ചിലർ വലിയ ഉദ്യോഗസ്ഥരായിരിക്കും. അടുത്ത് ഇടപഴകാത്തവർക്ക് വലിയ ആദരവും മതിപ്പുമായിരിക്കും. കുറേ നാൾ അടുത്ത് ഇടപഴകിക്കഴിഞ്ഞാൽ മതിപ്പെല്ലാം പോകും. കാരണം മറ്റുള്ളവർക്ക് ആദരിക്കത്തക്കതോ മതിപ്പുളവാക്കുന്നതോ ആയ ഗുണഗണങ്ങളൊന്നും കാണില്ല. എന്നാൽ മറ്റു ചിലർക്ക് വലിയ സ്ഥാനമാനങ്ങളോ സാമ്പത്തികമോ കാണില്ല. അടുത്ത് ഇടപഴകിക്കഴിഞ്ഞാൽ കുറേനാൾ കഴിയുമ്പോൾ വലിയ ബഹുമാനം തോന്നുകയും ചെയ്യും.ഇടത്തരം കെട്ടിടനിർമ്മാണ കോൺട്രാക്ടറായ സുരേന്ദ്രൻ ഈ വിഭാഗത്തിൽപെടും. വലിയവീടുകളിലെ ചെറിയ മനസുള്ളവരെക്കുറിച്ചും കുടിലുകളിൽ കഴിയുന്ന വലിയ മനസുള്ളവരെക്കുറിച്ചും ഈയിടെ കണ്ടപ്പോൾ അയാൾ വാചാലനായി. പലവീടുകളിലും പണിക്ക് പോകുമ്പോൾ വീട്ടിലുള്ളവരുടെ മനസിന്റെ വിസ്തീർണം അളക്കാൻ കഴിയും. കഷ്ടിച്ച് 750 അടി വീടായിരിക്കും നിർമ്മിക്കുക. സാധുക്കളായ ആ വീട്ടുകാർക്ക് ഉത്സവമാണത്. ഉച്ചഭക്ഷണം കൊണ്ടുപോയാലും ഒരുമണിക്കൂർ കഴിയുമ്പോൾ കട്ടൻചായയെങ്കിലും നൽകും. കൊട്ടാരസദൃശ്യമായ ചില വീടുകളിൽ കഴിയുന്നവർ ജോലിചെയ്തു തളരുമ്പോൾ ദാഹിച്ചവെള്ളം വേണമോ എന്നുപോലും ചോദിക്കില്ല. സമത്വം, സോഷ്യലിസം എന്നൊക്കെ ഇടയ്ക്കിടെ പറയും. വിശാലചിന്താഗതിക്കാരായ ആചാര്യന്മാരെ ഭിത്തിയിൽ നാലുപേർ കാണത്തക്കരീതിയിൽ പ്രദർശിപ്പിച്ചിരിക്കും. കൈയിലിരിപ്പാകട്ടെ പറയാതിരിക്കുന്നതാ ഭേദം.
സുരേന്ദ്രന്റെ അയൽവാസി ഒരു സമ്പന്നനാണ്. എന്തോ നിസാരകാര്യത്തിന് അയാൾ ഒരിക്കൽ പറഞ്ഞു: എന്റെ കുടുംബത്തിലെ 20 പേർ അമേരിക്കയിലാണ്, എല്ലാം പണം കായ്ക്കുന്ന മരങ്ങൾ. നിന്റെ തേപ്പുകരണ്ടി കൊണ്ട് ഒരായുഷ്ക്കാലം നീ ചുവരുകളുംതേച്ച് നടന്നാൽ എന്തുണ്ടാക്കാനാ? സുരേന്ദ്രൻ മേസ്തിരി അയാളുടെ സമ്പത്തിൽ നിന്ന് വന്ന വാക്കുകൾ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. പണമുണ്ടെങ്കിൽ മറ്റുള്ളവരെ ഒന്നു ഭരിച്ചുകളയാം. കൈയൂക്കുണ്ടെങ്കിൽ ദുർബലരെ ഒന്നുവിരട്ടിക്കളയാം. സൗന്ദര്യമുണ്ടെങ്കിൽ അതല്പം കുറഞ്ഞവരെ അപമാനിച്ചുകളയാം എന്നൊക്കെ ഭാവിച്ചും ചിന്തിച്ചും ഞെളിയുന്നവർ എല്ലാകാലത്തും എല്ലാനാട്ടിലുമുണ്ട്. പ്രകൃതിചെവിക്ക് പിടിച്ച് കിഴുക്കിയാലേ അവരുടെ തലക്കനം തീരുകയുള്ളൂ. സുരേന്ദ്രൻ ചിരിച്ചുകൊണ്ട് അയൽവാസിയുടെ ശേഷിച്ച കഥ കൂടി പറഞ്ഞു.
ഒരിക്കൽ പമ്പയിൽ വെള്ളം പൊങ്ങി. തോരാത്ത പേമാരിയും മലവെള്ളപ്പാച്ചിലും. ആറ്റിൻകരയിലാണ് സുരേന്ദ്രന്റെയും സമ്പന്നന്റെയും വീട്. കിട്ടാവുന്നതൊക്കെ എടുത്ത് സുരേന്ദ്രൻ കുടുംബാംഗങ്ങളുമായി വീട് മാറുകയാണ്. അപ്പോൾ സമ്പന്നന്റെ ദയനീയമായ വിലാപം. കൈയിലെ സഞ്ചിയുമായി സുരേന്ദ്രൻ ആ വീട്ടിലേക്ക് ചെന്നു. മുൻഭാഗം പൂട്ടിക്കിടക്കുകയാണ്. അയാൾ തേപ്പുകരണ്ടികൊണ്ട് വാതിലിൽ വിടവുണ്ടാക്കി. പിന്നെ ശക്തമായി ചവിട്ടിത്തുറന്നു. ദൈവം രക്ഷിച്ചു. സമ്പന്നൻ അറിയാതെ പറഞ്ഞു.
രണ്ടാഴ്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സമ്പന്നൻ സുരേന്ദ്രനെ കാണാനെത്തി. സ്വരവും ഭാവവും മാറിയിരിക്കുന്നു. ഒരു തേപ്പുകരണ്ടിക്ക് രക്ഷകനാകാൻ കഴിയുമെന്ന് ബോദ്ധ്യമായി. പണത്തിന്റെ കൊളസ്ട്രോൾ കയറിയപ്പോൾ ഞാൻ ജല്പിച്ച കിറുക്കെല്ലാം മറക്കണം പൊറുക്കണംം. പമ്പയാറും പ്രകൃതിയും അപ്പോൾ ശാന്തമായിരുന്നു. ആരാധനയോടെ സുരേന്ദ്രൻ തന്റെ പണിയായുധമായ തേപ്പുകരണ്ടിയിൽ നോക്കി.
(ഫോൺ: 9946108220)