സ്‌ക്രീനിൽ കാണുന്നത് പോലെ അത്ര സുഖകരമല്ല പല താരങ്ങളുടേയും വ്യക്തി ജീവിതം. മികച്ച പ്രണയജോഡികളായി പേരെടുത്തവരും, അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടവരുമെല്ലാം വ്യക്തി ജീവിതത്തിൽ അങ്ങനെയാവണമെന്നില്ല. തങ്ങളുടെ വ്യക്തി ജീവിതത്തിലെ തിരിച്ചടികളെക്കുറിച്ച് വാചാലരായും താരങ്ങളെത്താറുണ്ട്. പ്രണയവും വിവാഹവും വിവാഹമോചനങ്ങളുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിവാദങ്ങളുടെ തോഴനായി വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജയ് ദത്ത്. അദ്ദേഹത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. അഭിനേത്രിയായ റിച്ച ശർമ്മയെയായിരുന്നു സഞ്ജയ് ദത്ത് വിവാഹം ചെയ്തത്. ഇവരുടെ വിവാഹമോചനത്തെക്കുറിച്ചും റിച്ചയുടെ വിയോഗത്തെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഇടക്കാലത്ത് സജീവമായിരുന്നു. റിച്ചയുടെ ചിത്രങ്ങൾ കണ്ടായിരുന്നു സഞ്ജയ്ക്ക് പ്രണയം തോന്നിയത്. മാഗസിൻ പേജുകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു റിച്ച. റിച്ചയുടെ നമ്പർ സംഘടിപ്പിച്ച് അങ്ങോട്ട് വിളിക്കുകയായിരുന്നു താരം. റിച്ച സഞ്ജയിനോട് ഇഷ്ടം അറിയിക്കുകയായിരുന്നു. 1987ലായിരുന്നു ഇവരുടെ വിവാഹം. 1988ലായിരുന്നു മകൾ ത്രിശല ജനിച്ചത്. റിച്ചയ്ക്ക് അർബുദ രോഗം സ്ഥിരീകരിച്ചതോടെയായിരുന്നു കാര്യങ്ങൾ മാറിമറിഞ്ഞത്. ഇക്കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചിതരായതെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു അക്കാലത്ത് പ്രചരിച്ചത്. റിച്ചയുടെ കുടുംബത്തിന്റെ അനാവശ്യ ഇടപെടലുകളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. അസുഖം കാരണമല്ല ഭാര്യയെ ഉപേക്ഷിച്ചത്. രോഗാവസ്ഥയിലും ഭാര്യയ്‌ക്കൊപ്പം നിന്നയാളാണ് താനെന്ന് സഞ്ജയ് പറയുന്നു. റിച്ചയുമായി തനിക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. അവരുടെ മാതാപിതാക്കളാണ് ഗുരുതരമായ ആരോപണങ്ങളുമായി വന്നത്. ഞങ്ങളുടെ ബന്ധം വഷളായതും അവരുടെ ഇടപെടലിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യയ്ക്കും ഭർത്താവിനുമിടയിലെ പ്രശ്നങ്ങളിൽ വീട്ടുകാർ ഇടപെടേണ്ടതില്ലായിരുന്നു. അവരിൽ ഒതുങ്ങാമായിരുന്ന പ്രശ്നങ്ങളായിരുന്നു ഉണ്ടായതെന്നും താരം വ്യക്തമാക്കിയിരുന്നു. മകളുമായി അടുത്ത ബന്ധമാണ് സഞ്ജയ് സൂക്ഷിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെയായി ത്രിശല എത്താറുണ്ട്. എത്ര വളർന്നാലും എന്നും പപ്പയുടെ കുഞ്ഞുമകളായിരിക്കും താൻ. നിങ്ങളുടെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരപുത്രി പറഞ്ഞിരുന്നു.