൾ കണ്ടെന്നും അന്നൊന്നും അത്ര കാര്യമാക്കിയില്ലെന്നും പറഞ്ഞു. എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഇവിടെയെന്ത് മോഷ്ടിക്കാനുള്ളത് എന്ന്എന്നോട് ചോദിക്കുന്നു. ആകെ വിലപിടിപ്പുള്ളതെന്നുപറയാൻ ഭാര്യയുടെ കെട്ടുതാലിയാണ്. അതാണെങ്കിൽ ബാങ്കിൽ പണയത്തിലുമാണ്. പിന്നെന്തിനു കള്ളൻ കയറണം. അവൻ പറഞ്ഞത് അസംബന്ധമായിട്ടേ എനിക്ക് തോന്നിയുള്ളൂ. ഏതായാലും ഇനി എന്തെങ്കിലുമുണ്ടായാൽ നമുക്ക് പൊലീസിലറിയിക്കാം എന്നു പറഞ്ഞ് അവനെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷേ അവന്റെ പേടി മാറുന്നില്ല; സംശയം മറ്റ് ചിലതൊക്കെയാണ്. ""
അയാൾ ഒന്ന് നിറുത്തി ഞങ്ങളുടെ മുഖത്തേക്ക് സാകൂതം നോക്കി.
''എന്ത് സംശയം?""
''അത്...ഇതുവല്ല പ്രേതങ്ങളുടേയോ ദുരാത്മാക്കളുടെയോ കളിയാണോ എന്ന്...""
പൃഥ്വികാന്ത് പൊട്ടിച്ചിരിച്ചു.
''എനിക്കത്തരം അന്ധവിശ്വാസങ്ങളൊന്നുമില്ല സാർ...പക്ഷേ...""
അയാൾ അർദ്ധോക്തിയിൽ നിറുത്തി.
''എന്തുപക്ഷേ? ശുദ്ധ അസംബന്ധം!""
പൃഥ്വി ഒരു സിഗരറ്റ് കത്തിച്ച് ലാഘവത്തോടെ പുകവിട്ടു.
''നിങ്ങൾ തുടർന്ന് പറയൂ, എന്നിട്ടെന്തുണ്ടായി?""
ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു.
''സാർ! ഇത്തവണ കള്ളൻ കയറിയത് എന്റെ വീട്ടിലാണ്.""
കിതച്ചുകൊണ്ട് അയാൾ പറഞ്ഞു.
പൃഥ്വികാന്തിന്റെ മുഖത്തു കൂടുകൂട്ടിയ അലസത പെട്ടെന്ന് അപ്രത്യക്ഷമായി. അദ്ദേഹം കാൽഭാഗം തീർന്ന സിഗരറ്റ് ആഷ്ട്രേയിലേക്കിട്ടു.
''ഒരിക്കലല്ല, രണ്ടുതവണ... ""
വീണ്ടും ചുണ്ടോടടുപ്പിച്ച കൂജയിൽ നിന്നും വെള്ളം തൊണ്ടയിൽ തടഞ്ഞ ഞങ്ങളുടെ അതിഥി ഉറക്കെ ചുമക്കുന്നതിനിടയിൽ വാക്കുകൾ തടസപ്പെട്ടു.
''തിരക്കുകൂട്ടണ്ട,പതുക്കെ പറഞ്ഞാൽ മതി...""
''മാധവൻ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറേ മനസിൽനിന്ന് മാഞ്ഞുതുടങ്ങിയിരുന്നു...""
അയാൾ വീണ്ടും പറയാൻ തുടങ്ങി.
