മുംബയ്: ലോകത്തെ പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ വാക്സിൻ നിർമ്മാണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനവാല. ബി.സി.ജി, റോട്ടോ വാക്സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപവീതം ധനസഹായവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. സ്ഥലത്ത് ഫോറൻസിക് സംഘം ഇന്നലെ പരിശോധന നടത്തി.