ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് പാർവ്വതി തിരുവോത്തിനെ നായികയാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാനം' ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരി 19ന് തിയേറ്റിൽ എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടൻ ഷൗക്കത്തിന്റേതാണ്. അദ്ദേഹം ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് വർത്തമാനം റിലീസിനൊരുങ്ങുന്നത് . സെൻസറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡ് റിവൈസിംഗ് കമ്മറ്റി പ്രവർത്തനാനുമതി നൽകിയതോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വർത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാർത്ഥിനിയുടെ കഥാപാത്രമാണ് പാർവ്വതിയുടേത്. റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രം ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ട്. ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പാർവ്വതി തിരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് വർത്തമാനത്തിലെ ഫൈസാ സൂഫിയ. ക്യാമറ: അഴകപ്പൻ, ഗാനരചന: റഫീക് അഹമ്മദ്, വിശാൽ ജോൺസൺ, പശ്ചാത്തല സംഗീതം: ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ: പി.ആർ.സുമേരൻ.