''അപ്പോഴാണ് ഞങ്ങളുടെ വീട്ടിലും അസാധാരണമായി ചിലതൊക്കെ സംഭവിക്കുന്നതുപോലെ എനിക്ക് തോന്നിയത്. ഒറ്റനോട്ടത്തിൽ നിസാരമെന്നു തോന്നും. പക്ഷേ അടുത്തനിമിഷം അതങ്ങനെയല്ലെന്നു മനസ് പറയും. ഒരുദാഹരണം പറയാം. ഒരുദിവസം രാവിലെ ജോലി കഴിഞ്ഞെത്തുമ്പോൾ വീട്ടിൽ ആരും ഉണരുകയോ വീടിന്റെ വാതിൽ തുറക്കുകയോ ഉണ്ടായില്ല. സാധാരണ കാലത്ത് അഞ്ചുമണിക്ക് ഭാര്യ എഴുന്നേൽക്കുന്നതാണ്. എട്ടുമണിക്ക് സ്കൂൾ വണ്ടിവരും. അപ്പോഴേയ്ക്കും കുട്ടികളെ ഒരുക്കി ഒരുകിലോമീറ്റർ ദൂരെയുള്ള റോഡിലെത്തിക്കണം. പക്ഷേ, ഏഴുമണിയായിട്ടും വാതിൽ തുറക്കാതിരുന്നതുകണ്ട് ഞാനത്ഭുതപ്പെട്ടു. ചെന്നു കതകിൽ തട്ടിയിട്ടും തുറക്കുന്നില്ല. ദേഷ്യം വന്ന ഞാൻ കൂടുതൽ ശക്തിയോടെ ആഞ്ഞുതട്ടിയപ്പോഴും പ്രതികരണമില്ല. അതോടെ ദേഷ്യം മാറി ഭയമായി. വേഗം വീട്ടിന്റെ പിറകിലേക്കോടി കിടപ്പുമുറിയുടെ ജനലിൽ തട്ടിവിളിച്ചു. എന്നിട്ടും മറുപടിയില്ല. അപ്പോഴാണ് ജനൽവാതിൽ അകത്തുനിന്നും കൊളുത്തിട്ടിട്ടില്ലെന്നു കണ്ടത്. അതെന്നെ അത്ഭുതപ്പെടുത്തി. ട്രെയിനിന്റെ ശബ്ദം കാതടിപ്പിക്കുന്നതും അരോചകവുമായതുകൊണ്ട് ഞങ്ങൾ സ്ഥിരമായി ജനലുകളെല്ലാം അടച്ചുകൊളുത്തിടാറുള്ളതാണ്. നല്ല കുട്ടിത്തുണികൊണ്ട് കർട്ടനും തയ്പിച്ചിട്ടിരുന്നു. ജനൽപ്പാളി വലിച്ചുതുറന്നപ്പോൾ അകത്തുനിന്നും അസാധാരണമായ ഒരു ഗന്ധം മൂക്കിലേക്കടിച്ചുകയറി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം രൂക്ഷമായ മണം. ഒരല്പനേരം മാത്രമേ അതുണ്ടായുള്ളൂ. ജനൽകർട്ടനുകൾ തുറന്നിട്ടുരീതിയിലായിരുന്നു ഞാൻ പല പ്രാവശ്യം ഉറക്കെയുറക്കെ വിളിച്ചിട്ടാണ് ഭാര്യ ഉണർന്നത്. കുട്ടികൾ ഉണരാൻ പിന്നെയും വൈകി. ആദ്യം ഞാനൊന്നു പേടിച്ചെങ്കിലും പിന്നെ എല്ലാം സാധാരണപോലെയായി. എന്താണ് വല്ലാത്തൊരു മണമെന്നു ചോദിച്ചപ്പോൾ അവൾ പറയുന്നു അറിയാൻ പാടില്ലെന്ന്! കുട്ടികളും അങ്ങനെതന്നെ. അവർക്കൊരു മണവും അനുഭവപ്പെട്ടില്ലത്രേ! അപ്പോൾ നിമിഷാർദ്ധം മാത്രം എന്റെ തലച്ചോറിനെ പെരുപ്പിച്ച ആ ഗന്ധം എനിക്ക് വെറുതേ തോന്നിയതാകുമോ? ഉറക്കമുണരാൻവൈകിയതിനെപ്പറ്റി ചോദിച്ചപ്പോൾ രാത്രി ബോധംകെട്ടുറങ്ങിപ്പോയി എന്നാണവൾ പറഞ്ഞത്...""
