abhirami

തൃശൂർ: കൊവിഡ് ലോക്ഡൗണിന് ശേഷം തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെൺകുട്ടികൾ ജീവനൊടുക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൗമാരക്കാരായ പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണം നടത്തുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത കേസിൽ വരന്തരപ്പള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി (24) അറസ്റ്റിലായി. സമപ്രായക്കാരായ പെൺകുട്ടികളുടെ ആത്മഹത്യകളിലേക്ക് അഭിരാമി തള‌ളിവിട്ടതിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു.

പെൺകുട്ടികളെ വശീകരിച്ച് വലയിലാക്കി ലൈംഗിക ചൂഷണം നടത്തുകയും പീഡനം സഹിക്കവയ്യാതെ ഒരു പെൺകുട്ടി ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പ് പോക്‌സോ കേസിൽ അറസ്റ്റിലായ അഭിരാമി ചില്ലറക്കാരിയല്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ ചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്.

ഫോണിൽ നിന്ന് ലഭിച്ചത് സ്വകാര്യചിത്രങ്ങൾ


കഴിഞ്ഞയാഴ്‌ചയാണ് തൃശൂർ തിരുവമ്പാടിക്കു സമീപം വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പെൺകുട്ടിയുടെ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അന്വേഷണം അഭിരാമിയിലേക്ക് എത്തിയത്. പെൺകുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങൾ ഫോണിൽനിന്ന് ലഭിച്ചിരുന്നു. പെൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കിയതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമി പിടിയിലായത്. രണ്ടുവർഷം മുമ്പ് അന്തിക്കാട്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അഭിരാമിയാണെന്ന് പൊലീസിന് വിവരമുണ്ട്. അന്തിക്കാട് സംഭവത്തിലും അഭിരാമിക്ക് നേരേ അന്വേഷണമെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാൽ പൊലീസിന് ഒന്നുംചെയ്യാനായില്ല. പക്ഷേ, തിരുവമ്പാടിയിലെ ആത്മഹത്യാക്കേസിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കൃത്യമായ തെളിവുകൾ ശേഖരിച്ച് അഭിരാമിയെ പിടികൂടുകയായിരുന്നു.

മരണമടഞ്ഞ പെൺകുട്ടിയെ അഭിരാമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്. ഇതിനായി പരമാവധി ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചു.

ടാറ്റൂ ആർട്ടിസ്‌റ്റാണെന്ന് പറഞ്ഞ് അടുക്കും; അരുതാത്ത കാര്യങ്ങളിൽ കുടുക്കും

ടാറ്റൂ ആർട്ടിസ്‌റ്റാണെന്ന പേരിലാണ് അഭിരാമി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. കൂട്ടുകാരിയുടെ മുഖമാണ് നിനക്കെന്നും നിന്നെ കാണുമ്പോൾ കൂട്ടുകാരിയെ ഓർമ്മ വരുന്നതെന്നുമുള്ള സെന്റിമെന്റ്സിലൂടെയാണ് അഭിരാമി തനിക്ക് ഇഷ്ടം തോന്നുന്ന പെൺകുട്ടികളെ വളയ്ക്കും. അവരുമായി നിരന്തരം ഫോൺവിളിയും ചാറ്റിംഗും വീഡിയോ ചാറ്റിംഗും നടത്തി സൗഹൃദം ഊട്ടിയുറപ്പിച്ചശേഷം അവരുമായി കറങ്ങാൻ പോകും. വേർപിരിയാനാകാത്ത സൗഹൃദമുണ്ടാക്കിയെടുത്തശേഷം പെൺകുട്ടികൾക്ക് ബിയറും മറ്റും നൽകി തന്റെ വലയിലാക്കും. ഇത്തരം സൗഹൃദങ്ങളുടെ ഫോട്ടോകളും വീഡിയോകളും മൊബൈലിൽ സൂക്ഷിക്കുന്ന അഭിരാമി ബിയർ കുടിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ വീട്ടുകാരെ കാണിക്കുമെന്നും മറ്റും പറഞ്ഞ് വിരട്ടിയും അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ചും പെൺകുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കും. ഇതും മൊബൈലിൽ റെക്കോഡ് ചെയ്യും. ഒരു തവണ ഇരയാകുന്ന കുട്ടികൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങളുള്ളതിനാൽ അഭിരാമിയുടെ ഇഷ്ടങ്ങൾക്കെല്ലാം വഴങ്ങും.

മറ്റാരുമായും സൗഹൃദം പാടില്ല


തന്റെ വലയിലാകുന്ന പെൺകുട്ടികൾക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവർഗ അനുരാഗികളാക്കി മാറ്റാനാണ് ശ്രമിക്കുക. ഇത് ഇഷ്ടപ്പെടാത്തവരെയും എതിർക്കുന്നവരെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അഭിരാമി മടിക്കില്ല.തിരുവമ്പാടിയിൽ ആത്മഹത്യചെയ്ത പെൺകുട്ടിയ്ക്ക് ഒരുയുവാവുമായുള്ള പ്രണയം വെളിപ്പെട്ടതാണ് അഭിരാമിയുടെ ഭീഷണികൾക്കും ഗത്യന്തരമില്ലാതെ പെൺകുട്ടിയുടെ ആത്മഹത്യയ്ക്കും കാരണമായത്. പെൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ അഭിരാമിയുടെ സ്വഭാവംമാറി. എങ്ങനെയും ആ ബന്ധം നിറുത്തണമെന്നതായിരുന്നു ലക്ഷ്യം. പലതവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മാനസികമായി തളർത്തി. ഒടുവിൽ അഭിരാമിയുടെ ഭീഷണിക്കും മാനസികപീഡനത്തിനും വഴങ്ങി ആൺസുഹൃത്തുമായി പെൺകുട്ടി അകന്നു. അഭിരാമിയുടെ നിർബന്ധത്താൽ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് തീർത്തുപറഞ്ഞു. എന്നാൽ, ഇതിനുശേഷവും ശാരീരികവും മാനസികവുമായ പീഡനം തുടർന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയത്.

പൊലീസ് അന്വേഷിക്കുന്നത്


തിരുവമ്പാടിയിലേതിന് മുമ്പ് അന്തിക്കാട്ട് മറ്രൊരു പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലും അഭിരാമിയ്ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പെൺകുട്ടികൾ പ്രത്യേക കാരണമൊന്നും കൂടാതെ ജീവനൊടുക്കാനിടയായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് അന്വേഷണം. ആത്മഹത്യ ചെയ്ത പെൺകുട്ടികളുമായി അഭിരാമിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനായി അഭിരാമിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം മൊബൈൽഫോൺ കോളുകളുൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിച്ചും വിശദമായിചോദ്യം ചെയ്തും ദുരൂഹമരണങ്ങളിൽ ഉത്തരം കണ്ടെത്താനാണ് പൊലീസ് നീക്കം. അഭിരാമിയുടെ ഫോൺ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ശാസ്ത്രീയ പരിശോധനയ്ക്കുമായി ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്നും പൊലീസ് വെളിപ്പെടുത്തി.