shivamoga

ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലേക്ക് ജലാറ്റിൻ കൊണ്ടുവന്ന ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം എട്ടായി. ഉഗ്രസ്‌ഫോടനത്തിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

സംഭവത്തിൽ ക്വാറി ഉടമയെയും ഡൈനാമിറ്റ് വിതരണം ചെയ്യുന്നയാളെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്ത് വലിയ അളവിൽ സ്ഫോടകവസ്തു ശേഖരിച്ചിരുന്നതായും അവ കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടായെന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നിർദ്ദേശപ്രകാരം ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ രാത്രി 10.30 ഓടെ ബംഗളൂരുവിൽ നിന്ന് 300 കി.മീ അകലെയുള്ള ശിവമോഗ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹുനസോഡുവിലെ സുരക്ഷിത മേഖലയിൽ സ്ഥിതിചെയ്യുന്ന ലൈസൻസുള്ള റെയിൽവേ ക്രഷർ സൈറ്റിലാണ് സ്ഫോടനമുണ്ടായത്. ക്വാറിക്ക് സമീപം നിറുത്തിയിട്ടിരുന്ന ട്രക്കിലെ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്.

ബോംബ് സ്‌ക്വാ‌ഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സ്‌ഫോടനത്തിന്റെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനമാണെന്ന് കരുതി ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. റോഡുകളിൽ വിളളൽ വീണു.

ശിവമോഗ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരന്തത്തിൽപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ കർണാടക മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.

- പ്രധാനമന്ത്രി നരേന്ദ്രമോദി

സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കും. സംസ്ഥാനത്ത് അനധികൃത ഖനനം നിരോധിച്ചിരിക്കയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയെടുക്കും.

-മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