''ഏതായാലും കുഴപ്പമൊന്നുമുണ്ടായില്ലല്ലോ എന്നു സമാധാനിച്ച് ഞാൻ അകത്തുകയറി. അപ്പോഴാണ് കിടപ്പുമുറിയിലെ ജനൽക്കർട്ടന്റെ അടിവശം കീറിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഞാൻ അടുത്തുചെന്ന് നോക്കി. കത്തിപോലുള്ള ഏതേ മൂർച്ചയേറിയ ആയുധംകൊണ്ടുകീറിയതാണ്. കർട്ടൻ നീക്കി നോക്കിയ ഞാൻ ഒന്നു ഞെട്ടി. ജനലിന്റെ രണ്ടുകൊളുത്തുകളും ഇളക്കിമാറ്റിയിരിക്കുന്നു. കട്ടിലിനും സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടതോടെ എന്റെ പരിഭ്രമം ഇരട്ടിച്ചു. കട്ടിൽ ഭാര്യ മാറ്റിയിട്ടതാണോ എന്ന സംശയത്തിൽ അവളെ വിളിച്ചുചോദിച്ചു. അവളല്ല! തലേന്നു രാത്രി നല്ല ഉറക്കത്തിലായിരുന്നു. ട്രെയിൻ കടന്നുപോകുന്നതുപോലും അവൾ അറിഞ്ഞില്ലത്രേ!""
''പരിഭ്രാന്തനായ ഞാൻ ഉടനെ അലമാരയിൽ സൂക്ഷിച്ച കുറച്ചുപണം അവിടെയുണ്ടോ എന്നു പരിശോധിച്ചു. അതിനൊന്നും സംഭവിച്ചിട്ടില്ല. അലമാര തുറന്നിട്ടേയില്ല. ഭാര്യയുടെ കഴുത്തിലും ചില്ലറ ആഭരണങ്ങളും അങ്ങനെതന്നെയുണ്ട്. വീട്ടിൽനിന്നും യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല,പക്ഷേ, ആരോ വീടിനകത്ത് കയറിയിട്ടുമുണ്ട്. അപ്പോഴാണ് അയൽക്കാരൻ പറഞ്ഞ കാര്യങ്ങൾ എന്റെ ഓർമ്മയിലെത്തിയത്. ഇനി അവൻ പറഞ്ഞതുപോലെ വല്ല പ്രേതാത്മാക്കളും... ഒരുനിമിഷം വൈകാതെ വീട്ടിലെത്തി അവനെ കണ്ട് കാര്യങ്ങളന്വേഷിച്ചു. മാധവൻ വളരെ സന്തോഷത്തിലാണ്. അവൻ കഴിഞ്ഞയാഴ്ച വീട്ടിൽ ചില ഹോമങ്ങളും പൂജകളുമൊക്കെ നടത്തി. അതിനുശേഷം വീട്ടിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലത്രേ! പണം കുറച്ചുചെലവായെങ്കിലും മനസമാധാനമുണ്ട്. എനിക്കും ഒരുപദേശം തന്നു. പതിനായിരം രൂപ ഉണ്ടാക്കി എത്രയും പെട്ടെന്ന് സർപ്പക്കാട്ട് തിരുമേനിയെ വിളിച്ച് ഒരു പൂജ നടത്താൻ! എല്ലാ പ്രേതശല്യങ്ങളും അതോടെ ഒഴിഞ്ഞുപൊയ്ക്കോളും.""
''നേരത്തേ പറഞ്ഞല്ലോ സർ! ഞാനൊരന്ധവിശ്വാസിയല്ലെന്ന്. പക്ഷേ അവൻ പറഞ്ഞത് നേരാ. എനിക്കിപ്പോൾ മനഃസമാധാനമില്ല. ഏതായാലും ഭാര്യയേയും കുട്ടികളേയും പേടിപ്പിക്കേണ്ടെന്നു കരുതി എന്റെ സംശയങ്ങളൊന്നും തത്ക്കാലം ഞാനവരോട് പറഞ്ഞിട്ടില്ല. പക്ഷേ, പറയാതിരുന്നാലും കുഴപ്പമല്ലേ? അവർക്കെന്തെങ്കിലും സംഭവിച്ചാൽ...""
അയാൾ വല്ലാതെ ആകുലനായി.
''നിങ്ങൾ അപ്സെറ്റാക്കാതിരിക്കൂ! പരിഹാരമില്ലാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? പിന്നീടെന്തു സംഭവിച്ചു?""
