mammootty-

പത്ത് മാസത്തെ ഇടനവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വീണ്ടും സെറ്റിലെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയായി താൻ അഭിനയിക്കുന്ന വൺ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. കറുത്ത റേഞ്ച് റോവറിൽ പോണിടെയിലൊക്കെ കെട്ടി അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്. ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കേണ്ട രംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്.

അതേസമയം മമ്മൂട്ടി ലൊക്കേഷനിലേക്കെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് അദ്ദേഹം 'വണ്ണി'ന്‍റെ അവശേഷിക്കുന്ന ചിത്രീകരണത്തിനും എത്തിയത്. സണ്‍ ഗ്ലാസും മാസ്‍കും ധരിച്ച് മുടി പോണിടെയ്‍ല്‍ കെട്ടിയിരിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.