സുശാന്തിന്റെ പിറന്നാൾ ദിനത്തിൽ യാഷ് രാജിനും മഹേഷ് ഭട്ടിനും കരൺ ജോഹറിനും എതിരെ തുറന്നടിച്ചു കങ്കണ
''സുശാന്ത് ...മരിക്കുന്നതിന് മുൻപ് നിങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു ബോളിവുഡ് സ്വജനപക്ഷക്കാരുടേതാണെന്ന്.അവർ നിങ്ങളെ ഒഴിവാക്കുന്നെന്ന്. സഹായത്തിനായി വിളിച്ചപ്പോൾ ആരും നിന്നെ സഹായിച്ചില്ല. നിന്റെ വിഷമഘട്ടത്തിൽ നിന്നെ സഹായിക്കാൻ കഴിയാത്തതിൽ ഞാനിന്ന് ദുഖിക്കുന്നു.
നിനക്ക് അതെല്ലാം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു. എനിക്ക് തെറ്റിപ്പോയി പ്രിയപ്പെട്ടവനെ ...നിനക്ക് സ്വപ്ന വാഗ്ദാനം നൽകിയ കരൺ ജോഹർ നിന്റെ സിനിമകളുടെ റിലീസുകൾ തടഞ്ഞു. സൂപ്പർഹിറ്റായ നിന്റെ ചിത്രങ്ങൾ അവർ പരാജയമെന്ന് ചാപ്പകുത്തി. മഹേഷ് ഭട്ടിന്റെ കുഞ്ഞുങ്ങൾ നിന്നെ വേട്ടയാടിക്കൊണ്ടിരുന്നു. നിന്നെ മരണത്തിലേക്ക് തള്ളിവിട്ടു. യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കി.'' - കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിറന്നാൾ ദിനത്തിൽ സഹപ്രവർത്തകയും നടിയുമായ കങ്കണ റനൗട്ട് ,നടന്റെ അഭാവത്തിൽ പിറന്നാൾ ആശംസകൾ നേർന്നതിനൊപ്പം ബോളിവുഡിലെ സ്വജനപക്ഷകർക്കെതിരെ ശക്തമായ വിമർശനവും മുന്നോട്ട് വച്ചു.
സുശാന്തിനെ ദ്റോഹിച്ച യാഷ് രാജ് ഫിലിംസിനും മഹേഷ് ഭട്ടിനും കരൺ ജോഹറിനും മാപ്പില്ലെന്ന് കങ്കണ ഊന്നിപറഞ്ഞു. ബോളിവുഡ് നെപ്പോട്ടിസം (സ്വജനപക്ഷക്കാർ )മാഫിയയുടെ ഇരയാണ് സുശാന്ത് എന്ന് താരം പ്രതികരിച്ചു. നിങ്ങൾ ഇനിയെങ്കിലും മറ്റു കാര്യങ്ങൾ മറന്ന് ആ നടന്റെ പിറന്നാൾ ആഘോഷിക്കാനുള്ള മനസ് കാണിക്കണമെന്ന് കങ്കണ പറയുന്നു. അതോടൊപ്പം ബോളിവുഡിലെ ഖാൻ -കപൂർ മാഫിയയ്ക്ക് പുറമെയുള്ള താരങ്ങൾക്ക് കങ്കണ ഉപദേശവും നൽകി. ആരെയും ഒരു പരിധിക്കപ്പുറത്തേക്ക് വിശ്വസിക്കരുത്, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും പ്രേരിപ്പിക്കുന്നവരെയും ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുക, വൈകാരികമായും സാമ്പത്തികമായും നിങ്ങളെ ഉപയോഗിക്കുന്നവരിൽ നിന്ന് ഒഴിഞ്ഞുമാറുക . ഈ ഉപദേശങ്ങൾ എല്ലാവരും കൈക്കൊള്ളണമെന്ന് കങ്കണ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂൺ പതിനാലിനായിരുന്നു ബോളിവുഡ് സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ സുശാന്ത് സിംഗിന്റെ മരണം.ബാന്ദ്രയിൽ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെയും തെളിയിക്കാൻ സാധിച്ചിട്ടില്ല. മരണത്തിന് പിന്നാലെ ബോളിവുഡ് വിവാദങ്ങളുടെ നടുവിലായി.കങ്കണ റനൗട്ട് സ്വപ്രയത്നം കൊണ്ട് ബോളിവുഡിൽ സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയ താരം . ഏറെ വിവാദങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന നടി. പേടികൂടാതെ സ്വന്തം നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന താരം. മണികർണികയിൽ ഝാൻസി റാണിയായും ക്യൂനിലെ റാണി മെഹ്റയായും തനു വെഡ്സ് മനുവിലെ തനുവായും പ്രേക്ഷകരെ വിസ്മയിപ്പിച്ച കങ്കണയുടെതായി ഇനിയിറങ്ങാനുള്ള ചിത്രങ്ങൾ അപരാജിത അയോധ്യ, തലൈവി, ഇമ്ലി, ധാഘട് , തേജസ് എന്നിവയാണ്.