പൃഥ്വി അയാളെ അലിവോടെ നോക്കി. നിറയാൻ തുടങ്ങുന്ന കണ്ണുകൾ പുറംകൈകൊണ്ട് തുടച്ച ഒരല്പനേരം അയാൾ ഇമപൂട്ടിയിരുന്നു. പിന്നെ വീണ്ടും പറയാൻ തുടങ്ങി.
''പിന്നീട് കുറച്ചുദിവസത്തേക്ക് കുഴപ്പങ്ങളൊന്നുമുണ്ടായില്ല. എങ്കിലും വല്ലാത്തൊരുൾഭയത്തോടെയാണ് ഞാൻ പിന്നെ ജോലിക്കുപോയത്. വീട്ടിലുള്ളവർക്ക് കൂട്ടിനായി എന്റെ സഹോദരിയെ നാട്ടിൽനിന്നും വരുത്തി നാലഞ്ചു ദിവസം കൂടെ താമസിപ്പിച്ചു. രാത്രിയിൽ ജനലും വാതിലും ഭദ്രമായി അടക്കണമെന്നും അസമയത്ത് പുറത്തിറങ്ങരുതെന്നും ശട്ടം കെട്ടി. കർട്ടൻ ശരിയാക്കുകയും ജനലിൽ പുതിയ കൊളുത്തുകൾ ഉറപ്പിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ജോലിക്കഴിഞ്ഞെത്തിയാൽ വീടും പരിസരവും ഞാൻ സൂക്ഷ്മമായി പരിശോധിക്കും. എന്നാൽ പിന്നീട് കുഴപ്പങ്ങളൊന്നുമുണ്ടായില്ല. സൊല്ലയൊഴിഞ്ഞു എന്നുസമാധാനിച്ചിരിക്കുമ്പോഴാണ് കൃത്യം ഒരാഴ്ചയ്ക്കുശേഷം അതായത് ഇക്കഴിഞ്ഞ 21-ാം തീയതി വീണ്ടും എന്റെ മനഃസമാധാനം കെടുത്തിക്കൊണ്ട് ആ സംഭവമുണ്ടായത്..."
അയാൾ ഒന്നുനിറുത്തി. നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പുതുള്ളികൾ അമർത്തിതുടച്ചു.
പൃഥ്വി കസേരയിൽ മുന്നോട്ടാഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന് കഥയിൽ താത്പര്യം ഉണർന്നുകഴിഞ്ഞുവെന്ന് എനിക്ക് മനസിലായി.
''കഴിഞ്ഞ ഒരാഴ്ചയായി രാവിലെ എത്തിക്കഴിഞ്ഞാൽ പ്രഭാതകൃത്യങ്ങൾക്കൊന്നും നിൽക്കാതെ വീടും പരിസരവും പരിശോധിക്കുന്നത് എന്റെ ശീലമായികഴിഞ്ഞിരുന്നു..""
അയാൾ തുടർന്നു.
''പതിവുപോലെ മുറിയിലെത്തി ഒന്നോടിച്ചുനോക്കിയപ്പോൾ കുഴപ്പമൊന്നും കണ്ടില്ല. തെല്ലൊരാശ്വാസത്തോടെ ജനൽകർട്ടൻ നീക്കിനോക്കിയ ഞാൻ ഞെട്ടി! ജനൽപ്പാളി തുറന്നിട്ടിരിക്കുന്നു.കൊളുത്തുകളും കാണുന്നില്ല. പാതി വെന്തതുപോലെ എന്റെ ഉള്ളു പിടഞ്ഞു. പിന്നെ വീടിന്റെ എല്ലാഭാഗവും സൂക്ഷ്മമായി പരിശോധിച്ചു. ഒരു കിടപ്പുമുറിയും ഇരുപ്പുമുറിയും അടുക്കളയും മാത്രമുള്ള കൊച്ചുവീടാണ് ഞങ്ങളുടേത്. അടുക്കള പരിശോധിച്ചപ്പോൾ വിശേഷിച്ച് ഒന്നും കണ്ടില്ല. ഇരിപ്പുമുറിയിലും ആദ്യനോട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, തൃപ്തിവരാതെ പിന്നെയും പരിശോധിച്ചു. അപ്പോൾ കുട്ടികൾക്കു പഠിക്കാനായി