springlar

കൊച്ചി: സ്‌പ്രിംഗ്ളർ കരാർ വഴി വ്യക്തിഗത വിവരങ്ങൾ ചോർ‌ന്നവർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്‌പ്രിംഗ്ളർ കരാർ അന്വേഷിച്ച മാധവൻ നായർ കമ്മി‌റ്റി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് രോഗികളുടെ വിവര വിശകലനത്തിനാണ് സർക്കാർ സ്‌പ്രിംഗ്ളർ കമ്പനിയെ ഏൽപ്പിച്ചത്. എന്നാൽ കമ്പനിയെ തിരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഈ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ആദ്യം ഹർജി നൽകിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് രോഗികളുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ സ്‌പ്രിംഗ്ളറിന് സർക്കാർ കൈമാറി. ഇവ അടിയന്തരമായി നീക്കാൻ ഏപ്രിൽ 12ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും മേയ് 20നാണ് സർക്കാർ ഇവ നീക്കം ചെയ്‌തത്. കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ സർക്കാർ വീഴ്‌ച വരുത്തിയത് മൂലം വ്യക്തിഗതവിവരങ്ങൾ ചോർന്നവർക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് ഇന്ന് നൽകിയ ഉപഹർജിയിൽ പ്രതിപക്ഷ നേതാവ് വാദിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ ചോർന്നവർക്കുള‌ള നഷ്ടപരിഹാരം മുഖ്യമന്ത്രിയിൽ നിന്നും അന്നത്തെ ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൽ നിന്നും ഈടാക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാൽ സ്‌പ്രിംഗ്ളർ കരാറിന്റെ ആഴമറിയാമെന്നും അതിനാൽ മാധവൻ നായർ കമ്മി‌റ്റി റിപ്പോർട്ട് അടിയന്തരമായി കോടതിക്ക് കൈമാറാൻ നിർദ്ദേശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ കൊവിഡ് രോഗികളെ കേരളം സംരക്ഷിച്ചതുപോലെ വേറെ എവിടെയാണ് സംരക്ഷിച്ചതെന്നും മികച്ച പ്രതിരോധ പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ കോടതി തീരുമാനമെടുക്കട്ടെയെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.