kamal

ചെന്നൈ: സുചി ലീക്ക്‌സിലൂടെ വിവാദങ്ങളുടെ താേഴിയായ ഗായിക സുചിത്ര നടൻ കമലഹാസനെതിരെ വിവാദപ്രസ്താവനയുമായി രംഗത്ത്. കമലഹാസൻ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും തീരെമോശം സ്വഭാവത്തിന് ഉടമയാണെന്നുമായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കവിതയിൽ സുചിത്ര ആരോപിച്ചത്.

കമലഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ തമിഴ് പതിപ്പിൽ സുചിത്ര മത്സരാർത്ഥിയായിരുന്നു. പിന്നീട് ഇവർ ഇതിൽനിന്ന് പുറത്തായി. ഷോയിൽ ഖാദിവസ്ത്രങ്ങൾക്ക് പ്രചാരണം നൽകുകയും മത്സരാർത്ഥികൾക്കെല്ലാം ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഇതിലും കമലഹാസൻ തന്നെ പറ്റിച്ചു എന്നാണ് സുചിത്ര പറയുന്നത്. കമലഹാസൻ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നും ഇതിലൂടെ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിക്കുന്നുണ്ട്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് അവർ തടിതപ്പി. സംഭവത്തോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

പ്രമുഖ സിനിമാതാരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സുചിത്ര വിവാദങ്ങളിൽ ഇടംപിടിച്ചത്.തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തുടക്കം. ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ പിന്നീട് നടീനടന്മാരുടെ സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു തുടങ്ങി. ഇതിനുശേഷം സുചിത്ര സിനിമയിൽ നിന്ന് ദീർഘകാലത്തെ ഇടവേളയെടുത്തു. കുറച്ചുകാലം മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലുമായിരുന്നു. അടുത്തിടെയാണ് സിനിമയിൽ മടങ്ങിയെത്തിയത്.