ചുവരിനോടു ചേർത്തിട്ടിട്ടുള്ള മേശയ്ക്ക് നേരിയ സ്ഥാനചലനം വന്നിട്ടുള്ളതുപോലെ തോന്നി സംഗതി ശരിയായിരുന്നു. നേരത്തെ നിന്നിടത്തുനിന്നും അഞ്ചിഞ്ചോളം ദൂരേയ്ക്ക് മേശ നീ്ങ്ങിയിട്ടുണ്ട്. വെള്ളവലിച്ച ഭിത്തിയിൽ മേശയുടെ വക്ക് ഉരഞ്ഞതിന്റെ പാടുകൾ ഞാൻ ശ്രദ്ധിച്ചു. മേശ പൂർവസ്ഥാനത്തേക്ക് നീക്കിയിട്ടപ്പോൾ അതാ ചുവരിൽ ഒരടയാളം പെൻസിൽ ഉപയോഗിച്ച് ഒരു വൃത്തവും അതിനകത്ത് ഒരു ഗുണനചിഹ്നവും വരച്ചുവച്ചിരിക്കുന്നു. എന്റെ തൊണ്ടയിലെ ഉമിനീര് മുഴുവൻ അറിയാതെ ഇറങ്ങിപ്പോയി ഇനികുട്ടികളെങ്ങാനും വിനോദത്തിനു വരച്ചുവച്ചതായിരിക്കുമോ? ഏതായാലും വിറയ്ക്കുന്ന കൈകളോടെയാണ് പിന്നെ ഞാൻ ഓരോ കാര്യവും ചെയ്തത്.മേശയ്ക്കടിയിൽ വച്ച സ്റ്റൂൾ പുറത്തെടുത്തു നോക്കിയ ഞാൻ വീണ്ടും ഞെട്ടി. അതിൽ അപൂർണമായി പതിഞ്ഞ രണ്ടു കാല്പാടുകൾ! വീട്ടിലേക്കുള്ള വഴി ചതുപ്പിലൂടെയായതിനാൽ വീട്ടുപരിസരത്തും കാല്പാടുകൾ പതിഞ്ഞിട്ടുണ്ടാകും. പക്ഷേ, അവിടെ കണ്ടത് വീട്ടിലുള്ള ആരുടേയും കാല്പാടുകളായിരുന്നില്ല. ബൂട്ടിട്ട പാദങ്ങൾ പതിഞ്ഞ പാടുകളാണ്. മേശപ്പുറത്തും രണ്ടാമതൊന്നു പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ജനാലയ്ക്കരികിലും അതേ പാടുകൾ കുറേക്കൂടി വ്യക്തമായി കാണാൻ കഴിഞ്ഞു. കള്ളൻ ജനാലവഴിയാണ് അകത്തുകടന്നതെന്നു വ്യക്തമായി. സംശയം തീർക്കാനായി കുട്ടികളെ ഞാൻ പടം കാട്ടിക്കൊടുത്തു. അതുവരച്ചത് അവരല്ലെന്ന് തീർത്തുപരഞ്ഞു. പക്ഷേ, വരച്ചത് മേശപ്പുറത്തുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും അവരുപയോഗിക്കുന്ന പെൻസിൽ കൊണ്ടാണെന്ന് മൂത്തമകൻ പറഞ്ഞു. ഇൻസ്ട്രുമെന്റ് ബോക്സിൽ വച്ച പെൻസിൽ മേശപ്പുറത്ത് അലക്ഷ്യമായി ഇട്ടിട്ടുണ്ടായിരുന്നു. ആകെക്കൂടി ഭ്രാന്തുപിടിച്ചതുപോലെയായി ഞാൻ. തലേന്നുരാത്രി വീട്ടിൽ ആരെങ്കിലും വന്നോ എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ അവൾ ഗർജിച്ചുകൊണ്ട് എന്റെ നേരെ ഒരു ചാട്ടം! അല്പം തണുത്തപ്പോൾ അടുത്തുകൂടി രാത്രി വിശേഷിച്ച് എന്തെങ്കിലും ശബ്ദമോ മറ്റോ കേട്ടോ എന്ന് സൗമ്യമായി ചോദിച്ചപ്പോൾ കഴിഞ്ഞതവണ പറഞ്ഞതുതന്നെ അവളാർവർത്തിച്ചു. രാത്രി നല്ല ഉറക്കമായിരുന്നു. ട്രെയിൻ പോകുന്നതു പോലും അറിഞ്ഞില്ലെന്ന്.""
