മുംബയ്: ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കുമെന്ന് എല്ലാവർക്കും അറിയാം. ചിരട്ടയും മണ്ണും മാത്രമല്ല, ശുദ്ധമായ ചാണകവും ആമസോണിൽ വില്പനയ്ക്കുണ്ട്. ഇതിനൊക്കെ ആവശ്യക്കാരും ഏറെയാണ്. അത്തരത്തിലൊന്നാണ് മതപരമായ ആവശ്യങ്ങൾക്ക് കത്തിക്കാനുപയോഗിക്കുന്ന ചാണക വറളികൾ (ചാണക കേക്ക്).
ഇത് വാങ്ങി കഴിച്ചശേഷം അതിന്റെ റിവ്യൂ പോസ്റ്റുചെയ്തിരിക്കുകയാണ് ഒരാൾ. ചാണക വറളി എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കക്ഷിക്ക് മനസിലായില്ല. പേരിൽ 'കേക്ക്' എന്നെഴുതിയിരിക്കുന്നത് കണ്ടതോടെ ഓർഡർ ചെയ്തു വരുത്തി കഴിച്ചു നോക്കുകയായിരുന്നു.
‘ഞാൻ അത് കഴിച്ചപ്പോൾ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയായിരുന്നു രുചി. ചെളി നിറഞ്ഞ എന്തോ ഒന്ന് കഴിച്ചതുപോലെയും തോന്നി. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. ഒപ്പം അല്പം ക്രഞ്ചിയായിരിക്കാൻ (കറുമറാ) ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. '- വാങ്ങിച്ചയാൾ റിവ്യൂ ഇട്ടു.
ചാണക വരളിയെക്കുറിച്ചുളള അവലോകനം ശ്രദ്ധയിൽപ്പെട്ട ഡോ. സഞ്ജയ് അറോറ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.
"യെ മേരാ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ" എന്ന കുറിപ്പോടെയാണ് സഞ്ജയ് അറോറ സ്ക്രീൻഷോട്ടുകൾ പോസ്റ്റുചെയ്തത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ഇത് ശരിക്കും സംഭവിച്ചതാണോ എന്നാണ് കൂടുതൽപ്പേരും ചോദിച്ചിരിക്കുന്നത്.