fuel-duty

 നികുതി കുറയ്ക്കാൻ ധനമന്ത്രാലയത്തിന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്ത്

കൊച്ചി: പെട്രോൾ, ഡീസൽ വില രാജ്യമെമ്പാടും പുത്തൻ ഉയരത്തിലെത്തിയ പശ്ചാത്തലത്തിൽ ജനരോഷം തടയാൻ കേന്ദ്രസർക്കാർ എക്‌സൈസ് നികുതി കുറച്ചേക്കും. നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് പെട്രോളിയം മന്ത്രാലയം കത്തും നൽകിയിട്ടുണ്ട്.

വീര്യംകെടാതെ തുടരുന്ന കർഷകസമരം കേന്ദ്രത്തിന് വൻ ക്ഷീണമായിട്ടുണ്ട്. കേരളവും ബംഗാളും തമിഴ്‌നാടുമടക്കം പ്രമുഖ സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലാണെന്നതും കേന്ദ്രം പരിഗണിക്കുന്നു. 2020 ജനുവരിയിൽ ബാരലിന് 66 ഡോളറായിരുന്ന ക്രൂഡോയിൽ വില, ലോക്ക്ഡൗണിൽ റെക്കാഡ് താഴ്‌ചയായ 19 ഡോളറിൽ എത്തിയപ്പോഴാണ്, നികുതിവരുമാനം നിലനിറുത്താനായി കേന്ദ്രം എക്‌സൈസ് നികുതി കൂട്ടിയത്.

ഇപ്പോൾ ക്രൂഡ് വില 50-55 ഡോളറിലെക്ക് തിരിച്ചെത്തിക്കഴിഞ്ഞു. രാജ്യത്ത് മുംബയിലും ഡൽഹിയിലുമടക്കം പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയരത്തിലുമെത്തി. ക്രൂഡ് വില ഇനിയും കൂടിയാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 100 രൂപ കടക്കും. ഇതൊഴിവാക്കാനായി, എക്‌സൈസ് നികുതി കുറയ്ക്കാൻ ധനമന്ത്രാലയം തയ്യാറായേക്കും.

₹100 കടക്കാൻ ശ്രീഗംഗാനഗർ

രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോൾ വില 100 രൂപയിലെത്താൻ ഇനി വേണ്ടത് രണ്ടര രൂപയോളം മാത്രം! ഇന്നലെ ഇവിടെ പെട്രോൾ വില്പന 97.23 രൂപയ്ക്കായിരുന്നു. 88.91 രൂപയാണ് ഡീസൽ വില. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില ഇവിടെയാണ്.

എക്‌സ്‌ട്രാ പ്രീമിയം പെട്രോളിന് ഇന്നലെ ഇവിടെ വില 99.99 രൂപയായിരുന്നു. മേയിൽ രാജസ്ഥാൻ സർക്കാർ വാറ്റ് കുത്തനെ കൂട്ടിയതാണ് ഇവിടെ വില ഉയർന്നു നിൽക്കാൻ കാരണം.

കേന്ദ്രത്തിന്റെ അക്ഷയപാത്രം

കൊവിഡിൽ മറ്റു നികുതിവരുമാന മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ കേന്ദ്രം ആയുധമാക്കിയത് ഇന്ധന എക്‌സൈസ് നികുതിയാണ്.

 ലോക്ക്ഡൗണിൽ രണ്ടുതവണയായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടി.

 ഇപ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 32.98 രൂപ. ഡീസലിന് 31.83 രൂപ.

 2014ൽ മോദി അധികാരത്തിലേറുമ്പോൾ നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രം.

 ഇന്ത്യയിൽ പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 69 ശതമാനവും നികുതി.

 നടപ്പുവർഷം ഏപ്രിൽ-നവംബറിൽ 1.96 ലക്ഷം കോടി രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി വരുമാനം.

 ലിറ്ററിന് ഒരുരൂപ എക്‌സൈസ് നികുതി കൂട്ടിയാൽ, കേന്ദ്രത്തിന് ലഭിക്കുന്ന അധികവരുമാനം 14,500 കോടി രൂപ.

എത്ര കുറയും?

ലോക്ക്ഡൗണിൽ കൂട്ടിയ അധിക എക്‌സൈസ് നികുതിയുടെ പകുതി കുറയ്ക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പെട്രോളിനും ഡീസലിനും അഞ്ചുരൂപവരെ കുറഞ്ഞേക്കും.