''ഭാര്യയെ നിങ്ങൾക്ക് സംശയമുണ്ടോ?""
പൃഥ്വി ഇടയ്ക്ക് കയറി ചോദിച്ചു.
''ആദ്യം സംശയിച്ചു സാറേ! പിന്നെ അത് മാറി. അവളുടെ അറിവോടെ ആരെങ്കിലും വന്നതാണെങ്കിൽ ചുവരിൽ പടം വരച്ചതെന്തിന്? ജനൽക്കൊളുത്തുകൾ ഒടിച്ചുകളയേണ്ട ആവശ്യവും ഇല്ലല്ലോ! പിന്നെ മാധവന്റെ വീട്ടിലും ഇതേ സംഭവമുണ്ടായത് ഓർക്കുമ്പോൾ...""
''ഗുഡ്! അതാണ് ശരി...""
''പക്ഷേ സാർ! എന്റെ സംശയം അതല്ല. തൊട്ടടുത്ത് ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ഒന്നും അറിഞ്ഞില്ലെന്നു പറയുമ്പോൾ...പിന്നെ ആ അസാധാരണ ഗന്ധം... പൂജയ്ക്കുശേഷം മാധവന്റെ വീട്ടിൽ ഒന്നും സംഭവിക്കാത്തത്... ഇതൊക്കെ ചേർത്തുവച്ചുനോക്കുമ്പോൾ...ചിലപ്പോൾ മാധവൻ പറഞ്ഞത് ശരിയായിരിക്കുമോ സാർ!""
ത്രിശങ്കുവിലകപ്പെട്ടവനെപ്പോലെ അയാൾ അദ്ദേഹത്തെ തുറിച്ചുനോക്കി.
''സ്റ്റോപ്പ് ടോക്കിംഗ് റബ്ബിഷ്.""
പരുക്കൻ സ്വരത്തിൽ പറഞ്ഞെങ്കിലും പെട്ടെന്നു പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു:
''ഞാൻ വായിച്ചിട്ടുള്ള പ്രേതകഥകളിലൊന്നും ഒരു പ്രേതത്തിന്റെയും കാല്പാടുകൾ എവിടെയും പതിഞ്ഞതായി കണ്ടിട്ടില്ല. ചിത്രം വരയ്ക്കുന്ന പ്രേതത്തെക്കുറിച്ചും പ്രേതാത്മാക്കളെ ഡ്രോയിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളും നമ്മുടെ നാട്ടിലില്ല.""
അദ്ദേഹത്തിന്റെ ഫലിതം കേട്ട് ഞാനും പൊട്ടിച്ചിരിച്ചു.
''അതിരിക്കട്ടെ, നിങ്ങൾ ഇപ്പോഴുള്ള വീട്ടിൽ താമസമാക്കിയിട്ട് എത്രകാലമായി?""
''കൃത്യം അഞ്ചുവർഷം.""
''അതിനുശേഷം എപ്പോഴെങ്കിലും മാറി താമസിച്ചിട്ടുണ്ടോ?""
''ഇല്ല സാർ! വല്ലപ്പോഴും അവളുടെ കുടുംബവീട്ടിൽ പോയാൽ ഒരുദിവസം തങ്ങും. അതും അവളും കുട്ടികളും മാത്രം. ഞാനെങ്ങും പോകാറില്ല.""
അദ്ദേഹം വീണ്ടും ഒരു സിഗരറ്റ് വലതുകൈ വിരലുകൾക്കിടയിലെടുത്ത് ഇടതുകൈയുടെ ഉള്ളനടിയിൽ മൃദുവായി ഇടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി.
''ഭിത്തിയിൽ കണ്ടതുപോലെ ഒരുപടം മുറിയിൽ മറ്റെവിടെയെങ്കിലുംകണ്ടോ?""
അദ്ദേഹം എടുത്തുചോദിച്ചു.
''ഇല്ല...""
''നിങ്ങൾ നന്നായി പരിശോധിച്ചോ?""
''ങാ, ഒരുമാതിരിയെല്ലാം നോക്കി സാർ...""
പൃഥ്വി വീണ്ടും നിശബ്ദനായി.
