തിരുവനന്തപുരം: ഭാരതീയ ചിത്രകലയ്ക്ക് ആഗോള പ്രശസ്തി നൽകിയ രാജാ രവിവർമ്മയ്ക്ക് അനുയോജ്യമായ സ്മാരകം തലസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് രാജാരവിവർമ്മയുടെ പേരിൽ ഒരു ആർട്ട് ഗാലറി ഒരുങ്ങുന്നത്. മ്യൂസിയം വളപ്പിലെ മറ്റു കെട്ടിടങ്ങളുടെ ഘടനയോട് ചേർന്നു പോകുന്ന രീതിയിൽ പരമ്പരാഗത തനിമ നിലനിർത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇരു നിലകളിലായി 10,056 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആർട്ട് ഗ്യാലറിയിൽ എക്സിബിഷൻ ഹാൾ കൺസർവേഷൻ ഫെസിലിറ്റി എന്നിവയാണ് സജ്ജീകരിച്ചിക്കുന്നത്.
നിലവിൽ കെട്ടിട നിർമ്മാണം വേഗത്തിൽ നടന്നുവരികയാണ്. മേയിൽ നിർമ്മാണം പൂർത്തിയാക്കും. സർക്കാർ നോഡൽ ഏജൻസിയായ കേരള മ്യൂസിയമാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജാ രവിവർമ്മയുടെ പ്രശസ്ത ചിത്രങ്ങളായ ഹംസ ദമയന്തി, ദ്രൗപതിയും സിംസികയും, ദർഭമുനകൊണ്ട ശകുന്തള, മോഹിനിയും രുക്മാനന്ദയും എന്നീ പ്രശസ്‌ത ചിത്രങ്ങളാണ് നിർമ്മിക്കുന്ന ആദ്യ വരിയിൽ ഇടം പിടിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വരച്ച ചിത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.
രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാ രവിവർമ്മയുടെ ലോക പ്രശസ്തമായ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ച് പ്രദർശിപ്പിക്കുകയാണ് പുതിയ ആർട്ട് ഗ്യാലറിയുടെ ലക്ഷ്യം. ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും രവിവർമ്മ സ്‌കൂൾ ഒഫ് ആർട്സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിലേക്ക് മാറ്റുന്നത്. 150 ലേറെ ചിത്രങ്ങളാണ് ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിനായി ഒരുക്കുക.
സവിശേഷതകൾ
പദ്ധതിക്ക് 9 കോടി രൂപയാണ് ചെലവ്
ഇരുനിലകളിലായിട്ടാണ് നാടൻ ശൈലിയിലുള്ള നിർമ്മാണ പ്രവർത്തനം
പൂർത്തീകരണത്തോടെ രാജാരവിവർമ്മ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരങ്ങളുള്ള ഗാലറിയായി മാറും
രാജാ രവിവർമ്മയുടെ 43 ചിത്രങ്ങളും 96 പെൻസിൽ വരകളുമാണ് സ്ഥാപിക്കുന്നത്
5 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമമെന്ന് മ്യൂസിയം ഡയറക്ടർ എസ്.അബു
ചിത്രങ്ങൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ അന്തരീക്ഷ ഊഷ്മാവും
ജലസാന്ദ്രത നിയന്ത്രിക്കുന്ന സംവിധാനം സജ്ജീകരിക്കും
ലിഫ്റ്റ് സംവിധാനവുമുണ്ട്
24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനം
ഗ്യാസ് വഴി നിയന്ത്രിക്കുന്ന ആധുനിക രീതിയിലുള്ള അഗ്‌നിസുരക്ഷ
ചിത്രങ്ങളെല്ലാം സംരക്ഷണപ്രക്രിയയ്ക്ക് വിധേയമാക്കുന്ന ലാബും സജ്ജീകരിക്കും