liverpool

പ്രിമിയർ ലീഗിൽ 68 ഹോം മത്സരങ്ങൾക്ക് ശേഷം ലിവർപൂളിന്റെ തോൽവി

ലണ്ടൻ : തോൽവിയറിയാതെ 68 മത്സരങ്ങൾ നീണ്ട ലിവർപൂളിന്റെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിലെ ഹോം മാച്ച് പ്രയാണം അവസാനിപ്പിച്ച് ബേൺലി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒറ്റ ഗോളിനായിരുന്നു ബേൺലിയുടെ വിജയം. 83-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ആഷ്ലി ബാൺസാണ് ബേൺലിയുടെ വിജയഗോൾ നേടിയത്.

മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ സീസണിൽ പ്രിമിയർ ലീഗ് കിരീടം നേടിയിരുന്ന ലിവർപൂൾ 2017 ഏപ്രിലിന് ശേഷം ആദ്യമായാണ് ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ തോൽക്കുന്നത്. ഈ സീസണിൽ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഈ മാസമാദ്യം ഒന്നാം സ്ഥാനത്തുനിന്ന് മാറേണ്ടിവന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ തട്ടിമാറ്റി ഒന്നാമതെത്തിയത്.

ബേൺലിക്കെതിരായ തോൽവിയോടെ ലിവർപൂൾ പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്. 19കളികളിൽ നിന്ന് 34 പോയിന്റാണ് ലിവർപൂളിനുള്ളത്. 19കളികളിൽ നിന്ന് 40 പോയിന്റുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മാഞ്ചസ്റ്റർ സിറ്റി(18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റ് ),ലെസ്റ്റർ സിറ്റി (19 മത്സരങ്ങളിൽ നിന്ന് 38 പോയിന്റ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.18 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള ടോട്ടൻഹാമാണ് ഒന്നാം സ്ഥാനത്ത്.