മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ രഹസ്യപുത്രിയുടെ വിവരങ്ങൾ പുറത്തുവിട്ട് അലക്സി നവൽനി അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ. പുടിന്റെ വീട്ടുവേലക്കാരിയായിരുന്ന സ്വെറ്റ്ലാന ക്രിവൊണോഗിക്കിൽ പുടിന് ലൂസിയ (എലിസാവേറ്റ) എന്നൊരു പുത്രി 2003ൽ ജനിച്ചെന്നാണ് ആരോപണം. സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന സ്വെറ്റ്ലാനയ്ക്ക് 100 മില്യൺ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുടിൻ ലൂസിയയ്ക്ക് നൽകിയ സൗകര്യങ്ങളാണ് ഇതെന്നാണ് വിവരം. മുൻപും പുടിന്റെ രഹസ്യപുത്രിയെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ലൂസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സഹിതം നവൽനി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതോടെ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്..
ആഡംബര ജീവിതം
അത്യാഡംബര ജീവിതമാണ് ലൂസിയ നയിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തന്നെ ലൂസിയയുടെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങൾ കാണാം. ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മാത്രമാണ് ലൂസിയ ഉപയോഗിക്കുന്നത്. ആൺസുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലുണ്ട്. പോസ്റ്റുകളിൽ കണ്ട ഒരു വീഡിയോ ദൃശ്യം അനുസരിച്ച് ലൂസിയ ബ്രിട്ടനിൽ പഠിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.ലൂസിയയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 17,000ത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ 75,000മായി ഉയർന്നു. അതിന് പുറമെ, പുടിനെ അധിക്ഷേപിച്ചും പെൺകുട്ടിയുടെ പിതാവാരാണെന്ന് ചോദിച്ചുമുള്ള കമന്റുകളും ഫോട്ടോകൾക്ക് താഴെ നിറയുകയാണ്. അതേസമയം, വിഷയത്തിൽ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.