ഇന്നും ആ അകാല വേർപാട്ഉൾക്കൊള്ളാൻ മലയാളികൾക്ക് ആയിട്ടില്ല. പ്രത്യേകിച്ച് സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്നവർക്ക്! പി. പത്മരാജൻ രാത്രിയുടെ പതിനേഴാമത്തെ കാറ്റിൽ ഇല്ലാതാകാത്ത കഥകളുടെ ഗന്ധർവനായിരുന്നു.നാളെ പദ്മരാജന്റെ മുപ്പതാം ചരമവാർഷികം
പാലക്കൊമ്പിൽ കാറ്റടിച്ച് പൂക്കൾ ഇളകിയാടുകയാണ്. കുറ്റിക്കാടുകളിൽ നിന്ന് മഞ്ഞളിപ്പിയ്ക്കുന്ന ഒരു പ്രകാശം സുന്ദരിയായ നായിക ഭാമയുടെ മുഖത്തേയ്ക്ക്!
അവൾ അസ്വസ്ഥയാകുന്നു. പിന്നിൽ നിന്ന് ഭാമയുടെ കണ്ണുകൾ പൊത്തുന്ന ഗന്ധർവൻ.
പാതിരൂപം കാട്ടിക്കൊണ്ട് കണ്ണഞ്ചിപ്പിച്ചും ചിത്രശലഭമായി മാറിയും ഒരു ഗഗനചാരി. അപ്പോൾ, മാസ്മരികമായ മുഴക്കത്തിൽ ഗന്ധർവനെ പരിചയപ്പെടുത്തുന്ന സംവിധായകൻ.ഞൊടിയിടയിൽ ഭാമയുടെ ആവശ്യപ്രകാരം പ്രത്യക്ഷപ്പെടുന്ന ഗന്ധർവൻ.അതേവേഗത്തിൽ കാണാതെയുമാകുന്നു. പിന്നീട് പാന്റും ഷർട്ടും ധരിച്ച് ശ്രീകൃഷ്ണന്റെ മുഖമുള്ള നായകൻ വീണ്ടും വെള്ളിയാഴ്ചകളിൽ മാത്രമല്ല, ഭാമയ്ക്കു മാത്രം എന്നും സ്പർശിക്കാനാവുന്ന വിധം എത്തുന്ന കാമുകൻ.
മലയാളികളുടെ ചലച്ചിത്ര സങ്കല്പങ്ങൾക്ക് വർണ്ണച്ചിറകുകൾ നല്കിയ ഒരാൾ ഉണ്ടായിരുന്നു...ആറുമണിയുടെ പുലർച്ചയിൽ ആ ശബ്ദം ആകാശവാണിയിലൂടെ മലയാളി കേട്ടുണർന്നു. അത് പി. പത്മരാജന്റെ സ്വരം ആയിരുന്നു.
മെടഞ്ഞെടുത്ത കഥകൾ സിനിമകളായി... ദൗർബല്യവും ഭയവും ഹിംസയും പരസ്പരം ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന് ദൃശ്യഭാഷയിലൂടെ പറഞ്ഞുറപ്പിച്ചതിനൊപ്പം നാടകീയമായി അവതരിപ്പിയ്ക്കാനും കഴിഞ്ഞ സംവിധായകനാണ്, എഴുത്തുകാരനാണ് പത്മരാജൻ. പ്രത്യേക നായകഗുണമോ ദുരന്തങ്ങളുടെ അനുഭവങ്ങളോ ഗൗരവമോ പോലുമില്ലാത്ത കഥാനായകൻമാരിലൂടെ ആ ശബ്ദത്തിന്റെ ഉടമ മലയാള സിനിമാ ആസ്വാദകരെ കയ്യിലെടുത്തു.
പ്രേമവും കാമവും ഭയവും ക്രൂരതയും ദാരിദ്ര്യവും സമ്പന്നതയും സദാചാരവും സാമൂഹികതയും തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങൾ ചേർന്ന് 'രതിനിർവേദം" എന്ന സിനിമയിൽ പത്മരാജൻ എഴുതിയ കാറ്റും മഴയുമുള്ള സർപ്പക്കാവിലെ രാത്രി! പഴയതലമുറയും പുതിയതലമുറയും മറന്നുകാണില്ല. പ്രായവ്യത്യാസമുള്ള രണ്ടു നാഗങ്ങളായി മാറുന്ന രതിചേച്ചിയും പപ്പുവും. 'പോട്ടെ" എന്നാണ് രതി പപ്പുവിനോട് ചോദിയ്ക്കുന്നത്. അത് മരണത്തിലേയ്ക്കുള്ള പോക്കായിരുന്നു...
പ്രകൃതിയുടെ പ്രതികാരവും ശാപവും പോലെയാണ് രതിയുടെ അന്ത്യം സംഭവിയ്ക്കുന്നത്. 'എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്"എന്ന് ക്ലാര പറഞ്ഞത് കേരളക്കരയിലെ നായികമാർക്കുള്ളിലെ പ്രണയനിരാശയുടെ ശബ്ദമായിരുന്നു. ആവർത്തന വിരസതയില്ലാത്ത സിനിമികളാണ് പത്മരാജൻ സിനിമകളുടെ പ്രത്യേകത.
പി.പത്മരാജൻ, കൃത്യമായി ജീവിതം പഠിച്ച ആദർശശുദ്ധിയുള്ള വ്യക്തിയായിരുന്നു. ആദ്യസിനിമയായ പെരുവഴിയമ്പലം മുതൽ അവസാന സിനിമയായ ഞാൻ ഗന്ധർവനിൽ വരെ എത്തിച്ചേരുന്ന വൈവിധ്യം നമുക്ക് കാണാം.മലയാള സിനിമയിൽ ഇത്രയധികം വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്ത മറ്റൊരു ചലച്ചിത്രകാരനില്ല.യുവജനങ്ങൾ ആഘോഷിച്ച തൂവാനത്തുമ്പികൾ, ദേശാടനക്കിളി കരയാറില്ല, പറന്ന് പറന്ന് പറന്ന് തുടങ്ങിയ എത്രയോ സിനിമകൾ.
പത്മരാജൻ കഥകളെഴുതിയത് ഒരു പ്രത്യേക കാലത്തിനുവേണ്ടിയായിരുന്നില്ല. പുതിയ തലമുറയ്ക്ക് ആയിരുന്നു ആ സിനിമകൾ. ഇന്നും ആ അകാല വേർപാട് ഉൾക്കൊള്ളാൻ മലയാളികൾക്ക് ആയിട്ടില്ല. പ്രത്യേകിച്ച് സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്നവർക്ക്! പി. പത്മരാജൻ രാത്രിയുടെ പതിനേഴാമത്തെ കാറ്റിൽ ഇല്ലാതാകാത്ത കഥകളുടെ ഗന്ധർവനായിരുന്നു.
(ലേഖിക പ്രമുഖ കഥാകൃത്താണ്)