വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേർപ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ദ്ധ സംഘത്തിന്റെ അഭിപ്രായം തേടുമെന്ന്
വ്യക്തമാക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ 'സുപ്രീം കോടതി' എന്നറിയപ്പെടുന്ന വിദഗ്ദ്ധ സംഘം നൽകുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിനെതിരെ തുടർനടപടി സ്വീകരിക്കുന്നത്. മനുഷ്യവകാശപ്രവർത്തകർ, നൊബേൽ ജേതാവ്, ഡാനിഷ് മുൻ പ്രധാനമന്ത്രി എന്നിവരടങ്ങിയതാണ് ഫെയ്സ്ബുക്കിന്റെ വിദഗ്ദ്ധ സമിതി.
ശരിയായ തീരുമാനമാണ് ട്രംപിനെതിരെ സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് ഗ്ലോബൽഅഫേഴ്സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. സമാധാനപരമായ അധികാരകൈമാറ്റത്തെ തകിടം മറിക്കാൻ ട്രംപ് മനഃപൂർവം നടത്തിയ ശ്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും ജനാധിപത്യ ലംഘനത്തിന് കാരണമായതായും ക്ലെഗ് വ്യക്തമാക്കി.
ഫേസ്ബുക്ക് സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിലക്ക് തുടരുകയോ പിൻവലിക്കുകയോ ചെയ്യുന്നതെന്ന് ക്ലെഗ് പറഞ്ഞു.
ട്രംപിന്റെ ഓൺലൈൻ അഭിസംബോധനകൾ നിശബ്ദമാക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.