തിരുവനന്തപുരം: കിഫ്ബി വായ്പ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കൽ ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതി മറയ്ക്കാൻ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സർക്കാരിനെ തിരിച്ചറിയാൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. സ്വതന്ത്ര റിപ്പബ്ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയെയും കൂട്ടരും ഓർക്കുന്നത് നന്നായിരിക്കുമെന്ന് മുരളീധരൻ കുറിപ്പിൽ പറയുന്നു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് :
കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മുഖ്യമന്ത്രി മുൻകൈ എടുത്ത് നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണ്.ജനാധിപത്യത്തിന് അപമാനം ഉണ്ടാക്കിയ പ്രമേയം പാസാക്കൽ ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. ഭരണഘടന അനുസരിച്ചോ,സഭാ കീഴ് വഴക്ക പ്രകാരമോ ഇത്തരമൊരു കാര്യം ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ല. സഭയിൽ വെച്ച റിപ്പോർട്ടിന്മേൽ എതിരഭിപ്രായം ഉണ്ടെങ്കിൽ പി.എ.സി ക്ക് വിടുകയാണ് പതിവ്. എന്നാൽ അത് തങ്ങൾക്ക് ബാധകമല്ലെന്ന തികഞ്ഞ ധാർഷ്ട്യമാണ് സിഎജിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രമേയം പാസാക്കാൻ സഭയെ ഉപയോഗിക്കുക വഴി ഇടത് സർക്കാർ കാണിച്ചിരിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ കേരളത്തിന് ബാധകമല്ലെന്നാണ് സർക്കാർ ധരിച്ച് വെച്ചിരിക്കുന്നത്. കിഫ്ബി വായ്പയെടുപ്പിൽ നടപടിക്രമങ്ങൾ പാലിക്കാത്തത് സിഎജി ചൂണ്ടികാണിച്ചതിലുള്ള പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിഎജി റിപ്പോർട്ടുകൾ വന്നപ്പോൾ സർക്കാർ സ്വീകരിച്ച സമീപനം സംസ്ഥാന സർക്കാരിനെ ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.അഴിമതിയും കൊള്ളരുതായ്മയും ചെയ്താൽ അത് പറയാൻ പാടില്ലെന്ന ഇടത് സർക്കാരിന്റെ വിചിത്ര നിലപാട് തീർത്തും പരിഹാസ്യമാണ്.പ്രമേയത്തെ പിൻതുണക്കുക വഴി അഴിമതിക്ക് കുടപിടിക്കുന്നവരായി സഭയിലെ ഇടത് അംഗങ്ങൾ മാറി. പ്രമേയം പാസാക്കും മുൻപേ അതിന് അധികാരം ഉണ്ടോ എന്നറിയാൻ നിയമോപദേശം തേടുകയെന്ന മര്യാദ സർക്കാരിന് കാണിക്കാമായിരുന്നു. അഴിമതി മറക്കാൻ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സർക്കാരിനെ തിരിച്ചറിയാൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്ളിക്ക് അല്ല കേരളമെന്ന് മുഖ്യമന്ത്രിയെയും കൂട്ടരും ഓർക്കുന്നത് നന്നായിരിക്കും.