opperation-jawa

നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന 'ഓപ്പറേഷൻ ജാവ' ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി.ബാലചന്ദ്രൻ, ധന്യ,​ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഓപ്പറേഷൻ ജാവ ഒരുങ്ങുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത് എന്നാണ് സംവിധായകൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌കരിക്കുന്നതിൽ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം പകരുന്നത്. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.