vaccine

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചതോടെ വിവിധരംഗങ്ങളിൽ നിന്ന് വാക്സിൻ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. രോഗങ്ങളുള്ളവരും മരുന്നുകൾ ഉപയോഗിക്കുന്നവരും വാക്സിൻ എടുക്കുന്നതിൽ ദോഷമുണ്ടോ? വാക്സിൻ എടുക്കുന്ന കാലയളവിൽ മദ്യം ഉപയോഗിക്കുന്നത് വാക്‌സിന്റെ ഗുണഫലത്തെ ബാധിക്കുമോ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്കകൾ. ഇതിലേക്കായി ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്‌ത് തയാറാക്കിയ പ്രധാനപ്പെട്ട വിവരങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

പതിനെട്ട് വയസിൽ താഴെയുള്ളവർ , ഗർഭിണികൾ,​ മുൻപ് മരുന്നുകൾ ഉപയോഗിച്ചപ്പോഴോ വാക്സിൻ എടുത്തപ്പോഴോ ഗുരുതര അലർജി പ്രകടിപ്പിച്ചവർ - ഈ വിഭാഗത്തിൽ പെടുന്നവരോടു മാത്രമേ വാക്‌സിൻ എടുക്കേണ്ട എന്ന് നിലവിൽ നിർദേശിച്ചിട്ടുള്ളൂ.

രോഗമുള്ളവർക്ക്

പ്രശ്‌നമുണ്ടോ?

പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, കരൾ - വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ,​ പക്ഷാഘാതമുള്ളവർ എന്നിവർ വാക്സിൻ എടുക്കാൻ മടികാണിക്കരുത്. കാരണം, ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് ( ഹൈ റിസ്‌ക് ഗ്രൂപ്പ് )​ കൊവിഡ് രോഗം വന്നാൽ ഗുരുതരാവസ്ഥയിലാകാനും മരണം സംഭവിക്കാനും സാദ്ധ്യത കൂടുതലാണ് . അതിനാൽ വാക്‌സിൻ എടുത്ത് സ്വയം സുരക്ഷിതരാകാൻ ശ്രദ്ധിക്കുക. ഇവർക്ക് വാക്സിൻ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നവും സൃഷ്‌ടിക്കില്ല. ആസ്‌പിരിൻ ഉപയോഗിക്കുന്നവർക്ക് വാക്സിൻ എടുക്കുന്നതു കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല.

മദ്യം ഒഴിവാക്കുക

ആൽക്കഹോൾ വാക്സിന്റെ ഗുണഫലം കുറയ്‌ക്കാൻ സാദ്ധ്യതയുള്ളതിനാൽ വാക്സിൻ എടുക്കുന്നതിന് ഒരാഴ്ച മുൻപേ മദ്യപാനം നിറുത്തുകയും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്‌ച കഴിയും വരെ മദ്യം ഒഴിവാക്കുകയും വേണം. അതായത് ഒന്നര മാസത്തോളം മദ്യം ഉപേക്ഷിക്കേണ്ടി വരും. വാക്സിന്റെ രണ്ടാമത്തെ ഡോസും എടുത്ത് രണ്ടാഴ്‌ച കഴിയുമ്പോൾ മാത്രമേ നമുക്ക് പൂർണമായും പ്രതിരോധശക്തി കൈവരിക്കാനാകൂ.

ഡോക്‌ടറുടെ

നിർദേശം തേടേണ്ടവർ

ഇൻട്രാ മസ്കുലാർ ഇഞ്ചക്ഷൻ അഥവാ പേശികൾക്കിടയിൽ നല്‌കുന്ന ഇഞ്ചക്ഷൻ എടുക്കരുതെന്ന് ഡോക്‌ടർമാർ നിർദേശിച്ചിട്ടുള്ളവർ ( ഉദാ: പ്ളേറ്റ് ലെറ്റ് കൗണ്ട് ക്രമാതീതമായി താഴുന്നവർ,​ ഹീമോഫീലിയയുള്ളവർ )​ നിർബന്ധമായും വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

രോഗം വന്നവർക്ക്

വാക്സിൻ വേണോ?​

തീർച്ചയായും വേണം. കാരണം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ വാക്സിൻ സഹായിക്കും.

കൊവിഡ് രോഗി

വാക്സിൻ സ്വീകരിക്കണോ?​

കൊവിഡ് സ്ഥിരീകരിക്കുകയോ രോഗം സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്നത് രോഗം പടരാനുള്ള സാദ്ധ്യത സൃഷ്‌ടിക്കുന്നതിനാൽ ലക്ഷണങ്ങൾ മാറി 14 ദിവസത്തിന് ശേഷം മാത്രം വാക്സിൻ സ്വീകരിക്കാം.

അതീവശ്രദ്ധ

പുലർത്തേണ്ടവർ

വാക്സിൻ എടുക്കാൻ സാധിക്കാത്ത ഗ്രൂപ്പുകളിൽ പെടുന്നവർ കർശനമായി സാമൂഹിക അകലം പാലിക്കുകയും കൊവിഡ് മാനദണ്‌ഡങ്ങൾ ( മാസ്ക്,​ സാനിട്ടൈസർ,​ കൈകഴുകൽ)​ പിന്തുടരുകയും വേണം. കാരണം വാക്സിൻ ലഭിക്കാത്തവർക്ക് കൊവിഡ് ഉയർത്തുന്ന ഭീഷണി കൂടുതലാണ്.

വാക്സിൻ എടുത്തശേഷം

മാസ്ക് വേണോ?​

തീർച്ചയായും. വാക്സിന് ശേഷവും മാസ്‌ക് ,​സാനിട്ടൈസർ,​ സാമൂഹിക അകലം എന്നിവ നിർബന്ധമായും പിന്തുടരുക.