ഹൈദരാബാദ്: ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്കായി വെൽനെസ് സെന്റർ ആരംഭിച്ച് തെലങ്കാനയിലെ മുസ്ലിം പള്ളി. ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള മുസ്ലിം പള്ളിയാണ് അടുത്തുള്ള ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്‌ഷ്യം വച്ചുകൊണ്ട് ജിം ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെൽനസ് സെന്റർ ആരംഭിക്കുന്നത്. ചേരികളിൽ താമസിക്കുന്ന സ്ത്രീകളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയ്ക്കാണ് ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ജിമ്മിലെത്തുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി ഒരു വനിതാ ട്രെയിനറെയും ഹെൽത്ത് കൗൺസിലർമാരെയും ഫിസീഷ്യനെയും പള്ളി അധികൃതർ നിയോഗിച്ചിട്ടുണ്ട്. വ്യായാമത്തിനായി ദിവസേന രണ്ട് സെഷനാകും ഉണ്ടാകുക. ഹൈദരാബാദിലെ ചേരി പ്രദേശങ്ങളിലെ സ്ത്രീകളിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് പള്ളി അധികൃതർ വനിതകൾക്കായി ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
നഗരത്തിലെ ചേരിപ്രദേശങ്ങളിൽ കഴിയുന്ന സ്ത്രീകളിൽ 52% പേരും കാർഡിയോ-മെറ്റബോളിക് സിൻഡ്രോം എന്ന രോഗാവസ്ഥയുടെ ഭീഷണി നേരിടുകയാണെന്നാണ് സർവേയിൽ കണ്ടെത്തിയിരുന്നത്. അരവണ്ണം കൂടുതലായതാണ് ഇവരെ രോഗഭീഷണിയിലാക്കിയിരിക്കുന്നത്. സ്ത്രീകളിൽ 30 ശതമാനം പേർക്ക് ഗർഭപാത്ര സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും(പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ്). 25 മുതൽ 55 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് സർവേ നടത്തിയത്.
ഇവരിൽ ഭൂരിഭാഗം പേരും(20 മുതൽ 49 വരെ പ്രായമുള്ളവർ) അമിതവണ്ണം(ബോഡി മാസ് ഇൻഡക്സ്-25) മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിരുന്നു. രാജേന്ദ്ര നഗറിലെ വാദി-ഇ-മഹ്മൂദ് എന്ന സ്ഥലത്തെ മസ്ജിദ്-ഇ-മുസ്തഫ എന്ന് പേരുള്ള പള്ളി, അമേരിക്കയിലെ 'സീഡ്' എന്ന സംഘടനയിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്താലാണ് പ്രവർത്തിക്കുന്നത്. നഗരത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പിങ്ങ് ഹാൻഡ് ഫൗണ്ടേഷൻ എന്ന സംഘടനയുമായി ചേർന്നാണ് പള്ളി അധികൃതർ സ്ത്രീകൾക്കായി ആരോഗ്യ പരിപാലന കേന്ദ്രം നടത്തുന്നത്.