ന്യൂഡൽഹി: സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരി പറഞ്ഞു.
2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ 10,000 പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. 'ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം' അഥവാ കോബ്രയെ പ്രത്യേക പരിശീലനം നൽകി മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ വിന്യസിച്ചിരിക്കയാണ്. ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കോബ്രയുടെ സേവനമുണ്ട്. 1986ൽ സി.ആർ.പി.എഫിന് കീഴിലാണ് ആദ്യമായി 'മഹിളാ ബറ്റാലിയൻ' നിലവിൽ വന്നത്. മഹിളാ ബറ്റാലിയനിൽ ആറ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗമാണ് സി.ആർ.പി.എഫ്.