വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ കവയത്രിയും പൗരാവകാശ പ്രവർത്തകയുമായ മായ ഏൻജലോയുടെ രൂപത്തിൽ നിർമ്മിച്ച ബാർബി ഡോൾ പുറത്തിറങ്ങി. കളിപ്പാട്ട നിർമാതാക്കളായ മാറ്റൽ കമ്പനിയാണ് പ്രസിഡന്റിന്റെ മെഡൽ ഉൾപ്പെടെ അമേരിക്കയിലെ പരമോന്നത പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മായയുടെ രൂപത്തിൽ ബാർബിയെ നിർമ്മിച്ചത്. റോസ പാർക്, ഫ്ലോറൻസ് നൈറ്റിംഗേൽ തുടങ്ങിയ പ്രമുഖ വനിതകൾക്ക് പിന്നാലെയാണ് മായയും ബാർബിയാകുന്നത്. 30 ഡോളറായിരിക്കും തുടക്കത്തിൽ ബാർബിയുടെ വില. ഒരാൾക്കു പരമാവധി രണ്ടെണ്ണം മാത്രമേ സ്വന്തമാക്കാനാകൂ. എന്നാൽ പുറത്തിറങ്ങി ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ ഇവ ഓൺലൈനായി വിറ്റുതീർന്നുകഴിഞ്ഞു. ഇനി അവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കേണ്ടതുണ്ട്.
മായ ബാർബിയ്ക്ക് അതിമനോഹരമായ തലപ്പാവും ആകർഷകമായ വേഷവുമാണ് നൽകിയിരിക്കുന്നത്.
പ്രതിസന്ധികളെ ധൈര്യപൂർവം അതിജീവിച്ച വ്യക്തി എന്ന നിലയിലാണ് മായയെ ബാർബിയാക്കാൻ തീരുമാനിച്ചതെന്ന് മാറ്റൽ കമ്പനി അറിയിച്ചു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വരുന്ന തലമുറകൾക്കും പ്രചോദനമേകുന്ന വ്യക്തിയാണവരെന്നും കമ്പനി വ്യക്തമാക്കി. തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതുകയും പറയുകയും ചെയ്ത വ്യക്തിയാണ് മായ.
ഏഴു പുസ്തകങ്ങളിലായി ഇറങ്ങിയ ആത്മകഥകളിൽ 1969 ൽ പുറത്തിറങ്ങിയ കൂട്ടിലടച്ച പക്ഷി പാടുന്നതെന്തെന്നെനിക്കറിയാം’ എന്ന പുസ്തകം ഇന്നും ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റുപോകുന്നത്.
1993 ൽ അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച ആദ്യത്തെ ആഫ്രോ - അമേരിക്കൻ വംശജയാണ് മായ.
ബാർബി ആകുന്നതോടെ ലോകമങ്ങും എഴുത്തുകാരിക്ക് ഇനിയും അരാധകർ കൂടുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. മായയുടെ മകൻ ഗെ ജോൺസണും തീരുമാനത്തിൽ സന്തോഷവാനാണ്.