arnab-goswami

മുംബയ്: നടി കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തിയുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾ വൻ വിവാദമായിരുന്നു. എങ്കിലും കങ്കണ കടുത്ത പ്രതികരണത്തിനൊന്നും മുതിർന്നിരുന്നില്ല. ബി ജെ പി, ആർ എസ് എസ് സംഘടനകളുമായുളള ബന്ധം ഇല്ലാതാകുമോ എന്നപേടിയിലാണ് പ്രതികരിക്കാൻ മടിക്കുന്നതെന്നുവരെ ചിലർ പ്രചരിപ്പിച്ചു. ഒടുവിൽ കടുത്ത പ്രതികരണവുമായി നടി രംഗത്തെത്തി. അർണബ് പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യത്തിന്റെ അംശം പോലും ഇല്ലെന്നും അർത്ഥശൂന്യമെന്നും വ്യക്തമാക്കുന്നതാണ് കങ്കണയുടെ വാക്കുകൾ. ' 2017ലെ ഒരു ഇന്റർവ്യൂവിൽ ഹൃത്വിക് സൂചിപ്പിച്ച കാര്യങ്ങളാണ് വാട്സാപ്പിലുളളതെന്നാണ് അർണബ് പറയുന്നത്. എന്നാൽ ഞാനും ഹൃത്വിക്കുമായുളള അടുപ്പം തുടങ്ങുന്നത് 2019ൽ മാത്രമാണ്' -ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

നേരത്തേയും ചാറ്റിനെതിരെ കങ്കണ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 'ഇന്നുവരെ ആരുടെയെങ്കിലും ചോർന്ന സ്വകാര്യ ചാറ്റുകൾ, കത്തുകൾ, മെയിലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല. ഇത് ധാർമ്മിക മൂല്യങ്ങൾ, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്​. ലിബറലുകൾക്ക്​ ഇത്​ മനസിലാകില്ല' എന്നായിരുന്നു കങ്കണയുടെ ആദ്യ പ്രതികരണം.

കങ്കണക്ക് ഹൃത്വിക്കിനോട് അമിത ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്ന വാട്സാപ്പ് ചാറ്റിൽ ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്, ഉടൻ തന്നെ നടിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും അർണവ് പറയുന്നുണ്ട്. ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർകിന്റെ മുൻ സി ഇ ഒ പാർഥോ ദാസ്ഗുപ്തയുമായി നടത്തിയ അർണബ് ചാറ്റിലാണ് ഇങ്ങനെ പറയുന്നത്. ഇതിനൊപ്പം നടിക്ക് 'ഇറോട്ടോമാനിയ' ആണെന്നും അർണവ് പറയുന്നുണ്ട്. (ഒരു വ്യക്​തി തന്നെ ആരെങ്കിലും സ്​നേഹിക്കുന്നുണ്ടെന്ന്​ ഉറച്ച്​ വിശ്വസിക്കുകയും അയാൾ അത്​ അറിയാതിരിക്കുകയും ചെയ്യുന്ന അവസ്​ഥയാണ്​ ഇറോ​ട്ടോ മാനിയ)

കങ്കണയെ കുറി​ച്ച് പറയുന്നതി​നൊപ്പം പുൽവാമ ആക്രമണം, ബലാക്കോട്ട് എയർ സ്ട്രൈക്ക്, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെക്കുറിച്ചുള്ള പരാമൾശങ്ങൾ എല്ലാം ചാറ്റിന്റെ ഭാഗമായി പുറത്ത് വന്നിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.