serum-

പൂനെ: സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനയിലെ ആസ്ഥാനത്ത് വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.ഇ. അദാർ പൂനവാല അറിയിച്ചു. ബി.സി.ജി റോട്ടോ വാക്സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തീപിടിത്തം ബാധിച്ചിട്ടില്ലെന്നും പൂനാവാല അറിയിച്ചു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടകാരണത്തെക്കുറിച്ച് വേഗത്തിൽ ഒരു നിഗമനത്തിലേക്ക് വരില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തി.

വ്യാഴാഴ്ച വൈകീട്ട് 2.45 നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നാല്,അഞ്ച് നിലകളില്‍ തീപിടിത്തമുണ്ടായത്. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്മെന്റിലും തീപ്പിടിത്തമുണ്ടായി. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.