biden

വാഷിംഗ്ടൺ: തന്റെ ഭരണസമിതിയിൽ നിന്നും ആർഎസ്എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതുവരെ തന്റെ ഭരണസമിതിയിൽ 13 സ്ത്രീകൾ ഉൾപ്പെടെ 20 ഇന്ത്യൻ-അമേരിക്കക്കാരെ ബൈഡൻ ഉൾപ്പെടുത്തിയിരുന്നു. ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ, സംഘപരിവാർ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഇതുപ്രകാരമാണ്, അമേരിക്കൻ പ്രസിഡന്റ് ഇവരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സൊണാൽ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡൻ ഭരണസമിതിയിൽ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യൻ മാദ്ധ്യമമായ 'ദ ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്ന. ആർഎസ്എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരുവരുമെന്നും പത്രം പറയുന്നു. ബൈഡന്റെ യൂണിറ്റി ടാസ്ക് ഫോഴ്സിൽ പ്രവർത്തിച്ചിട്ടുള്ള സൊണാൽ, 'ഓവർസീസ് ഫ്രണ്ട്സ് ഒഫ് ബിജെപി-യുഎസ്എ' എന്ന സംഘടനയുടെ അദ്ധ്യക്ഷ കൂടിയായിരുന്നു.

ആർഎസ്എസ് നടത്തുന്ന 'ഏകാൽ വിദ്യാലയ'യുടെ സ്ഥാപക കൂടിയായ അവർ അതിനായി ഫണ്ടുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ജാനിക്കാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി നേതാക്കളുമായും ബന്ധമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടത് പശ്ചാത്തലം വേണ്ടവിധം പരിശോധിക്കാതെയാണ്(ലാക്സ് വെറ്റിങ്ങ്) എന്ന കാരണം മൂലമാണ് ജാനി ഇപ്പോൾ പരിഗണിക്കപ്പെടാതിരുന്നതെന്നും വിവരമുണ്ട്. 'നെയിം ബൈഡൻ' ക്യാംപെയിനിന്റെ 'മുസ്ലിം ഔട്ട്റീച്ച്' കോർഡിനേറ്ററായിരുന്നു അമിത് ജാനി.