വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് അടുക്കുന്നു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 98,188,795 രോഗികളാണുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്. യഥാക്രമം, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളുണ്ട്. ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളാകട്ടെ, ജനിതക മാറ്റം വന്ന കൊവിഡിന്റെ പിടിയിലുമാണ്. കൊവിഡ് ബാധിച്ച് ഇതുവരെ 2,102,751 പേരാണ് മരിച്ചത്. 70,596,936 പേർ ഇതുവരെ രോഗമുക്തരായെന്നുള്ളത് ആശ്വാസകരമായ വിഷയമാണ്.
അതേസമയം, കൊവിഡ് മുക്തി നേടുന്നവരിൽ എട്ടിലൊരാൾ മരണത്തിന് കീഴടങ്ങുന്നതായി ബ്രിട്ടനിലെ 'ലീസെസ്റ്റർ യൂണിവേഴ്സിറ്റിയും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.
കൊവിഡ് മുക്തി നേടുന്ന 29 ശതമാനം പേരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെടുകയും 30 ശതമാനത്തോളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചികിത്സകൾ തുടരുന്നതിനിടെ ഇവരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുകയാണെന്നും പഠനത്തിൽ പറയുന്നു.കൊവിഡ് മുക്തിയ്ക്ക് ശേഷം മിക്കവർക്കും പലവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇതോടെ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥ സംജാതമാകുന്നു. പലരേയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരാറുമുണ്ട്. ചിലർ കൊവിഡാനന്തര പ്രശ്നങ്ങളാൽ മരണപ്പെടുന്നു. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്നും പഠനത്തിൽ പറയുന്നു.
കൊവിഡ് മുക്തി നേടുന്ന ഭൂരിഭാഗം പേരിലും ഹൃദ്റോഗം, പ്രമേഹം, കരൾ - വൃക്ക രോഗങ്ങൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.