rajeev-banerjee

കൊൽക്കത്ത: ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ബംഗാൾ വനംമന്ത്രി രാജീബ് ബാനർജി രാജിവച്ചു. അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബംഗാൾ സന്ദർശിക്കുമ്പോൾ രാജീബ് ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ്.

തനിക്കെതിരെ ചില തൃണമൂൽ നേതാക്കൾ ഗൂഢാലോചന നടത്തുന്നുവെന്ന് ദിവസങ്ങൾക്ക് മുമ്പ് രാജീബ് പരാതിപ്പെട്ടിരുന്നു.

ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ, ഓദ്യോഗികമായി അറിയിക്കാതെയാണ് മുഖ്യമന്ത്രി മമതാ ബാനർജി തന്നെ വനം വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയതെന്ന് രാജീബ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ചുമതലയിൽ നിന്ന് മാറ്റിയതല്ല, മറിച്ച് അക്കാര്യം പറയാതിരുന്നത് തന്നെ വളരെയധികം വിഷമിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ മമത വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ രാജീബ് പങ്കെടുത്തിരുന്നില്ല. കാബിനറ്റ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്ന കാര്യം മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ രാജീബ് ബാനർജി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുന്നത് വളരെ വളരെ അംഗീകാരമാണ്. ഈ അവസരം ലഭിച്ചതിന് ഞാൻ നന്ദി പറയുന്നുവെന്ന് രാജീബ് കൈമാറിയ രാജിക്കത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തൃണമൂലിൽനിന്ന് കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി നേതാക്കൾ ബി.ജെ.പിയിലെത്തിയിരുന്നു.