''പിന്നെ അയാൾ എന്തിനായിരിക്കും സ്റ്റൂളിലും മേശപ്പുറത്തും കയറിയത്?""
അദ്ദേഹം തന്നോടുതന്നെയെന്നപോലെ ചോദിച്ചു.
''രണ്ടാമത്തെ തവണ ജനൽ തുറന്നപ്പോൾ ആ പഴയ ഗന്ധം ഉണ്ടായില്ലേ?""
''ഇല്ല...ഉണ്ടായില്ല.""
''പക്ഷേ, നിങ്ങൾ വീട്ടിലെത്തുമ്പോൾ ഭാര്യ ഉറക്കമുണർന്നിരുന്നു അല്ലേ?"
''അതേ.അവൾ തന്നെയാണ് വാതിൽതുറന്നത്. പക്ഷേ, പല പ്രാവശ്യം അവളെണീറ്റുവന്നത്. അപ്പോൾ എനിക്ക് സംശയം തോന്നി. അതാണ് ഞാൻ വീടൊക്കെ വീണ്ടും വീണ്ടും പരിശോധിച്ചത്.""
പൃഥ്വി കണ്ണടച്ച് താടിയിൽ വിരലോടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി. ഞാനാണെങ്കിൽ വിചിത്രമായ അയാളുടെ കഥാകഥനം കേട്ട് കണ്ണുമിഴിച്ചിരിക്കുകയായിരുന്നു.
''നിങ്ങൾ പൊലീസിനെ സമീപിച്ചില്ലേ?""
ഞാൻ ചോദിച്ചു
''പരാതിയുമായി പോയില്ല സാർ. കൂടെ പഠിച്ച ഒരു സ്നേഹിതൻ പൊലീസിലുണ്ട്. അവനെചെന്നുകണ്ട് കാര്യം അറിയിച്ചപ്പോൾ എനിക്ക് വട്ടാണെന്നു പറഞ്ഞു. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മോഷണമൊന്നും നടന്നിട്ടില്ല. വീട്ടിൽ ആർക്കും ഒരു കുഴപ്പവുമില്ല! പാതിരാത്രിയിൽ ഏതോ കള്ളൻ കയറി വന്ന് വീട്ടിനകത്ത് പടം വരച്ചിട്ട് പോയി എന്നുപറഞ്ഞാൽ അവൻ മാത്രമല്ല, നാട്ടുകാരും എനിക്ക് ഭ്രാന്താണെന്നു പറയില്ലേ സാർ?""
നിഷ്കളങ്കമായ അയാളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി.
''അല്ലെങ്കിൽ മാധവൻ പറഞ്ഞതുപോലെ സർപ്പക്കാട്ട് തിരുമേനിയെ വിളിക്കാൻ ഉപദേശിക്കും...""
തെല്ലു നിശബ്ദതയ്ക്കുശേഷം അയാൾ പൂരിപ്പിച്ചു.
''കഷ്ടിച്ച് അമ്പതുമീറ്റർ വരും.""
''ഈ ചിത്രപ്പണി അവിടെ ഉണ്ടായിട്ടുണ്ടോ?""
''ഇല്ല സാർ! ഞാനതു ചോദിച്ചതാണ്. പിന്നെ ഞാൻ നേരത്തെ പറഞ്ഞല്ലോ. ആ പൂജയ്ക്കുശേഷം ഒരു കുണ്ടാമണ്ടിയും ആ വഴിക്കു പോയിട്ടില്ലെന്നവൻ പറഞ്ഞു.""
''അതിരിക്കട്ടെ പകൽസമയം അപരിചിതരാരെങ്കിലും നിങ്ങളുടെ വീട്ടുപരിസരത്ത് ചുറ്റിത്തിരിയുന്നതായി കണ്ടിട്ടുണ്ടോ?""
തിളക്കം കുറഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ പലവട്ടം ഉയർന്നുതാണു. ഇരുകൈകളും മൃദുവായി കൂട്ടിത്തിരുമ്മിക്കൊണ്ട് അയാൾ ആലോചനയിലാണ്ടു.
''ങാ, ഒരു കാര്യമുണ്ട് സാർ..."
പെട്ടെന്നെന്തോ ഓർത്തെടുത്ത പോലെ അയാൾ ആവേശഭരിതനായി.
(തുടരും)